മൂവാറ്റുപുഴ: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കള്‍ പണ വാങ്ങി വിധി എഴുതുന്നു എന്ന് ആരോപണം. ആരോപണം സംഘര്‍ഷത്തിലേയ്ക്കും കയ്യേറ്റത്തിലേയ്ക്കും നീങ്ങുന്നു. എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിനിടെയാണ് അട്ടിമറി ആക്ഷേപം ഉയര്‍ന്നത്. തുടര്‍ന്ന് ഇത് സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് മത്സരാര്‍ത്ഥിയായ മകളെ എറിഞ്ഞുകൊല്ലുമെന്ന് ഒരു രക്ഷിതാവ് ഭീഷണി ഉയര്‍ത്തി. രക്ഷിതാവിന്റെ ഈ കടുത്ത പ്രതിഷേധം അന്തരീക്ഷമാകെ മാറ്റിമറിച്ചു.
ഏറെ നേരത്തെ വാക്കുതര്‍ക്കത്തിന് ശേഷവും അധികൃതര്‍ ഒരു നിലപാടും സ്വീകരിക്കാതിരുന്നതാണ് മത്സരാര്‍ത്ഥിയുടെ പിതാവിനെ പ്രകോപിപ്പിച്ചത്. മത്സരാര്‍ത്ഥിയായ മകളെ സ്റ്റേജില്‍ നിന്നും എറിഞ്ഞു കൊല്ലുമെന്ന് പ്രഖ്യാപിച്ചായിരുന്നു രക്ഷിതാവിന്റെ രോക്ഷപ്രകടനം. മാധ്യമപ്രവര്‍ത്തകരുടെയും സദസ്സില്‍ ഉണ്ടായിരുന്നവരുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് രക്ഷിതാവിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞത്.
യു.പി വിഭാഗം കുച്ചിപ്പുടി മത്സരം നടക്കുന്ന വെള്ളൂര്‍ക്കുന്നം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. വിധികര്‍ത്താക്കള്‍ പണംവാങ്ങിയാണ് വിധി പ്രഖ്യാപിച്ചതെന്ന് ആരോപിച്ച് മട്ടാഞ്ചേരി പുളിക്കല്‍ ഷമീറാണ് മകള്‍ സഹലയ്ക്കൊപ്പം വേദിയില്‍ എത്തി ക്ഷുഭിതനായത്. ഒരു ഘട്ടത്തില്‍ താനും മോളും ജീവനൊടുക്കാന്‍ പോകുന്നില്ലെന്നും മകളെ എറിഞ്ഞുകൊല്ലാന്‍ പോകുകയാണെന്നും വ്യക്തമാക്കിയ ശേഷം കുട്ടിയെ എടുത്ത് ഉയര്‍ത്തി താഴേയ്ക്ക് ഇടാന്‍ ശ്രമിക്കുകയായിരുന്നു.
സമീപത്ത് ഇരുന്നവര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഷമീര്‍ ഈ നീക്കത്തില്‍ നിന്നും പിന്മാറിയത്. തുടര്‍ന്ന് മകളെ സ്റ്റേജില്‍ ഇരുത്തുകയും ഒപ്പം വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോലീസും സംഘാടകരും ഏറെ പണിപ്പെട്ടതിനു ശേഷമാണ് പിതാവിനെയും ഒപ്പമുണ്ടായിരുന്നവരെയും നിയന്ത്രിക്കാണനായത്. എന്നാല്‍,ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.