
തിരുവനന്തപുരം: കൊളളപലിശയുടെ പേരിലും തൊഴിലാളി വിരുദ്ധ നടപടികളുടെ പേരിലും ഏറെ വിമര്‍ശിക്കപ്പെട്ട സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് സി ഐ ടി യു തയ്യാറെടുക്കുന്നു.കേരളത്തിലെ ഏറ്റവും പ്രമുഖമായ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പും സിഐടിയുവും തമ്മില്‍ കണ്ണൂരില്‍ തുടങ്ങിയ തര്‍ക്കമാണ് സംസ്ഥാന തലത്തിലേക്ക് തൊഴില്‍ സമരമായി വ്യാപിക്കുന്നത്.
തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ഫെബ്രുവരി 15ന് മുത്തൂറ്റ് സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സമരം നടത്തും. കണ്ണൂര്‍ ജില്ലയിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ബ്രാഞ്ചുകളിലെ തൊഴിലാളികള്‍ സംഘടന രൂപവത്കരിച്ചതിന്റെ പേരിലാണ് മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ ആരംഭിച്ചതെന്ന് സിഐടിയു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്നു പേരെ പിരിച്ചുവിട്ടു. ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു. ഹൈക്കോടതിയില്‍നിന്ന് പൊലീസ് സംരക്ഷണ ഉത്തരവ് വാങ്ങി സ്ഥാപനം നടത്തിക്കൊണ്ടുപോകാമെന്ന വ്യാമോഹത്തിലാണ് മാനേജ്‌മെന്റ്. തൊഴിലാളികള്‍ക്ക് ട്രേഡ് യൂനിയന്‍ രൂപവത്കരിക്കാനുള്ള അവകാശമാണ് മാനേജ്‌മെന്റ് നിഷേധിക്കുന്നതെന്നും സിഐടിയു പറയുന്നു.
അതേസമയം സംഘടനയുണ്ടാക്കിയതിനില്ല ഗുരുതരമായ കൃത്യവിലോപം കാട്ടിയതിനാണ് കണ്ണൂരിലെ തൊഴിലാളികളെ പിരിച്ചുവിട്ടതെന്നും തങ്ങള്‍ക്ക് ഇക്കാരത്തില്‍ കോടതിയുടെ സംരക്ഷണമുണ്ടെന്നുമാണ് മുത്തൂറ്റ് മാനേജ്‌മെന്റ് പറയുന്നത്.ആരോപണങ്ങള്‍ക്കുപിന്നില്‍ മുത്തൂറ്റിന്റെ ബിസിനസ് എതിരാളികള്‍ ആണെന്നും മാനേജ്‌മെന്റ് ആരോപിക്കുന്നു. ആയിരകണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പേരിനുപോലും തൊഴില്‍ ആനുകൂല്യങ്ങള്‍ നല്‍കാതെ അടിമപണിയെടുപ്പിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
തൊഴിലാളി സംഘടനാ പ്രവര്‍ത്തനം നിഷേധിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തൊഴില്‍ വകുപ്പും തയ്യാറായിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ യുവതി ആസ്ഥാന മന്ദിരത്തിനു മുകളില്‍ നിന്നും ചാടി മരിച്ചത് ചരമ കോളത്തില്‍ പോലും വാര്‍ത്തയായിരുന്നില്ല. തൊഴില്‍ പീഡനം മൂലമാണ് യുവതി മരിച്ചതെന്ന് അന്ന് സഹപ്രവര്‍ത്തകരും ബന്ധുക്കളും ആരോപിച്ചിരുന്നു.