ശബരിമല കത്തിച്ച് നിര്‍ത്തി നേട്ടം കൊയ്യാന്‍ ബിജെപി; പാര്‍ട്ടി അംഗത്വ വിതരണവും ഊര്‍ജിതമാക്കി

കൊച്ചി: ശബരിമല വിഷയത്തെത്തുടര്‍ന്ന് പാര്‍ട്ടിക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണ മുതലെടുക്കാന്‍ ബിജെപി നീക്കങ്ങള്‍. ശബരിമല വിഷയം കത്തിച്ചു നിര്‍ത്താന്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതിന് പിന്നാലെ പാര്‍ട്ടി വളര്‍ച്ചയ്ക്കായി ശബരിമലയെ കരുവാക്കാനാണ് ശ്രമങ്ങള്‍. ഇതിന്റെ ഭാഗമായി ഇപ്പോള്‍ പാര്‍ട്ടി അംഗത്വ വിതരണവും ഊര്‍ജിതമാക്കാനാണ് തീരുമാനം.
പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്ന്് പറയുകയും എന്നാല്‍ ഈ വിഷയത്തില്‍ ദേശീയ നേതൃത്വം മൗനം പാലിക്കുകയും ചെയ്ത് കേരളത്തില്‍ ഹിന്ദു സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് ബിജെപി നോക്കുന്നത്. വിശ്വാസികള്‍ക്കൊപ്പം വിശ്വാസ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയെന്ന തരത്തിലാണ് പ്രചാരണവും.
ശബരിമലയെ കത്തിച്ച് നിര്‍ത്തി നേട്ടം കൊയ്യാന്‍ ബിജെപിയുടെ പദ്ധതിയിങ്ങനെ: എല്ലാ ഹൈന്ദവ ഭവനങ്ങളിലുമെത്തി ശബരിമല വിഷയം ബി.ജെ.പി. ചര്‍ച്ചചെയ്യും. രാഷ്ട്രീയ ചായ്വ് പ്രത്യക്ഷത്തില്‍ കാണിക്കാത്തവരുടെ വീടുകളിലും ശബരിമല വിഷയത്തിലുടെ കടന്നുചെല്ലാന്‍ പാര്‍ട്ടിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമര മുഖത്തുനിന്ന് ചില പ്രബല സമുദായ സംഘടനകളുമായി ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ള മാനസികാടുപ്പം മധ്യകേരളത്തില്‍ പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്നും നേതൃത്വം കരുതുന്നു.

Top