ദില്ലി: നിര്‍ഭയ കൂട്ടബലത്സംഗ കേസില്‍ പ്രതികളില്‍ ഒരാളായ അക്ഷയ് സിങ്ങിന്റെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പിന്മാറി. വധശിക്ഷക്കെതിരെ പ്രതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് പിന്‍മാറിയത്. ഇതോടെ ഹര്‍ജി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അക്ഷയ് സിങ് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ചീഫ് ജസ്റ്റിസ് പിന്‍മാറിയത്. 2017ല്‍ വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് അക്ഷയ് സിങിന്റെ ഹര്‍ജിയിലെ ആവശ്യം.തന്റെ കുടുംബാംഗമായ ഒരു അഭിഭാഷകന്‍ ഇരയുടെ കുടുംബത്തിനു വേണ്ടി ഹാജരാകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണു പിന്മാറ്റം.
നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. മൂന്നു പേര്‍ നേരത്തെ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ വേളയില്‍ അക്ഷയ് സിങ് റിവ്യൂ ഹര്‍ജി നല്‍കിയിരുന്നില്ല. ഇയാള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കേണ്ടിയിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വാദം കേള്‍ക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് ചീഫ് ജസ്റ്റിസ് ബെഞ്ചില്‍ നിന്ന് പിന്‍മാറിയത്. ഇനി മറ്റൊരു ബെഞ്ചാകും വാദം കേള്‍ക്കുക. പുതിയ ബെഞ്ച് ബുധനാഴ്ച വാദം കേള്‍ക്കുമെന്നാണ് സൂചന.
വിചാരണ കോടതി വിധിച്ച വധശിക്ഷ ദില്ലി ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ ശരിവച്ചിരുന്നു. ഇതിനെതിരെ കേസിലെ പ്രതികളായ മുകേഷ്, പവന്‍, വിനയ് എന്നിവര്‍ കഴിഞ്ഞ വര്‍ഷം റിവ്യൂ ഹര്‍ജി നല്‍കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രീംകോടതി ഈ ഹര്‍ജികള്‍ തള്ളി. വിധി പുനഃ പരിശോധിക്കേണ്ട ആവശ്യമില്ലെന്നാണ് അന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയത്.2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും ക്രൂര മര്‍ദനത്തിനും ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെ രണ്ടാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. പ്രയാപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറുപേരായിരുന്നു പ്രതികള്‍.
കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കി. പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവര്‍ ഗുപ്ത (22) എന്നിവര്‍ക്ക് സുപ്രീം കോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. മൂന്നു പ്രതികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളുകയും ചെയ്തു.Chief Justice of India SA Bobde has opted out of hearing a petition in the Nirbhaya case, saying one of the advocates who represented the woman is a family member.