ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള തീരുമാനം ഹാരിസണിനെ സംരക്ഷിക്കുന്നത് – വെല്‍ഫെയര്‍ പാര്‍ട്ടി

ശ്രീജ നെയ്യാറ്റിന്‍കര

തിരുവനന്തപുരം : ഹാരിസണ്‍ കയ്യേറി ബിലിവിയേഴ്സ് ചര്‍ച്ചിന് മുറിച്ച് വിറ്റ 2263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ശബരി വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കാനുള്ള പിണറായി സര്‍ക്കാരിന്‍റെ തീരുമാനം ഭൂമി കയ്യേറ്റക്കാരായ ഹാരിസണിനെ സംരക്ഷിക്കാനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നിലനില്‍ക്കുന്ന ഭൂമി ഏറ്റെടുക്കണമെങ്കില്‍ ഭൂമി വില സര്‍ക്കാര്‍ കെട്ടിവെയ്ക്കേണ്ടിവരും. കേസ് പരാജയപ്പെട്ടാല്‍ ഈ തുക നിലവിലെ കൈയേറ്റക്കാര്‍ക്ക് ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതു സര്‍ക്കാര്‍ വന്ന ശേഷം ഭൂമി സംബന്ധമായ എല്ലാ കേസുകളിലും സര്‍ക്കാര്‍ കോടതിയില്‍ തോറ്റു കൊടുക്കുകയാണ് ചെയ്തത് എന്നിരിക്കെ ഇത്തരത്തില്‍ ഭൂമി ഏറ്റെടുക്കുന്നത് ഭൂമാഫിയയെ സംരക്ഷിക്കാനാണ്. സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തിലൂടെ സ്വന്തമാക്കിയശേഷം അത് സര്‍ക്കാരിനുതന്നെ വില്‍പന നടത്തി ഇരട്ട നേട്ടം കൊയ്യുകയാണ് ഭൂമാഫിയകള്‍ . അതിന് സഹായം ചെയ്യുന്ന തീരുമാനമാണ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ എടുക്കുന്നത്. ഇതിലൂടെ ഭൂ രഹിതര്‍ക്ക് അവകാശപ്പെട്ട രണ്ടായിരത്തിലധികം ഏക്കര്‍ ഭൂമി കയ്യേറിയ ഹാരിസണിനും ബിലീവേഴ്സ് ചര്‍ച്ചിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണ്. ഇത് ലക്ഷ്യം വെച്ചാണ് ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി വിട്ടുകൊടുക്കാന്‍ തയ്യാറാണ് എന്ന നിലപാട് അവര്‍ സ്വീകരിച്ചത്.

ഇത് ഒത്തുകളിയാണ് . ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥത സ്ഥപിക്കാന്‍ സിവില്‍കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ട് ഒരു വര്‍ഷമായിട്ടും ഇടതു സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിന് നിയമ നിര്‍മ്മാണം നടത്താനുള്ള ശിപാര്‍ശകള്‍ തള്ളിക്കളഞ്ഞും ഭൂസമരങ്ങളെ അടിച്ചമര്‍ത്തിയും അഞ്ച് ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന വന്‍കിടക്കാര്‍ക്ക് പാദസേവ ചെയ്യുകയാണ് പിണറായി സര്‍ക്കാര്‍. കേരളത്തിലെ ഭൂരഹിതര്‍ക്ക് ഒരിഞ്ച് ഭൂമി പോലും വിതരണം ചെയ്യാത്ത സര്‍ക്കാരാണ് ഭൂമാഫിയകള്‍ക്ക് കുടപിടിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് വില കൊടുത്ത് വാങ്ങുവാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുകയും കേസില്‍ പഴുതില്ലാതെ ഇടപെടുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഭൂരഹിതരെ കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ പാര്‍ട്ടി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു

 

Top