ആലപ്പുഴ :ചെങ്ങന്നൂരിൽ ബിജെപിക്ക് കനത്ത പരാജയം എന്ന് സൂചന നൽകിക്കൊണ്ട് ഉപതെരഞ്ഞെടുപ്പിനിടെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെതിരെ സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള കേന്ദ്രനേതൃത്വത്തിനും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പരാതി നല്‍കി. ഈ പരാതി കോര്‍കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തു. നേതൃത്വം പറഞ്ഞത് കൊണ്ടാണ് ചെങ്ങന്നൂരില്‍ വീണ്ടും മല്‍സരിക്കാനിറങ്ങിയതെന്നും എതിര്‍പ്പുള്ളവര്‍ ആദ്യമേ പറയണമായിരുന്നെന്നും ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി. കെ.എം മാണിക്കെതിരെ മുരളീധരന്‍ നടത്തിയ പ്രസ്താവന തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ശ്രീധരന്‍പിള്ള ആഞ്ഞടിച്ചു. കഴിഞ്ഞതവണ മല്‍സരിച്ചപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം സഹകരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ മല്‍സരിക്കാനില്ലെന്ന് ശ്രീധരന്‍പിള്ള ആദ്യം വ്യക്തമാക്കിയിരുന്നു.
ഭരണ വിരുദ്ധ വികാരവും സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയവും ഇക്കുറി തങ്ങള്‍ക്കനുകൂലമാകുമെന്ന് ശ്രീധരന്‍പിള്ളയും ബി.ജെ.പിയിലെ ഒരു വിഭാഗവും കണക്കുകൂട്ടി. യു.ഡി.എഫിനു വെളിയില്‍ നില്ക്കുന്ന കേരളാ കോണ്‍ഗ്രസിന് മണ്ഡലത്തില്‍ നിര്‍ണ്ണായകമാകുന്ന എണ്ണായിരത്തോളം വോട്ടുകളുണ്ട്. എല്‍.ഡി.എഫിലേയ്ക്ക് ചേക്കേറാനൊരുങ്ങിയ മാണിയെ സി.പി.ഐ വളഞ്ഞിട്ടാക്രമിച്ചപ്പോള്‍ സി.പി.എം രക്ഷാകവചമൊരുക്കിയില്ലെന്ന പരാതി കേരളാകോണ്‍ഗ്രസില്‍ ശക്തമാണ്. യു.ഡി.എഫിനോട് ഒട്ടും അനുകൂലമല്ലാത്ത നിലപാടാണ് കേരളാകോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ബാര്‍ വിഷയത്തിലും മറ്റും എല്‍.ഡി.എഫിനോടിടഞ്ഞ് നില്‍ക്കുന്ന ക്രിസ്ത്യന്‍ വോട്ടുകള്‍ മാണി വഴി ബി.ജെ.പി പെട്ടിയിലാക്കാമെന്ന ശ്രീധരന്‍പിള്ളയുടെ കണക്കുകൂട്ടലാണ് ഒറ്റയടിക്ക് വി. മുരളീധരന്‍ പൊളിച്ചത്.
ചെങ്ങന്നൂരില്‍ പി.എസ്. ശ്രീധരന്‍പിള്ള വിജയിച്ചാല്‍ കേരളത്തില്‍ തന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് മുരളീധരനറിയാം. പി.എസ്. ശ്രീധരന്‍പിള്ളയുടെ വിജയത്തോടെ ഔദ്യോഗിക പക്ഷം കൂടുതല്‍ കരുത്തരാവുകയും വി. മുരളീധരനെ കേന്ദ്രനേതൃത്വത്തിലേക്ക് ഒതുക്കുകയും ചെയ്യും. അതേസമയം കെ.എം. മാണിക്കെതിരെ നിലപാടെടുത്താല്‍ അഴിമതി വിരുദ്ധനെന്ന് ഇമേജ് നിലനിര്‍ത്തുകയും പാര്‍ട്ടിയില്‍ കരുത്തനാവുകയും ചെയ്യാമെന്ന തന്ത്രമാണ് മുരളീധരന്‍ പയറ്റുന്നത്. വി. മുരളീധരന്റെ മുഖ്യ ഉപദേശകനായി കൂടെയുള്ള നോബിള്‍മാത്യു കെ.എം. മാണിയുടെ ബദ്ധശത്രുവുമാണ്. ഏതെങ്കിലും തരത്തിലുള്ള കേരള കോണ്‍ഗ്രസ് ബന്ധം മുരളീധരനെ വീണ്ടും പാര്‍ട്ടിയില്‍ ദുര്‍ബലനാക്കും.
സി.പി.എമ്മിനെയും, കോണ്‍ഗ്രസിനെയും മുടിച്ച വിഭാഗീയത എന്ന ഭൂതം കേരള ബി.ജെ.പിയെ തകര്‍ത്തുലയ്ക്കുന്നു. ചെങ്ങന്നൂര്‍ ഇലക്ഷന്‍ ചൂടിലേക്ക് ആദ്യമിറങ്ങിയ ബി.ജെ.പി നേതൃത്വത്തിനു മേല്‍ ഇടിമിന്നലായി പതിക്കുകയാണ് വിഭാഗീയ അസ്ത്രങ്ങള്‍. വി. മുരളീധരന്‍ രാജ്യസഭാംഗമാകുന്നത് തടയാനായി തുഷാര്‍ വെള്ളാപ്പള്ളിയെ ഉയര്‍ത്തിക്കൊണ്ടുവന്നത് പി.കെ. കൃഷ്ണദാസും, എം.ടി. രമേശും മറ്റും ചേര്‍ന്ന അച്ചുതണ്ടാണെന്ന് ആക്ഷേപമുണ്ട്. കുമ്മനം രാജശേഖരന്റെ മൗനപിന്തുണയും ഇതിനെല്ലാമുണ്ടെന്നും അറിയുന്നു. കുറച്ചുകാലം മുന്‍പ് തിരുവനന്തപുരത്തു നിന്നുള്ള ഒരു ചാനലാണ് ആദ്യമായി തുഷാര്‍ എം.പിയാകുന്ന വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. സംഘപരിവാര്‍ അനുകൂലികളായ ചില മാധ്യമ പ്രവര്‍ത്തകര്‍ ഇതിനു പിന്നിലുണ്ടെന്ന് മുരളീധരന്‍ കരുതുന്നു.
ഇതിനിടയില്‍ വി. മുരളീധരന് കോടിക്കണക്കിന് രൂപയുടെ ബിനാമി സ്വത്തുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിനു പിന്നിലും പാര്‍ട്ടിയില്‍ തന്നെയുള്ളരാണെന്നാണ് മുരളീധരന്‍ കരുതുന്നു. കുമ്മനം പ്രസിഡന്റായ ശേഷം പാര്‍ട്ടിയില്‍ അഴിമതി രൂക്ഷമായെന്നും പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കുന്നതില്‍ അധ്യക്ഷനാണ് ഉത്തരവാദിത്വമെന്നും മുരളീധരനും കൂട്ടരും ആരോപിച്ചു. മെഡിക്കല്‍ കോഴ വാര്‍ത്ത ചോര്‍ത്തിയെന്ന് ആരോപിച്ച് വി.വി. രാജേഷിനെതിരെ നടപടി എടുത്തത് മുരളീധരനെ ചൊടിപ്പിച്ചു. പുറത്താക്കുന്നതില്‍ ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗം ഒറ്റക്കെട്ടായിരുന്നു. അഴിമതി ആരോപണം പാര്‍ട്ടിയെ ബാധിച്ചുവെന്ന മുരളീധരന്റെ പരസ്യപ്രതികരണത്തിന് അന്ന് വേണ്ടത്ര പിന്തുണ കിട്ടാതെ പോവുകയും ചെയ്തു.
പി.കെ. കൃഷ്ണദാസ് ബി.ജെ.പി പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് വി.മുരളീധരന്‍ വൈസ് പ്രസിഡന്റായി കേരള രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്തത്. തുടര്‍ന്ന് ബി.ജെ.പി സംഘടനാ ചേരിപോരില്‍ സമര്‍ത്ഥമായി കളിച്ചു. കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുരളീധരന്‍ ഒടുവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തി. മുന്‍പ് എ.ബി.വി.പിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് മുരളീധരന്‍ കേന്ദ്ര നേതൃത്വമായി അടുക്കുന്നത്. 1999 ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്രുയുവകേന്ദ്രയുടെ വൈസ്പ്രസിഡന്റായി. 2002 ല്‍ ഡയറക്ടറുമായി. ഇക്കാലഘട്ടത്തില്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന പലരും ഇന്ന് കേന്ദ്രമന്ത്രിസഭയില്‍ ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ ബി.ജെ.പി ഉന്നത നേതൃത്വത്തിലും ഉറ്റ സുഹൃത്തുക്കളുണ്ട്. ഈ ബന്ധമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് മുരളീധരനെ പ്രിയങ്കരനാക്കിയത്. കൃഷ്ണദാസും എം.ടി രമേശും അടങ്ങുന്ന ഔദ്യോഗിക ഗ്രൂപ്പും വി.മുരളീധരനും കെ.സുരേന്ദ്രനും അടങ്ങുന്ന എതിര്‍വിഭാഗവും തമ്മിലുള്ള ഗ്രൂപ്പിസം അവസാനിപ്പിക്കാനാണ് കേന്ദ്രനേതൃത്വം കുമ്മനത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കിയത്. എന്നാല്‍ അതോടെ ആര്‍.എസ്.എസ് പാര്‍ട്ടിയില്‍ പിടിമുറുക്കി. ഫലത്തില്‍ കൃഷ്ണദാസും കൂട്ടരുമുള്ള ചേരി ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പിടിയിലായി. വിഭാഗീയത ഇത്തരത്തില്‍ തുടര്‍ന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്നോക്കം പോകും.