ഐഷ സുല്‍ത്താന അറസ്റ്റിലേക്ക് ;മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി.ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കും.ഫാസിസം ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ സുല്‍ത്താന

കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ‘ബയോ വെപ്പണ്‍’ പരാമര്‍ശത്തിന്മേല്‍ രാജ്യദ്രോഹകുറ്റം ചുമത്തിയതിനെതിരെ ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.ലക്ഷ്ദ്വീപിലെത്തിയാല്‍ തന്നെ അവിടെ തളച്ചിടാന്‍ നീക്കമുണ്ടാവുമെന്നും ഇത് തന്റെ സുരക്ഷയെ ബാധിക്കുമെന്നും ഐഷ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താന്‍ ഒരിക്കലും രാജ്യത്തിനെതിരായി പ്രസ്താവന നടത്തിയിട്ടില്ല. ദ്വീപില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഫുല്‍ ഗോഡാ പട്ടേലിന് വിമര്‍ശിക്കുകയാണ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ ഐഷ വ്യക്തമാക്കുന്നു.

കേസില്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ കാരണമെന്നും അഭ്യൂഹങ്ങളുണ്ട്. നേരത്തെ ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കേരളത്തില്‍ നിന്നുള്ള പ്രതിഷേധം ഭയന്ന് കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി പ്രഫുല്‍ കെ പട്ടേല്‍. ലക്ഷദ്വീപിലേക്കുള്ള യാത്ര ദാമന്‍ – ദിയു വഴി മാറ്റിയെന്നാണ് വിവരം. മുന്‍പ് അറിയിച്ച പ്രകാരം നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രഫുല്‍ പട്ടേലിനെ നേരിട്ട് കാണാന്‍ വിമാനത്താവളത്തിലെത്തിയ ഹൈബി ഈഡന്‍ എംപി, ടിഎന്‍ പ്രതാപന്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരാണ് യാത്രാമാര്‍ഗം മാറ്റിയതായി സ്ഥിരീകരിച്ചത്. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രഫുല്‍ പട്ടേലിനെ നേരിട്ട് കണ്ട് ആവശ്യപ്പെടാനായി ഇവര്‍ ഒമ്പത് മണി മുതല്‍ വിമാനത്താവളത്തില്‍ കാത്തിരിക്കുകയായിരുന്നു.

ഇന്ന് ലക്ഷദ്വീപിലേക്ക് എത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് മറ്റൊരു ഹെലികോപ്ടര്‍ മാര്‍ഗം ദ്വീപിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നത്. രാവിലെ ഒമ്പതരയോടെ പ്രഫുല്‍ പട്ടേല്‍ വിമാനത്താവളത്തിലെത്തുമെന്നായിരുന്നു അറിയിച്ചത്. ഇതനുസരിച്ച് പ്രത്യേക ഹെലികോപ്ടറും തയ്യാറാക്കിയിരുന്നു. എന്നാല്‍ വിമാനത്താവളത്തിലേക്ക് പത്തരയോടെ എത്തിയ വിമാനത്തില്‍ പ്രഫുല്‍ പട്ടേല്‍ ഉണ്ടായിരുന്നില്ല.

ഇന്ന് അഗത്തി ദ്വീപിലേക്ക് എത്തുന്ന പ്രഫുല്‍ പട്ടേല്‍ ജൂണ്‍ 20 വരെ ലക്ഷദ്വീപില്‍ തുടരും. അഗത്തിക്കുപുറമെ രണ്ട് ദ്വീപുകളും ഈ ദിവസങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സന്ദര്‍ശിക്കും. എല്ലാ ഉദ്യോഗസ്ഥരും ഫയലുകളും ഹാജരാക്കണമെന്നും ഫാക്‌സ് വഴി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ‘ദി വീക്ക്’ മാഗസീന് നല്‍കിയ അഭിമുഖത്തില്‍ കേരളമാണ് ദ്വപിന്റെ വികസനം നശിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും പ്രഫുല്‍ പട്ടേല്‍ ആരോപിച്ചിരുന്നു,

അതേസമയം പ്രഫുല്‍ പട്ടേലിന്റെ മടങ്ങിവരവിന്റെ പശ്ചാത്തലത്തലത്തില്‍ ഇന്ന് ദ്വീപില്‍ കരിദിനം ആചരിക്കുകയാണ്. ദ്വീപ് ജനതയാകെ കറുത്ത വസ്ത്രങ്ങളണിഞ്ഞും വീടുകള്‍ക്കുള്ളില്‍ കറുത്ത കൊടിനാട്ടി കരിദിനം ആചരിക്കുന്നു. ഇന്നലെ രാത്രിമുതല്‍ വലിയ പൊലീസ് സംഘം റൂട്ട് മാര്‍ച്ചുപോലെ പെട്രോളിംഗ് നടത്തി.

ഇന്ന് പകലും വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധനയും നടന്നു എന്ന ലക്ഷദ്വീപില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കാണുന്നു. ഏതെല്ലാം വീടുകളിലാണ് കൊടി നാട്ടിയിരിക്കുന്നത് ആരെല്ലാമാണ് പ്ലക്കാര്‍ഡുകള്‍ പിടിച്ചിരിക്കുന്നത് എന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നു. ഇത് ദ്വീപ് നിവാസികള്‍ ചിത്രീകരിച്ചപ്പോള്‍ പൊലീസ് തടഞ്ഞതായും ദ്വീപ് നിവാസിക്ള്‍ പറയുന്നു. വീടുകളിലെ കറുത്ത കൊടി നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ്‌ വീടുകളില്‍ എത്തി പോലീസ് ഇക്കാര്യം അറിയിച്ചു.

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദര്‍ശന ദിനത്തില്‍ ഭരണകൂടത്തിനെതിരെ ഐഷ സുല്‍ത്താന രൂക്ഷ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തി. ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താനക്കെതിരെ കഴിഞ്ഞ ദിവസമാണ് കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസ്. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്

Top