ന്യൂഡൽഹി: ചൈനയുടെ മുതലാളിത്ത മോഹം ഇന്ത്യ പൂട്ടിക്കെട്ടി.വിദേശ നിക്ഷേപ നയത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ .കൊവിഡിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ കമ്പനികൾ നേരിടുന്ന സാമ്പത്തിക ഞെരുക്കം മുതലെടുത്ത് ഓഹരികൾ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടാനുള്ള ചൈനീസ് തന്ത്രങ്ങൾക്ക് കേന്ദ്രസർക്കാർ പൂട്ടിട്ടു. ചൈന ഉൾപ്പെടെ എല്ലാ അയൽ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരും ഇന്ത്യയിൽ നേരിട്ടോ (എഫ്.ഡി.ഐ) അല്ലാതെയോ നിക്ഷേപിക്കാൻ ഇനി കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടണം. നേരത്തേ ബംഗ്ളാദേശിനും പാകിസ്ഥാനും മാത്രമായിരുന്നു വിലക്ക്.
മുംബയ് ആസ്ഥാനമായുള്ള മുൻനിര ഭവന വായ്‌പാ കമ്പനിയായ എച്ച്.ഡി.എഫ്.സിയിലെ ഓഹരി പങ്കാളിത്തം ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഒഫ് ചൈന 1.01 ശതമാനമായി ഉയർത്തിയ പശ്‌ചാത്തലത്തിലാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം എഫ്.ഡി.ഐ നയം തിരുത്തിയത്.പത്തു ശതമാനമോ അതിലധികമോ ഓഹരികളിൽ നിക്ഷേപിക്കുമ്പോഴാണ് പുതിയ ചട്ടം ബാധകം. അതിനാൽ, എച്ച്.ഡി.എഫ്.സിയുടെ ഓഹരികൾ ചൈനീസ് ബാങ്ക് വാങ്ങിയതിൽ പ്രശ്‌നമില്ല.പ്രതിരോധം, ടെലികോം, ഫാർമസ്യൂട്ടിക്കൽസ്, ആണവോർജ്ജം, ബഹിരാകാശം തുടങ്ങി 17 മേഖലകളിൽ നിക്ഷേപം നടത്താൻ ഏത് രാജ്യത്തു നിന്നുള്ളവരും കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടണം.
നിക്ഷേപം രണ്ട് തരംഓട്ടോമാറ്റിക്, സർക്കാർ അംഗീകൃതം എന്നിങ്ങനെ ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്.ഡി.ഐ) രണ്ടു വഴികളുണ്ട്. ഓട്ടോമാറ്റിക് റൂട്ടിലൂടെയാണ് അയൽരാജ്യങ്ങൾ നിക്ഷേപം നടത്തിയിരുന്നത്. പ്രത്യേകിച്ച് ചൈന.എഫ്.ഡി.ഐ നയം തിരുത്തിയത് സ്‌റ്റാർട്ടപ്പുകളെ സാരമായി ബാധിക്കും. ഇന്ത്യയിലെ 30 യൂണികോൺ സ്‌റ്റാർട്ടപ്പുകളിൽ 18ലും ചൈനീസ് നിക്ഷേപമുണ്ട്. ഇത് ഏകദേശം 400 കോടി ഡോളർ (31,000 കോടി രൂപ) വരും. രാഹുൽ ഗാന്ധിയുടെ വിമർശനംസാമ്പത്തികമാന്ദ്യം, ഇന്ത്യൻ കമ്പനികളുടെ ഓഹരിവില ഇടിച്ചുവെന്നും വിദേശ കമ്പനികളെ അത് ആകർഷിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കഴിഞ്ഞവാരം പറഞ്ഞിരുന്നു. എച്ച്.ഡി.എഫ്.സി ഓഹരികൾ ചൈന വാങ്ങിയ പശ്ചാത്തലത്തിലായിരുന്നു അത്. ഇത്തരം ഓഹരി ഏറ്റെടുക്കലുകളെ കേന്ദ്രം നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.