ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം അറസ്റ്റിലാകും. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല. ഹര്‍ജിയില്‍ പിഴവുള്ളതിനാല്‍ കേസ് ലിസ്റ്റ് ചെയ്യാനാകില്ല. കേസ് ലിസ്റ്റ് ചെയ്യാതെ എങ്ങനെ പരിഗണിക്കുമെന്ന് ജസ്റ്റിസ് എ.കെ രമണ ഹര്‍ജിക്കാരോട് ചോദിച്ചു. കേസ് സംബന്ധിച്ച് അഭിഭാഷകരുടെ ചോദ്യത്തിന് മറുപടിയായായിരുന്നു ജസ്റ്റിസിന്‍റെ മറുചോദ്യം. കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ ഇന്ന് പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസ് രമണ അഭിഭാഷകരെ അറിയിച്ചു.
ആദ്യം നല്‍കിയ ഹര്‍ജിയില്‍ പിഴവ് ഉണ്ടായിരുന്നതിനാല്‍ അത് തിരുത്തിയാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പുതുതായി തിരുത്തി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. ഇന്ന് രാവിലെ രമണയുടെ ബെഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിലേക്ക് വിട്ട ഹര്‍ജി തിരികെ രമണയുടെ ബെഞ്ചിലേയ്ക്ക് തന്നെ ചീഫ് ജസ്റ്റിസ് മടക്കുകയായിരുന്നു.
തനിക്കെതിരായ ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആരോപിച്ചായിരുന്നു ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എന്‍.വി രമണയുടെ ബെഞ്ചിനു മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഈ കേസ് നേരത്തെ ഉന്നയിച്ചത്. ഇത് ഒരു സുപ്രധാന കേസാണ് എന്ന് ചൂണ്ടിക്കാട്ടി ചിദംബരത്തിന്‍റെ ജാമ്യ ഹര്‍ജി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത എതിര്‍ത്തിരുന്നു.