ചെന്നൈ : തമിഴ്‌നാട്ടില്‍ നിന്നുള്ള കാഴ്ചയാണിത്. ബസ് ഡ്രൈവര്‍ ഹെല്‍മറ്റിട്ട് വാഹനം ഓടിക്കുകയാണ്. സ്വാഭാവികമായും ഇതുകണ്ടാല്‍ ചിരിയും കൗതുകവുമൊക്കെ തോന്നും. പക്ഷേ ജീവന്‍ രക്ഷിക്കാനാണ് ഇയാള്‍ ഹെല്‍മറ്റും ധരിച്ച് ബസുമായി നിരത്തിലിറങ്ങിയിരിക്കുന്നത്. എന്നാല്‍ വാഹനാപകടത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെടാനാണെന്ന് കരുതരുത്. മറ്റൊരു കാരണമാണ് ഈ ചിത്രത്തിന് പിന്നിലുള്ളത്. ആ സംഭവം ഇതാണ്. കഴിഞ്ഞ 5 ദിവസമായി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ സമരത്തിലാണ്. വേതനവര്‍ധന ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.തമിഴ്‌നാട്ടില്‍ ബഹുഭൂരിപക്ഷം പേരും ഗതാഗതത്തിന് സര്‍ക്കാര്‍ ബസുകളെയാണ് ആശ്രയിക്കുന്നത്. ഫലത്തില്‍ സമരം കടുത്തതോടെ ജനജീവിതം താറുമാറായി. ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ദുരിതമനുഭവിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും ഹാജര്‍ നിലയില്‍ വന്‍ ഇടിവുണ്ടായി . ഇതോടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് ബസുകള്‍ ഓടിക്കാന്‍ തുടങ്ങി. എന്നാല്‍ സമരക്കാര്‍ക്ക് ഇത് സഹിക്കില്ല. കാരണം മുന്‍കാലങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തരം നിലപാട് സ്വീകരിച്ചപ്പോഴും സമരം അക്രമാസക്തമാവുകയും പ്രതിഷേധക്കാര്‍ ബസുകള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാധ്യത കണക്കിലെടുത്താണ് താല്‍ക്കാലിക ജീവനക്കാരന്‍ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ ഹെല്‍മറ്റ് ധരിച്ച് ബസുമായി നിരത്തിലിറങ്ങിയിരിക്കുന്നത്.
ഇതുകണ്ട് ചിരിക്കാന്‍ നില്‍ക്കണ്ട; ജീവന്‍ രക്ഷിക്കാനാണ് ഈ ഡ്രൈവര്‍ ഹെല്‍മറ്റിട്ട് ബസ് ഓടിക്കുന്നത്
Tags: bus driver