സോളാര്‍ അഴിമതിയില്‍ വെന്തുരുകുന്ന കേരള മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാഷ്ടീയ നിരീക്ഷകന്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സബുക്ക് പോസ്റ്റ്. തന്നെപ്പോലെയുള്ളവരുടെ കണ്ണീരിനും സംഹാരത്തിന്റെ ശക്തിയുണ്ടെന്നു കാലം സ്വയം തെളിയിക്കുന്നതാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ നിയമനടപടികളെന്ന് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ തുറന്നടിച്ചു.
ലീഡര്‍ കെ കരുണാകരന്റെ ശാപാഗ്നിയില്‍ ഉമ്മന്‍ ചാണ്ടി വെന്തുരുകിത്തുടങ്ങിയതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്, ചതിയന്മാര്‍ക്ക് കാലം മാപ്പു നല്‍കില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മന;സാക്ഷി ബ്രൂട്ടസിന്റെ മന;സാക്ഷിയാണ് – ധാര്‍മ്മികത യൂദാസിന്റെ ധാര്‍മ്മികതയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
കരുണാകരനെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തന്നെയാണ് കാലം തിരിച്ചടി നല്‍കുന്നതെന്ന് പ്രമുഖ ഐ ഗ്രൂപ്പ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷനുമായ ആര്‍ ചന്ദ്രശേഖരനും
ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
ലീഡർ കെ കരുണാകരന്റെ ശാപാഗ്നിയിൽ ഉമ്മൻ ചാണ്ടി വെന്തെരിഞ്ഞു തുടങ്ങി. എന്നെപോലുള്ളവരുടെ കണ്ണീരിനും സംഹാര ശക്തിയുണ്ടെന്ന് തെളിയുന്നു. ചരിത്രം ചതിയന്മാർക്ക് മാപ്പ് നല്കില്ല.
ഇന്നലെ ഐ ഗ്രൂപ്പ് നേതാവായ അജയ് തറയിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാകുന്നതിന്റെ സൂചനയായാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.