മലപ്പുറം: ഡിഫ്ത്തീരിയ, കോളറ എന്നീ രോഗം മലപ്പുറത്തെ പേടിപ്പെടുത്തുന്നു. ഡിഫ്ത്തീരിയ ഒട്ടേറെ പേരുടെ ജീവനെടുത്തതിനു പിന്നാലെ കോളറ രോഗവും ജീവനെടുക്കുന്നു. കോളറ ബാധിച്ച് കുറ്റിപ്പുറം സ്വദേശി മരിച്ചു.
ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത വയറിളക്കരോഗങ്ങളില്‍ രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചതായി മന്ത്രി കെകെ ശൈലജ ഇന്നലെ നിയമസഭയില്‍ അറിയിച്ചിരുന്നു. കോളറ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജമീലയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂലൈ 14 മുതല്‍ 17 വരെ മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറം ഭാഗത്തുനിന്ന് ഛര്‍ദ്ദി, അതിസാരം എന്നിവ ബാധിച്ച 84 പേര്‍ മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ആസ്പത്രികളില്‍ ചികില്‍സ തേടിയിട്ടുണ്ട്. കുറ്റിപ്പുറം സിഎച്ച്സിയില്‍ ചികില്‍സ തേടിയവരില്‍ രണ്ടുപേരെ കിടത്തി ചികിത്സിക്കുകയും നാലുപേരെ നിരീക്ഷണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
ഡിഎംഒയുടെ നേതൃത്വത്തിലുള്ള ജില്ലാതല അന്വേഷണ സംഘത്തിന്റെ വിശദമായ പരിശോധനയില്‍ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുള്ള രണ്ടു ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഈ ഹോട്ടലുകള്‍ അടച്ചിടാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
കുറ്റിപ്പുറം ടൗണിനകത്തുള്ള ഓടകള്‍ പ്ലാസ്റ്റിക് അടക്കം വിവിധതരം ഖരമാലിന്യങ്ങള്‍ നിറഞ്ഞതുമൂലം അടഞ്ഞനിലയിലാണ്. അടിയന്തരമായി ഓടകള്‍ വൃത്തിയാക്കുകയും ഖരമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുകയും ചെയ്യാന്‍ പഞ്ചായത്ത്, മരാമത്ത് വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയംതോന്നിയ ഭൂജലവിതരണപദ്ധതി നിര്‍ത്തിവയ്പ്പിക്കുകയും സംശയാസ്പദമായ ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് മൂന്ന് ലാബുകളിലാണ് പരിശോധന നടക്കുന്നത്.