ന്യൂദല്‍ഹി: മോദി സർക്കാരിന് സുവർണ നിമിഷം . ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. രാജ്യ സഭയില്‍ 125 പേര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 105 പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. ബില്‍ പാസായ ഇന്ന് ഇന്ത്യയുടെ ചിരിത്രത്തിലെ കറുത്ത ദിനമാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചിരിക്കുന്നത്. രാജ്യസഭയില്‍ കേവല ഭൂരിപക്ഷമായ 121 നെക്കാളും കൂടുതല്‍ വോട്ട് നേടിയാണ് ബില്‍ പാസായിരിക്കുന്നത്. ബില്‍ പാസായ സമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ സുവര്‍ണ നിമിഷമായി അത് മാറി. 125 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 105 പേര്‍ മാത്രമാണ് എതിര്‍ത്തത്. ബില്‍ പാസാക്കാന്‍ 105 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. കഴിഞ്ഞ ദിവസം ബില്‍ ലോക്‌സഭയില്‍ പാസായിരുന്നു. നേരത്തെ, ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് കെ.കെ. രാഗേഷിന്റെ ആവശ്യം വോട്ടിനിട്ടു തള്ളി. 124 പേര്‍ അനുകൂലിച്ചു വോട്ടു ചെയ്തപ്പോള്‍ 99 പേര്‍ എതിര്‍ത്തു വോട്ടു രേഖപ്പെടുത്തി. ഒരാള്‍ വിട്ടുനിന്നു. മുസ്ലീമുകളെ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും വോട്ടിനിട്ടു തള്ളി. വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ശിവസേന ഇറങ്ങിപ്പോയി.
നേരത്തെ, ദേശീയ പൗരത്വ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് ശക്തമായ ഭാഷയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കിയിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് പലതും തിരുത്താന്‍ കൂടിയാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. വിവാദങ്ങള്‍ ഉണ്ടാകുമെന്ന് പേടിച്ച് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലീം മതസ്ഥര്‍ വന്നാല്‍ മാത്രമേ രാജ്യം മതനിരപേക്ഷമാകുകള്ളു എന്ന നിലപാടല്ല ബിജെപിയുടേത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിന് മേലുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം.
രാജ്യത്ത് വിഭജനം നടന്നത് കൊണ്ടാണ് ഈ ബില്‍ കൊണ്ടു വരേണ്ടി വന്നത്. അന്‍പത് വര്‍ഷം മുന്‍പേ ഈ ബില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്രകണ്ട് വഷളാവില്ലായിരുന്നു. നരേന്ദ്രമോദി അധികാരത്തില്‍ എത്തിയത് സര്‍ക്കാര്‍ നടത്താന്‍ വേണ്ടി മാത്രമല്ല രാജ്യത്ത് പലതും തിരുത്താന്‍ കൂടിയാണ്. വിവാദം പേടിച്ച് ശക്തമായ നടപടികളില്‍ നിന്ന് പിന്തിരിയില്ല. ബില്ല് പാസായ ശേഷം അഭയാര്‍ത്ഥികളുടെ യഥാര്‍ത്ഥ എണ്ണം വ്യക്തമാകും. ലക്ഷക്കണക്കിനാളുകള്‍ പൗരത്വത്തിന് അപേക്ഷിക്കും. അയല്‍രാജ്യങ്ങളില്‍ നിന്നും അനധികൃതമായി കുടിയേറിയ മുസ്ലീങ്ങളെ കൂടി ചേര്‍ത്താല്‍ മാത്രമേ പൗരത്വഭേദഗതി ബില്‍ മതനിരപേക്ഷമാകൂ എന്ന ചിന്ത ബിജെപിക്കില്ല. രാഷ്ട്രവിഭജനസമയത്ത് ജവഹര്‍ ലാല്‍ നെഹ്‌റുവും ലിയാഖത്ത് അലിഖാനും തമ്മില്‍ സ്വരാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്ന് ധാരണയിലെത്തിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് മൂന്നാം വര്‍ഷം ഒരു മതേതര ജനാധിപത്യ രാഷ്ട്രം സ്ഥാപിച്ചു കൊണ്ട് ഇന്ത്യ വാക്ക് പാലിച്ചു. എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കടുത്ത വിവേചനവും ചൂഷണവും ഏല്‍ക്കേണ്ടി വന്നു. അയല്‍രാജ്യങ്ങളില്‍ ന്യൂനപങ്ങള്‍ക്ക് നേരെ ആക്രമണവും വേട്ടയാടലും പതിവായതോടെയാണ് അവിടെയുള്ളവര്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചു. അവരെ സംരക്ഷിക്കാനാണ് ഈ ബില്‍ കൊണ്ടു വന്നത്. പൗരത്വഭേദഗതി ബില്‍ പാസാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. കോടതി ഈ ബില്‍ അംഗീകരിക്കും എന്നുറപ്പുണ്ട്. ആറ് മതങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പൗരന്‍മാരായി അംഗീകരിക്കാന്‍ തീരുമാനിച്ചതിനെപ്പറ്റി ആരുമൊന്നും മിണ്ടുന്നില്ല മുസ്ലീംങ്ങളെ ഉള്‍പ്പെടുത്തിയില്ല എന്നതാണ് എല്ലാവര്‍ക്കും ചര്‍ച്ച ചെയ്യേണ്ടത്. ബംഗ്ലാദേശിലേയും പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും മുസ്ലീങ്ങളെ ന്യൂനപക്ഷങ്ങള്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുമോ. അതെല്ലാം ഇസ്ലാമിക രാഷ്ട്രങ്ങളാണ്. ഒരു ഇസ്ലാമിക രാഷ്ട്രത്തില്‍ എങ്ങനെയാണ് മുസ്ലീങ്ങള്‍ വിഭാഗീയത നേരിടുക.
ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരത്തെ തന്നെ നിയമം കൊണ്ടു വന്നതാണ്. ഇനി അടുത്ത മൂന്ന് രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. മുഹമ്മദലി ജിന്ന മൂലമാണ് ഇന്ത്യയെ വിഭജിക്കേണ്ടി വന്നത് എന്ന് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമറിയാം. ജിന്നയുടെ ആവശ്യപ്രകാരമാണ് രണ്ട് രാജ്യങ്ങളുണ്ടായത്. എന്തിനാണ് കോണ്‍ഗ്രസ് ആ ആവശ്യത്തെ പിന്തുണച്ചത് എന്നു മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തിനാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ചത്. ഭരണഘടനയുടെ 14-ാം അനുച്ഛേദം മുന്നോട്ട് വയ്ക്കുന്ന സമത്വം എന്ന ആശയത്തിന് എതിരാണ് പൗരത്വ ഭേദഗതി ബില്‍ എന്ന പ്രതിപക്ഷ വിമര്‍ശനം അടിസ്ഥാന രഹിതമാണ്. മുസ്ലീങ്ങളടക്കം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ പൗരത്വഭേദഗതി നിയമം ഒരു രീതിയിലും ബാധിക്കില്ല. യുപിഎ ഭരണകാലത്ത് പാകിസ്ഥാനില്‍ നിന്നും സിഖ്-ഹിന്ദു ന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തുന്ന കാര്യം രാജസ്ഥാന്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. വിഷയം ഗൗരവകരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ കേന്ദ്ര അഭ്യന്തരമന്ത്രി പി.ചിദംബരത്തിന് കത്തയക്കുകയും ചെയ്തു. ഹിന്ദു-സിഖ് ന്യൂനപക്ഷങ്ങളില്‍പ്പെട്ട 13000 പേര്‍ക്ക് മാത്രമാണ് ഇതുവരെ പൗരത്വം ലഭിച്ചത്. ഇവിടെയാണ് ആറ് മതന്യൂനപക്ഷങ്ങളിലുള്ളവര്‍ക്ക് നമ്മള്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നത്.
8-9 ലക്ഷം ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇതിനോടകം ഇന്ത്യന്‍ പൗരത്വം നല്‍കി കഴിഞ്ഞു. അവരെ പരിഗണിച്ചില്ല എന്ന വാദത്തിന് കഴമ്പില്ല. ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറുന്നവര്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നത് 2005-ലെ തെരഞ്ഞെടുപ്പ് കാലത്ത് മമതാ ബാനര്‍ജി അന്നത്തെ ബംഗാള്‍ സര്‍ക്കാരിനെതിരെ പ്രചരണായുധമാക്കിയിരുന്നു. ബംഗാളില്‍ ഇന്ന് ദുര്‍ഗ്ഗാ പൂജ നടത്താന്‍ വരെ ഹിന്ദുക്കള്‍ക്ക് ഹൈക്കോടതിയില്‍ പോകേണ്ട അവസ്ഥയാണ്. ഇന്ത്യയുടെ ആശയം എന്താണെന്ന് എന്നെയാരും പഠിപ്പിക്കേണ്ട, ഇവിടെ ജനിച്ച് ഇവിടെ മരിക്കേണ്ട ആളാണ് ഞാന്‍. ഇന്നലെ ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ശിവസേന ഇന്ന് നിലപാട് മാറ്റിയിരിക്കുകയാണ്. എങ്ങനെയാണ് രാത്രിക്ക് രാത്രി നിലപാട് മാറ്റിയതെന്ന് മഹാരാഷ്ട്രയിലെ ജനങ്ങളോട് ശിവസേന വ്യക്തമാക്കണം. റോഹിംഗ്യ മുസ്ലീങ്ങളെ എന്തു കൊണ്ട് ബില്ലില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് പലരും ചോദിച്ചു. റോഹിംഗ്യക്കാര്‍ നേരിട്ട് ഇന്ത്യയിലേക്ക് വന്നവരല്ല. അവര്‍ മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറിയവരാണ്. അവിടെ നിന്നുമാണ് ഇന്ത്യയിലെത്തിയത്.
മോദിജി പ്രധാനമന്ത്രിയായി ഇരിക്കുന്നിടത്തോളം കാലം ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് വിവേചനം ഉണ്ടാകില്ലെന്ന് ബില്‍ അതരിപ്പിക്കവെ അമിത് ഷാ വ്യക്തമാക്കി. പൗരത്വ ബില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഈ വാഗ്ദ്ധാനം അടക്കമുള്ളവ അംഗീകരിച്ചാണ് ബിജെപിയെ ജയിപ്പിച്ചത്. ബില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇന്ത്യക്കാരായി തുടരും. അഭയാര്‍ത്ഥികളായ ന്യൂനപക്ഷങ്ങളെ സഹായിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.
അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ ബില്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ട കാര്യമുണ്ടോയെന്നും അദ്ദേഹം പറഞ്ഞു. ബില്‍ മുസ്ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുന്നുണ്ട്. എന്നാല്‍ വിഷയത്തിലെ നിജ സ്ഥിതി മറ്റൊന്നാണ്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ എപ്പോഴും ഇന്ത്യയിലെ പൗരന്മാര്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിസോറാമിനെ ബില്‍ ബാധിക്കില്ലെന്നും അമിത് ഷാ അറിയിച്ചു.
ലോകത്താകമാനമുള്ള മുസ്ലീങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ടതുണ്ടോ? രാജ്യം അങ്ങനെയല്ല മുന്നോട്ടുപോകേണ്ടതെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം ഉള്‍ഫ അടക്കമുള്ള തീവ്ര സ്വഭാവമുള്ള വിഘടനവാദ സംഘടനകള്‍ അസ്സമില്‍ നാളെ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. ത്രിപുരയില്‍ താത്കാലികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. രണ്ട് ദിവസത്തേക്കാണ് സേവനങ്ങള്‍ നിര്‍ത്തിവെക്കുക.