നോയിഡ: വീട്ടില്‍ നിന്ന് വഴക്കിട്ടിറങ്ങിയ പതിനൊന്നുകാരന്‍ പൊലീസിനെ വട്ടം കറക്കിയത് മണിക്കൂറുകളോളം. വീട്ടുകാര്‍ വഴക്കുപറഞ്ഞതിന് നാടുവിട്ടുപോയ പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയതാണെന്ന തെറ്റിദ്ധാരണയിലാണ് പൊലീസ് ഞെട്ടോട്ട മോടിയത്. എന്നാല്‍ തിരക്കുപിടിച്ച അന്വേഷണത്തിനൊടുവില്‍ പൊലീസ് കുട്ടിയെ കണ്ടു പിടിച്ചപ്പോള്‍ ശരിക്കും പെട്ടു പോയത് കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന് പരാതി കൊടുത്ത പിതാവാണ്. അഞ്ച് മിനിറ്റിനകം എത്തണമെന്ന കുട്ടിയുടെ ഫോണ്‍സന്ദേശം കുട്ടിയെ വിട്ടുനല്‍കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് പിതാവ് തെറ്റി കേട്ടതാണ് പൊലീസിനെ പൊല്ലാപ്പിലാക്കിയത്.
നോയിഡയിലെ ഛിജാര്‍സി പ്രവിശ്യയിലാണ് സംഭവം. പിതാവിന്റെ പലചരക്ക് കടയില്‍ നിന്ന് കുട്ടി ഇടയ്ക്ക് പണം മോഷ്ടിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പല തവണ കുട്ടിയെ വീട്ടുകാര്‍ വഴക്ക് പറയുകയുകയും മണിക്കൂറുകളോളം മുറിയില്‍ ഒറ്റയ്ക്കിരുത്തുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. തിങ്കളാഴ്ച്ച രാവിലെയും കുട്ടി പണപ്പെട്ടിയില്‍ നിന്ന് നൂറ് രൂപ മോഷ്ടിച്ചത് വീട്ടുകാര്‍ കണ്ടെത്തുകയും വഴക്ക് പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടുകാരെ പേടിപ്പിക്കുവാന്‍ വേണ്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാതെ കുട്ടി ഒരു അപരിചിതന്റെ മോട്ടോര്‍ബൈക്കില്‍ കയറി ഗ്രേറ്റര്‍ നോയിഡയിലെ ബിസ്രാക്കിലേക്ക് പോയി. അവിടെ ചുറ്റിത്തിരിഞ്ഞ് കുറേ നേരം കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് കുട്ടി ചിന്തിച്ചത്.
വഴിയില്‍ കണ്ട ആളുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ച് പിതാവിനോട് അഞ്ച് നിമിഷത്തിനുള്ളില്‍ അവിടേക്ക് എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഫോണ്‍ സന്ദേശം ലഭിച്ച ഉടനെ കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയതാണെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പറഞ്ഞു. വിളിച്ച ഫോണിലേക്ക് പൊലീസ് തിരികെവിളിച്ചപ്പോള്‍ അത് സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു.
ഒടുവില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പൊലീസ് ഫോണുടമയെ കണ്ടെത്തി. അയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ തെരുവില്‍ അലഞ്ഞിരുന്ന കുട്ടിയെ കണ്ടെത്തി. എന്നാല്‍ കുട്ടിയെ കണ്ടെടുത്ത് പൊലീസ് സത്യാവസ്ഥ തിരഞ്ഞതോടെ കുടുങ്ങിയത് കുട്ടിയുടെ പിതാവാണ്. ഒടുവില്‍ മകന്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ കേട്ടതിലുണ്ടായ ആശയക്കുഴപ്പമാണെന്ന് പറഞ്ഞ് അയാള്‍ പൊലീസില്‍ നിന്ന് തടിയൂരി.