പി.വി.എംഎല്‍എയുടെ നിയമലംഘനം;അനധികൃത തടയണ പൊളിക്കാന്‍ ഉത്തരവ്

മലപ്പുറം: പി.വി.അൻവർ എംഎൽഎയുടെ അനധികൃത തടയണ നിർമാണത്തിനെതിരെ നടപടി. നിയമം ലംഘിച്ച് ചീങ്കണ്ണിപ്പാലയിൽ നിർമിച്ച തടയണ പൊളിക്കണമെന്ന് നിർദേശം. ദുരന്തനിവാരണ സമിതിയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ് ഉത്തരവ്. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ പൊളിക്കാനുള്ള ചുമതല.കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.വെറ്റിലപ്പാറ വില്ലേജ് ഓഫീസിലേക്ക് ഇതു സംബന്ധിച്ച ഉത്തരവ് അയച്ചു. ചീങ്കണ്ണിപ്പാലിയിലാണ് നിയമം ലംഘിച്ച് എംഎല്‍എ തടയണ നിര്‍മ്മിച്ചത്. എംഎല്‍എയുടെ ഭാര്യാപിതാവിന്റെ സ്ഥലത്താണ് തടയണ നിര്‍മ്മിച്ചത്.

അതേസമയം നടപടിയുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പെരിന്തല്‍മണ്ണ ആര്‍ഡിഒ തന്റെ വാദം കേട്ടില്ലെന്നും അദ്ദേഹം പരാതി ഉന്നയിച്ചു. ഹിയറിങിന് വിളിക്കാതെ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഹൈക്കോടതിയെ ഭാര്യാപിതാവ് സമീപിക്കും. തടയണ നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വനത്തെയും വന്യജീവികളെയും നിര്‍മ്മാണം ബാധിക്കും. ഡാം സുരക്ഷ, മൈനിങ്, ജല സംരക്ഷണ നിയമം ഇതൊന്നും പാലിച്ചില്ല. പ്രകൃതി ദത്ത നീര്‍ച്ചോലകളുടെ ഗതിമാറ്റിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

എംഎല്‍എ അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ ആര്‍ഡിഒ ശുപാര്‍ശ ചെയ്തിരുന്നു. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മ്മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് എംഎല്‍എ ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചതെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആര്‍ഡിഒക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.

കോണ്‍ക്രീറ്റും കല്ലും ഉപയോഗിച്ചായിരുന്നു തടയണ നിര്‍മ്മാണം. എന്നാല്‍ എംഎല്‍എയ്ക്ക് 2015 ജൂണ്‍-ജൂലൈ മാസങ്ങളിലായി തടയണ നിര്‍മിക്കാന്‍ യാതൊരു അനുമതിയും പഞ്ചായത്ത് നല്‍കിയിട്ടില്ല. അനധികൃതമായാണു തടയണ നിര്‍മിച്ചതെന്ന് അന്നു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തടയണ പൊളിച്ചുമാറ്റാന്‍ അന്നത്തെ കലക്ടര്‍ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ അത് നടപ്പായില്ലെന്നു മാത്രമല്ല വൈകിപ്പിക്കാനും ശ്രമങ്ങളുണ്ടായിരുന്നു.

Top