മലപ്പുറത്ത് തെരുവില്‍ താമസിക്കുന്ന യുവതി പീഡനശ്രം തടഞ്ഞപ്പോള്‍ യുവതിയുടെ പിഞ്ചുകുഞ്ഞിനെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒമ്പതുമാസം പ്രായമായ കുഞ്ഞിനെയാണ് മദ്യലഹരിയിലെത്തിയ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മഞ്ചേരിയില്‍ രാത്രി എട്ടുമണിയോടെയാണ് സംഭവം. താമരശ്ശേരി സ്വദേശി മുരുകന്റെ കുടുംബമാണ് അക്രമത്തിന് ഇരയായത്. മഞ്ചേരിയില്‍ ആക്രി പെറുക്കിവിറ്റു ജീവിക്കുന്ന ഇവര്‍ ബസ് സ്റ്റാന്‍ഡിനടുത്താണ് താമസിക്കുന്നത്. രാത്രി മദ്യലഹരിയിലെത്തിയ അയൂബ് എന്ന വ്യക്തി മുരുകന്റെ ഭാര്യ കന്യാകുമാരിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട കന്യാകുമാരിയുടെ സഹോദരന്‍ തടയാന്‍ ശ്രമിക്കുമ്പോള്‍ അയൂബ് കത്തിവീശുകയായിരുന്നു. ഈ സംഘര്‍ഷത്തിനിടെയാണ് കുഞ്ഞിന്റെ കാലില്‍ വെട്ടേറ്റത്. കുഞ്ഞിന്റെ കാലില്‍ മൂന്ന് തുന്നലുകളുണ്ട്. സംഭവസമയത്ത് മുരുകന്‍ സ്ഥലത്തില്ലായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ കുഞ്ഞിനെ ആക്രമിച്ചെന്നറിയിച്ച് ദമ്പതിമാര്‍ പൊലീസ് സ്റ്റേഷനിലെത്തിയിട്ടില്ലെന്നും കുഞ്ഞിനെ അന്വേഷിച്ച് ആശുപത്രിയില്‍ എത്തിയപ്പോള്‍ കണ്ടില്ലെന്നും മഞ്ചേരി എസ് ഐ റിയാസ് ചാക്കീരി പറയുന്നു. ചൊവ്വാഴ്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട ശേഷമാണ് പൊലീസ് അയൂബിനെതിരെ കേസെടുത്തത്.
തെരുവില്‍ യുവതിക്കെതിരെ പീഡനശ്രമം; തടഞ്ഞപ്പോള്‍ പിഞ്ചുകുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
Tags: child abuse