ന്യൂഡൽഹി: രാജ്യത്തിന്റെ 46-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചുമതലയേറ്റു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുത്തു. അസമിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. 13 മാസം ജസ്റ്റിസ് ഗോഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും.
രാഷ്ട്രപതിയിൽ നിന്ന് സത്യവാചകം ഏറ്റു ചൊല്ലി ദൈവ നാമത്തിൽ ആയിരുന്നു ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാർ, സ്ഥാനം ഒഴിഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സുപ്രീം കോടതി ജഡ്ജിമാർ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിന് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സുപ്രീം കോടതിയിൽ എത്തി ഔദ്യോഗിക ചുമതല ഏറ്റെടുത്തു.ജനുവരിയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ നടത്തിയ അസാധാരണ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത നാലു ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ഗൗരവവും കാർക്കശ്യവും കൈവിടാത്ത ന്യായാധിപൻ. അസം മുൻ മുഖ്യമന്ത്രി കേശബ് ചന്ദ്ര ഗോഗോയിയുടെ മകൻ. 1978ൽ അഭിഭാഷകനായ ഗോഗോയ് 2001ൽ ഗുവാഹത്തി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി.
2012ൽ സുപ്രീം കോടതി ജഡ്‌ജിയായി ഉയർത്തപ്പെട്ട അദ്ദേഹം ഒരു വർഷവും ഒരു മാസവും ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും. മുൻ മുഖ്യമന്ത്രിമാർക്ക് ഔദ്യോഗിക ബംഗ്ളാവ് നൽകേണ്ട, സൗമ്യ കേസിൽ ഗോവിന്ദ ചാമിക്ക് വധശിക്ഷ വേണ്ട, ബലാത്സംഗ കേസുകളിൽ മൊഴിമാറ്റുന്ന ഇരയെ ശിക്ഷിക്കാം തുടങ്ങിയ വിധികൾ പ്രസ്താവിച്ചത് ജസ്റ്റിസ് ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ്. അയോധ്യ കേസിൽ പുതിയ ബഞ്ച് രൂപീകരിക്കുന്നതിലും, അസം ജന സംഖ്യ രജിസ്റ്റർ കേസിലും പുതിയ ചീഫ് ജസ്റ്റിസിന്റെ നിലപാട് നിർണായകമാകും. വിവാദങ്ങൾ നിറഞ്ഞു നിന്ന ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്തിന് ശേഷം ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എത്തുമ്പോൾ പ്രവർത്തന ശൈലിയിൽ എന്തു മാറ്റമെന്നാണ് നിയമവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.