ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ വിവരങ്ങള്‍ അടങ്ങിയ ലാന്‍ഡ് രജിസ്റ്റര്‍ കാണാതായി!ദേവസ്വം ബോര്‍ഡിന്റെ മൗനം ദൂരൂഹം.സർക്കാർ ഭൂമി.ആ ഭൂമി ഏറ്റെടുക്കാൻ നഷ്ടപരിഹാരം എന്തിന്?

തിരുവല്ല: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് പുലര്‍ത്തുന്ന മൗനത്തില്‍ ദുരൂഹത. അന്യാധീനപ്പെട്ട ദേവസ്വം ഭൂമികളില്‍ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയും ഉള്‍പ്പെടുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ ഭരണാധികാരികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സിവില്‍ കോടതിയില്‍ നടക്കുന്ന കേസില്‍ ബോര്‍ഡ് ഇതുവരെ കക്ഷി ചേര്‍ന്നിട്ടില്ല. അതേസമയം, ബോര്‍ഡിന് ഇനിയും എപ്പോള്‍ വേണമെങ്കിലും കക്ഷി ചേരാം. പക്ഷെ ഇതില്‍ ഇപ്പോഴത്തെ ഭരണാധികാരികള്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.

ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വം ബോര്‍ഡിന് ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പലതും നഷ്ടപ്പെട്ടതായാണ് വിവരം. ചെറുവള്ളി എസ്റ്റേറ്റ് ബിലിവിഴേ്സ് ചര്‍ച്ചിന് ഹാരിസണ്‍ കൈമാറിയ വര്‍ഷം തന്നെയാണ് എരുമേലി പശ്ചിമ ദേവസ്വത്തിന്റെ ചെറുവള്ളിയിലെ ഭൂമിയുടെ വിവരങ്ങള്‍ അടങ്ങിയ ലാന്‍ഡ് രജിസ്റ്ററും കാണാതായത്. അത് ഇതുവരെ കണ്ടെത്താത്തത് നിരവധി സംശയങ്ങളുയര്‍ത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസ്റ്റേറ്റിന്റെ ഉടമാസ്ഥാവകാശം സംബന്ധിച്ച കേസില്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ചടത്തോളം ഈ രേഖ നിര്‍ണായകം. 2005 വരെ എരുമേലി ദേവസ്വത്തില്‍ ലാന്‍ഡ് രജിസ്റ്റര്‍ ഉണ്ടായിരുന്നതായാണ് അന്നത്തെ ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും പറയുന്നത്. ബോര്‍ഡിന്റെ അന്നത്തെ ലോ ഓഫീസറുടെ നിര്‍ദേശ പ്രകാരം ലോക്കല്‍ ഫണ്ട് ഓഡിറ്റിങ്ങിനായാണ് ലാന്‍ഡ് രജിസ്റ്റര്‍ കൈപ്പറ്റിയത്. അന്നത്തെ ലോ ഓഫീസര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേശകരില്‍ പ്രധാനിയാണ്.

രജിസ്റ്റര്‍ കൈപ്പറ്റിയതായി സൂചിപ്പിക്കുന്ന രേഖ ഇപ്പോഴും ദേവസ്വത്തിലുണ്ടെന്ന് അന്നത്തെ ഉദ്യോഗസ്ഥര്‍ പറയുന്നു. പശ്ചിമ ദേവസ്വത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന മുണ്ടക്കയത്ത് നിന്ന് ഈ രജിസ്റ്റര്‍ വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് ദേവസ്വം അധികാരികള്‍ ഈ രേഖ എരുമേലിയിലെത്തി കൈപ്പറ്റി. എന്നാല്‍, ലാന്‍ഡ് രജിസ്റ്റര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഉണ്ടോ ഇല്ലയോ എന്നതില്‍ ഇപ്പോഴും സംശയമുണ്ട്. ചെറുവള്ളി എസ്റ്റേറ്റില്‍ 100 ഏക്കര്‍ ഭൂമിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇത്തിരിച്ച് പിടിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. എന്നാല്‍, തുടര്‍ന്ന് വന്ന ബോര്‍ഡ് ഭരണാധികാരികള്‍ അന്യാധീനപ്പെട്ട ഭൂമിക്കായി ചെറുവിരല്‍ അനക്കിയിട്ടില്ല.

ശ ബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ നേരത്തെ ഉണ്ടായിരുന്നു . വിമാനത്താവളത്തിനായി ബിലീവേഴ്സ് ചർച്ചിനു കീഴിനുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ജൂൺ 18നാണ് ചെറുവള്ളി എസ്റ്റേറ്റിൽനിന്ന് 2263.18 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കു കോട്ടയം കലക്ടർക്ക് അനുവാദം നൽകി റവന്യു സെക്രട്ടറി ഉത്തരവിറക്കിയത്.

ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശമുള്ള അയന ചാരിറ്റബിൾ ട്രസ്റ്റാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. എസ്റ്റേറ്റ് ഭൂമി സർക്കാരിന്റേതാണെന്ന് സർക്കാർ അഭിഭാഷകൻ‌ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ എന്തിനാണ് നഷ്ടപരിഹാരം നൽകുന്നതെന്ന് കോടതി ചോദിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ചു വർഷങ്ങളായി തർക്കമുള്ളതിനാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 77 വകുപ്പ് പ്രകാരം കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ നീക്കം. ഹർജി 21ന് വീണ്ടും പരിഗണിക്കും.


ശബരിമല എയര്‍പ്പോര്‍ട്ടിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിന് മുമ്പ് തന്നെ, കണ്‍സല്‍ട്ടണ്‍സിക്കായി ലൂയി ബര്‍ഗര്‍ എന്ന കമ്പനിയെ ഏല്‍പിച്ചത്, അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തോട്, ചെറുവള്ളി എസ്‌റേററ്റ് ഭുമി സര്‍ക്കാറിന്റേതാണെന്ന് ഉറപ്പുള്ളത് കൊണ്ടാണ് കണ്‍സല്‍ട്ടന്‍സി നല്‍കിയതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അതായത്, എയര്‍പ്പോര്‍ട്ടിന്റെ പേരില്‍ ജനം ആരോപിക്കുന്ന രീതിയില്‍ ഒരഴിമതിയും നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. മുപ്പതിനായിരത്തോളം ഏക്കര്‍ വരുന്ന ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈയ്യിലുള്ള ഭൂമി സര്‍ക്കാറിന്റേതാണെന്ന രേഖയുണ്ടെങ്കില്‍, അത് സര്‍ക്കാറിന് കണ്ട് കെട്ടാമെന്ന് 2013 ല്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് , ഉത്തരവ് പുറെപ്പെടുവിച്ചപ്പോള്‍ എറണാകുളം ജില്ല കലക്ടറും സര്‍ക്കാര്‍ സ്പഷ്യര്‍ ഓഫിസറുമായ രാജമാണിക്യം ഉത്തരവുമായി മുന്നോട്ടു പോയിരുന്നു.

ഹാരിസണ്‍ അതിനെതിരെ സ്റ്റേ വാങ്ങിയപ്പോഴും, കോടതി, ഭൂമി സര്‍ക്കാറിന്റേതല്ലന്ന് പറഞ്ഞില്ല, തെളിയിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയാണ് ചെയ്തത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, ഹാരിസണിനെതിരേ നടന്നു കൊണ്ടിരിക്കുന്ന കേസില്‍ നിന്നും ഗവണ്‍മെന്റ് പ്ലീഡറായിരുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ബട്ടിനെ മാറ്റുകയാണ് ചെയ്തത്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കേസ് തോറ്റു കൊടുക്കാന്‍ വേണ്ടിയാണ്, തന്നെ ഈ കേസില്‍ നിന്നൊഴിവാക്കിയതെന്ന് സുശീല ആര്‍ ഭട്ട്, അന്ന് സര്‍ക്കാറിനെതിരെ രംഗത്ത് വന്നിരുന്നു.

കൂടാതെ, ഹാരിസണിന് കൈവശവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ, നികുതിയടക്കാനുള്ള സാഹചര്യമൊരുക്കുകയോ ചെയ്യരുതെന്ന രാജമാണിക്യത്തിന്റെ നിര്‍ദേശത്തെയും സര്‍ക്കാര്‍ കാറ്റില്‍ പറത്തി, കോടതിയില്‍ കേസ് നടക്കുന്ന ഭൂമിയില്‍ നിന്ന് മരം മുറിക്കുന്നതിന്ന് കണ്ണടക്കുകയും, ഭൂമിയുടെ കരം വാങ്ങി , സര്‍ക്കാര്‍ ഭൂമി ഹാരിസണിന്റേതാക്കാനുള്ള എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയുമാണ് ചെയ്തത്.

സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും, ഹാരിസണ്‍ മലയാളം ലിമിറ്റഡ്, ബിലീവേഴ്‌സ് ചര്‍ച്ചിന് അനധികൃതമായി വിറ്റ 2263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ആണ് സര്‍ക്കാര്‍ ശബരിമല എയര്‍പ്പോര്‍ട്ടുമായി ബന്ധപ്പെട്ട്, നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടി വെച്ച് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതിലൂടെ സര്‍ക്കാര്‍ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് തര്‍ക്കഭൂമിയാണെന്നും അതിന് മറ്റൊരവകാശിയുണ്ടെന്നും തെളിയിക്കാന്‍ ഹാരിസണിനെ സഹായിക്കുന്ന നടപടിയാണുണ്ടായത്. ഇതിലൂടെ, മറ്റ് ഭൂമികളുടെ കാര്യത്തിലും ഹാരിസണിന്, തങ്ങള്‍ക്കനുകൂലമായ വാദം കോടതിയില്‍ ഉന്നയിക്കാന്‍ സാധിക്കും.

സര്‍ക്കാര്‍ ഭൂമി, ഹാരിസണിന്റേതാക്കാന്‍ ഒത്താശ ചെയ്ത സര്‍ക്കാര്‍, ലൂയി ബര്‍ഗര്‍ കണ്‍സല്‍ട്ടണ്‍സി അഴിമതിയുടെ പേരില്‍ അകപ്പെടുമെന്ന് മനസ്സിലായപ്പോഴാണ് , ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാറിന്റേതാണെന്ന മലക്കം മറിച്ചില്‍ നടത്തിയത്. ഭൂരഹിതരെയും കര്‍ഷകരെയും സംഘടിപ്പിച്ചു പടുത്തുയര്‍ത്തിയ ഇടതു പക്ഷ ഭരണം, ഭൂരഹിതരെ വഞ്ചിച്ചു കൊണ്ട്, അവരുടെ ഭൂമി കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കാന്‍ നടത്തുന്ന അഭ്യാസങ്ങള്‍ ജനം തിരിച്ചറിയില്ലെന്ന് വിചാരിക്കുന്നത് അസംബന്ധമാണ്.

Top