ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. കോണ്‍ഗ്രസ് മാത്രമല്ല ബിജെപിക്കും തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ശക്തമായ തിരിച്ചടിയാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ നല്‍കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവുമധികം വോട്ട് നേടി വലിയ ഒറ്റകക്ഷിയായ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പക്ഷേ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നു. തിരുവന്‍വണ്ടൂരില്‍ 10 ബൂത്തുകളില്‍ ഒന്‍പത് എണ്ണത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി.
ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫിനു വ്യക്തമായ മുന്നേറ്റം. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫിനു മികച്ച ഭൂരിപക്ഷം. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് സജി ചെറിയാൻ നടന്നടുക്കുന്നത്.
തന്റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ഇത്രയും ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. എസ്എൻഡിപിയുടെയും എൻഎസ്എസിന്റെയും ക്രിസ്ത്യൻ സഭകളുടെയും വോട്ടുകൾ തനിക്കു ലഭിച്ചു. പിണറായി വിജൻ സർക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങൾ എല്ലാവരും ചേർന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.
അതേസമയം, ബിജെപിയും സിപിഎമ്മും കോൺഗ്രസിനെ തോൽപ്പിക്കാൻ ഒരുമിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാർ ആരോപിച്ചു. കോൺഗ്രസിനു വീഴ്ച പറ്റി. താഴേത്തട്ടിൽ പ്രതിരോധിക്കാൻ ആളുണ്ടായില്ല. വീഴ്ചയുടെ കാരണം പാർട്ടി നേതൃത്വം ആലോചിക്കണമെന്നും തോൽവി സമ്മതിച്ച് വിജയകുമാർ പറഞ്ഞു. കോൺഗ്രസ് വോട്ടു മറിച്ചെന്ന് ബിജെപി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയും ആരോപിച്ചു. മാന്നാർ അതിന്റെ സൂചനയാണ്. വോട്ട് പർച്ചേസ് ചെയ്തു. ധനധാരാളിത്തം എൽഡിഎഫിന്റെ മുഖമുദ്രയെന്നും പിള്ള കൂട്ടിച്ചേർത്തു.