68പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ കേസ്; 24പേര്‍ കുറ്റക്കാര്‍; 36പേരെ കുറ്റവിമുക്തരാക്കി

gulbarg-society

അഹമ്മദ്: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കോടതി വിധി പറഞ്ഞു. 68പേര്‍ കൊല്ലപ്പെട്ട കൂട്ടക്കൊലക്കേസില്‍ 24പേര്‍ക്കെതിരെയാണ് ശിക്ഷ വിധിച്ചത്. 36 പേരെ കോടതി കുറ്റവിമുക്തരാക്കി. ഗുജറാത്തില്‍ കോളിളക്കം സൃഷ്ടിച്ച കൂട്ടക്കൊലക്കേസില്‍ 14 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്.

അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2002 ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊല നടന്നത്. 2002 ഫെബ്രുവരി 28 ന് നടന്ന കലാപത്തില്‍ മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രി ഉള്‍പ്പെടെ 68 പേരാണ് കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22 നാണ് കേസിലെ വിചാരണാ നടപടികള്‍ അവസാനിച്ചത്. തുടര്‍ന്ന് മെയ് 31 ന് മുന്‍പ് വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിധി പറയുന്ന ജൂണ്‍ രണ്ടിന് കോടതിയില്‍ ഹാജരാകണമെന്ന് പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും മെയ് 25 ന് പ്രത്യേക കോടതി ജഡ്ജി പിബി ദേശായി നോട്ടീസ് അയച്ചിരുന്നു.

ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ താമസിക്കുന്നവരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് കലാപം നടന്നതെന്നാണ് വിചാരണാ വേളയില്‍ ഇരകളുടെ അഭിഭാഷകര്‍ വാദിച്ചത്. എന്നാല്‍ ഇത് ആസൂത്രിതമല്ലെന്നും സ്വയം സംഘടിച്ചെത്തിയ 1,500 ഓളം ആളുകള്‍ കലാപം നടത്തുകയായിരുന്നെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ഒമ്പത് കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊല. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 66 പ്രതികളാണ് ഉള്ളത്. ഇതില്‍ ഒമ്പത് പേര്‍ 14 വര്‍ഷമായി ജയിലിലാണ്. മറ്റുള്ളവര്‍ വിവിധ ഘട്ടങ്ങളിലായി ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്.

58 കര്‍സേവകരുടെ മരണത്തിന് ഇടയാക്കിയ ഗോധ്ര ട്രെയിന്‍ തീവെപ്പിന്റെ തൊട്ടടുത്ത ദിവസമാണ് ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊല അരങ്ങേറിയത്. ഗോധ്ര സംഭവത്തെ തുടര്‍ന്ന് ഗുജറാത്തിലാകെ അരങ്ങേറിയ കലാപങ്ങളില്‍ 2000 ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്.

Top