ദില്ലി:ഇന്ത്യ മുഴുവൻ പൗരത്വ നിയമത്തില്‍ പ്രതിഷേധം കനക്കുന്നുണ്ടെങ്കിലും അതൊന്നും ബിജെപിയെയും എന്‍ഡിഎയെയും ബാധിക്കില്ലെന്ന് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍. പൗരത്വഭേദഗതി നിയമം പ്രാബല്യത്തിലായതിന് ശേഷം 2024 ഓടെ ദേശവ്യാപകമായി പൗരത്വപട്ടിക പുറത്തിറക്കും എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. പൗരത്വഭേദഗതി ബില്ലിനെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പിന്തുണച്ച പാര്‍ട്ടിയാണ് ജെഡിയു. ഇതിന് ശേഷമാണ് പൗരത്വ പട്ടിക ദേശവ്യാപകമാക്കുന്നതിനെതിരെ രംഗത്തുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.ജെഡിയും ഉപാധ്യക്ഷനും തിരഞ്ഞെടുപ്പ് സ്ട്രാറ്റജിസ്റ്റുമായ പ്രശാന്ത് കിഷോര്‍ വ്യത്യസ്ത നിലപാട് എടുത്ത സാഹചര്യത്തിലാണ് പൗരത്വ പട്ടിക ദേശവ്യാപകമാകുന്നതിനെതിരായ ജെഡിയുവിന്റെ മാറ്റം. ദേശീയ പൗരത്വപട്ടികയെ പാര്‍ട്ടി എതിര്‍ക്കുമെന്ന് ജെഡിയു ദേശീയ വക്താവ് കെസി ത്യാഗി അറിയിച്ചു. ആദ്യമായാണ് എന്‍ഡിഎയിലെ ഒരു ഘടകകക്ഷി പൗരത്വ പട്ടിക ദേശവ്യാപകമാക്കുന്നതിരെ പരസ്യമായി രംഗത്തുവന്നത്.
നേരത്തെ പൗരത്വ നിയമത്തിനെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു പ്രശാന്ത് കിഷോര്‍. ബില്ലിനെ ജെഡിയു രാജ്യസഭയില്‍ പിന്തുണച്ചത് തെറ്റിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ നിയമം ഒരുതരത്തിലും ബാധിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയത്.
ഒന്നാമത്തെ കാര്യം പ്രതിഷേധങ്ങള്‍ക്ക് മോദി വിരുദ്ധതയില്ല. അത് പൗരത്വവുമായി ബന്ധപ്പെട്ടുള്ളതാണ്. വിവിധ സംസ്ഥാനങ്ങള്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയത് വലിയ കാര്യമാണ്. എന്നാല്‍ ദേശീയ തലത്തില്‍ പ്രധാനമന്ത്രിക്കെതിരെ വലിയ ജനരോഷമില്ല. കാരണം എന്‍ആര്‍സിക്കും പൗരത്വ നിയമത്തിനുമെതിരെയുള്ള പ്രതിഷേധം ജനങ്ങള്‍ നടത്തിയതാണ്. അവര്‍ക്ക് മാത്രമാണ് അതിന്റെ ക്രെഡിറ്റ് ഉള്ളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമാണെന്ന് കരുതി, പ്രതിപക്ഷത്തെ ജനങ്ങള്‍ ദുര്‍ബലമാകണമെന്നില്ലെന്നും കിഷോര്‍ പറഞ്ഞു.
അതേസമയം പ്രശാന്ത് കിഷോര്‍ നേരത്തെ സംസ്ഥാനങ്ങളോട് പൗരത്വ നിയമ പ്രതിഷേധം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങള്‍ പൗരത്വ നിയമവും എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതുവരെ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 9 മുഖ്യമന്ത്രിമാര്‍ പൗരത്വ നിയമത്തെ എതിര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നിതീഷ് കുമാറും ബില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു. പൗരത്വ നിയമം നടപ്പാക്കുന്നത് കൊണ്ട് കുറച്ച് പ്രശ്‌നങ്ങളാണ് ഉള്ളതെന്നും, എന്നാല്‍ എന്‍ആര്‍സി കൂടുതല്‍ വരുമ്പോള്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്‍ഡിഎയിലെ മറ്റൊരു പ്രമുഖ കക്ഷിയായ എല്‍ജെപിയും എന്‍ആര്‍സിയെ തള്ളിയിട്ടുണ്ട്. അതേസമയം പൗരത്വ നിയമത്തില്‍ ആരും ഭയപ്പെടേണ്ടെന്നാണ് അമിത് ഷാ പറഞ്ഞിരിക്കുന്നത്.
നേരത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രശാന്ത് കിഷോറും നീണ്ട ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് പൗരത്വ രജിസ്റ്ററി നടപ്പാക്കുന്നതിനെതിരെ പാര്‍ട്ടി നിലപാട് പുറത്തുവന്നത്. പൗരത്വപട്ടികയും പൗരത്വ നിയമഭേദഗതിയും സംബന്ധിച്ച് ജെഡിയുവില്‍ നേരത്തെ ഭിന്നതയുണ്ടായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രശാന്ത് കിഷോര്‍ നിലപാട് സ്വീകരിച്ചു. ട്വിറ്ററിലൂടെ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ജെഡിയു രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്തേക്കുമെന്ന അഭ്യൂഹവും അതോടെ ഉണ്ടായി. പ്രതിപക്ഷത്തിനും അത് നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, രാജ്യസഭയിലും ജെഡിയും നിലപാട് മാറ്റിയില്ല. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.