കണ്ണൂർ ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് വിസി;ശക്തമായ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി ഗവര്‍ണര്‍.

തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി എന്ന് സമ്മതിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍. പ്രാസംഗികരുടെ പട്ടികയില്‍ ഇര്‍ഫാന്‍ ഹബീബിന്റെ പേര് ഇല്ലായിരുന്നു. പരിപാടിയില്‍ പല കാര്യങ്ങളും വിചാരിച്ചത് പോലെയല്ല നടന്നത് എന്നും വിസി പറഞ്ഞു. സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടി.

ഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. പ്രതിഷേധമുണ്ടാകുമെന്ന് സര്‍വകലാശാലക്കും പരിപാടിയുടെ സംഘാടകര്‍ക്കും നേരത്തെ സൂചന ലഭിച്ചിരുന്നു എന്നാണ് ഗവര്‍ണറുടെ ഓഫീസിന്റെ വിലയിരുത്തല്‍. പ്രതിഷേധത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനു ശേഷം കേസെടുത്ത് മുന്നോട്ടു പോകാനാണ് ഗവര്‍ണറുടെ തീരുമാനമെന്നാണ് സൂചന.
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടി വിവാദമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ട്വീറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. പ്രസംഗിക്കുന്നതിനിടെ ഇര്‍ഫാന്‍ ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്. ഈ സമയം ഇര്‍ഫാന്‍ ഹബീബ് അദ്ദേഹത്തെ ശരീരികമായി തടയാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
Top