പുല്‍പ്പള്ളി: കേരളത്തിലെ ക്രിസ്ത്യാനികൾ ബിജെപിക്ക് ഒപ്പം നിൽക്കും .എന്നാൽ സുരക്ഷിതത്വ ബോധമുണ്ടായാല്‍ മാത്രമേ ക്രിസ്ത്യന്‍ സമൂഹം ബി ജെ പിയോടൊപ്പം നില്‍ക്കുമെന്ന് പുല്‍പ്പള്ളി തിരുഹൃദയ ദേവാലയം വികാരി ഫാ.ജോർജ് മയിലാടൂർ ഊന്നി പറഞ്ഞു . ദേവാലയ സന്ദർശനത്തിന് എത്തിയ വയനാട് ലോക്സഭ മണ്ഡത്തിലെ എന്‍ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റേത് വ്യക്തിപരമായ അഭിപ്രായമാണെങ്കില്‍ സമുദായത്തിലെ വലിയൊരു വിഭാഗത്തിന്റെ വികാരം അത്തരത്തിലാണെന്നും ഫാ.ജോർജ് മയിലാടൂർ വ്യക്തമാക്കി.
ഇസ്രായേല്‍, കശ്മീർ, മുനമ്പം തുടങ്ങിയ വിഷയങ്ങളിലൊക്കെ ബി ജെ പിയും കേന്ദ്ര സർക്കാരും മികച്ച നിലപാടാണ് സ്വീകരിക്കുന്നത്. നിരവധി വികസന പ്രവർത്തനങ്ങളും നടക്കുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ ജനതയുടെ സുരക്ഷ ഒരു പ്രശ്നമാണ്. മണിപ്പൂരില്‍ നടന്നതും നാം കണ്ടു. രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് സുരക്ഷിതത്വ ബോധം ഉണ്ടാകുകയാണെങ്കില്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ ബി ജെ പിക്കൊപ്പം നില്‍ക്കൊപ്പം. മധ്യതിരുവിതാംകൂറിലെ കേരള കോണ്‍ഗ്രസുകാർ അടക്കം അത്തരമൊരു നയത്തിലേക്ക് നീങ്ങുമെന്നാണ് ഞാന്‍ കരുതുന്നത്.
പല വിഷയങ്ങളിലും ഇടത്-വലത് മുന്നണികള്‍ സ്വീകരിക്കുന്ന നിലപാട് സ്വാഗതാർഹമല്ല. വ്യക്തിപരമായുള്ള എന്റെ കാഴ്ചപ്പാടുകള്‍ ഞാന്‍ ആരോടും തുറന്ന് പറയും. ഇന്നയാള്‍ക്ക് വോട്ട് ചെയ്യണം എന്ന് പറയില്ല. പക്ഷെ ഒരു മുന്‍വിധിയുണ്ടാകാന്‍ പാടില്ല. അതായത് കാരണവന്മാരായിട്ട് ഇന്ന പാർട്ടിക്കാണ് വോട്ട് ചെയ്യുന്നതെന്ന് പറഞ്ഞ് അത് തന്നെ തുടരണമെന്നില്ല. ആളുകള്‍ സ്വയം ചിന്തിച്ച് വേണം തീരുമാനങ്ങളെടുക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വയനാട്ടിലെ ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചരണത്തിലേർപ്പെട്ട് എന്‍ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. മണ്ഡല പര്യടനത്തിനിടയില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍മാരേയും ദേവാലയങ്ങളും സന്ദർശിക്കാന്‍ എന്‍ ഡി എ സ്ഥാനാർത്ഥി കൂടുതല്‍ സമയം നീക്കിവെക്കുന്നുണ്ട്. നിരവധി മഠങ്ങളിലുമെത്തി വോട്ട് അഭ്യർത്ഥിക്കുന്നത് തുടരുന്നു.