നാലു വയസുകാരന്‍ ശുചിമുറിയില്‍വെച്ച് സഹപാഠിയെ പീഡ‍ിപ്പിച്ചുവെന്ന് ആരോപണം

ഡല്‍ഹിയിലെ ദ്വാരകയില്‍ നാലുവയസുകാരന്‍ സഹപാഠിയായ പെണ്‍കുട്ടിയെ ശുചിമുറിയില്‍വെച്ച് പീഡിപ്പിച്ചെന്നാരോപണം. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തെങ്കിലും വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണ്. വെള്ളിാഴ്ച സ്കൂളില്‍ നിന്ന് വന്നശേഷമാണ് പെണ്‍കുട്ടി സ്വകാര്യഭാഗങ്ങളില്‍ വേദനയുള്ളതായി മാതാപിതാക്കളെ അറിയിച്ചത്. പിന്നീടാണ് നാലുവയസുകാരന്‍ ശുചിമുറിയില്‍വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച കാര്യം പെണ്‍കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. അടുത്ത് ആരുമില്ലാത്ത സമയത്ത് നാലുവയസുകാരന്‍ തന്റെ പാന്റ്സ് ഊരി മാറ്റി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി മാതിപിതാക്കളോട് പറഞ്ഞത്. മകള്‍ തന്നോട് വിവരം പറഞ്ഞയുടനെ സ്കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോള്‍ ലൈംഗികാതിക്രമം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഐപിസി അനുസരിച്ച് ഏഴു വയസില്‍ താഴെയുള്ളവര്‍ക്കെതിരെ കേസെടുക്കുന്നതിന് പ്രത്യേക പരിഗണനകള്‍ വേണമെന്നതിനാല്‍ അടുത്ത നടപടി എന്താകണമെന്നതിനെക്കുറിച്ച് പോലീസിന് വലിയ ധാരണയില്ല. നാല് വയസ്സുകാരന് ലൈംഗികകാര്യങ്ങളെക്കുറിച്ചോ അത്തരത്തിലുള്ള പെരുമാറ്റത്തെക്കുറിച്ചോ അറിവുണ്ടാകാന്‍ സാധ്യതയില്ലെന്നും അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം അത്യാവശ്യമാണെന്നും ഫോര്‍ട്ടിസ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനായ ഡോ.സമീര്‍ പരീഖും അഭിപ്രായപ്പെട്ടു.

Top