കണ്ണൂർ: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് ഓഫീസില്‍ യുവ നേതാക്കള്‍ ഏറ്റമുട്ടിയത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് പാര്‍ട്ടിയിലേക്ക് തിരികെ എത്തിയ യൂത്ത് നേതാക്കളായ റിജില്‍ മാക്കുറ്റി, ഷറഫുദ്ദീന്‍ കാട്ടാമ്പളളി, എളയാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുധീഷ് മുണ്ടേരി എന്നിവര്‍ തമ്മിലായിരുന്നു പൊരിഞ്ഞ തല്ല് നടന്നത്.
കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ നടന്ന സിഐ ഓഫീസ് മാര്‍ച്ചിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ഏതാനുംപേരെ പൊലീസ് പിടികൂടിയിരുന്നു. അവരുടെ പേരുവിവരങ്ങള്‍ പൊലീസിന് നല്‍കിയത് ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ തര്‍ക്കമാണ് പരസ്യമായ ഏറ്റുമുട്ടലിലെത്തിയത്. കൂടാതെ ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനായി പിരിച്ച ഫണ്ട് സംബന്ധിച്ചും ആരോപണങ്ങളും തര്‍ക്കത്തിന് കാരണമായി. ഡിസിസി പ്രസിഡന്റിന്റെ ക്യാബിനില്‍ സതീശന്‍ പാച്ചേനിയുടെ മുന്നില്‍ കസേരയിലിരുന്ന് സുധീഷ് സംസാരിക്കുന്നതിനിടെയാണ് റിജില്‍ മാക്കുറ്റിയും ഷറഫുദ്ദീനും ക്യാബിനിലേക്ക് കയറിവന്ന് കൈയ്യാങ്കളി ആരംഭിച്ചത്. തുടര്‍ന്ന് തമ്മിലടി ഡിസിസി ഓഫീസ് കടന്ന് ആനക്കുളം റോഡിലെത്തി.
ഷുഹൈബിന്റെ മരണത്തിന്റെപേരില്‍ എട്ടിന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ കോണ്‍ഗ്രസിനകത്ത് രൂക്ഷമായ തര്‍ക്കം രൂപപെട്ടിരിക്കുകയാണ്. ഷുഹൈബിന്റെ മരണം മറയാക്കി പാര്‍ടിയില്‍ തിരിച്ചുവരാന്‍ ശ്രമിച്ച കെ സുധാകരന്റെ ഇപ്പോഴത്തെ ലക്ഷ്യം കെപിസിസി പ്രസിഡന്റ് സ്ഥാനമാണ്. അതിന് തടയിടാനുള്ള ഉന്നതതല നീക്കത്തിന്റെ ഭാഗമായാണ് ഡിസിസി പ്രസിഡന്റ് പ്രഖ്യാപിച്ച സമരമെന്നാണ് സുധാകരപക്ഷം ആരോപിക്കുന്നത്. ഇതിന്റെ ഭാഗമായി കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിനെയടക്കം സുധാകരന്റെ അനുയായികള്‍ നവമാധ്യമങ്ങളിലുടെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയാണ്. ഷുഹൈബിന്റെ മരണവുമായി ബന്ധപ്പെട്ട് മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കാത്തതിന്റെപേരില്‍ സജീവ് ജോസഫിനെ ഒറ്റുകാരന്‍ എന്ന് വിശേഷിപ്പിക്കുന്ന സന്ദേശങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. റിജില്‍ മാക്കുറ്റിയും സംഘവുമാണ് ഇതിന് പിന്നിലെന്നാണ് മറുപക്ഷം ആരോപിക്കുന്നത്.
ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടിയുടെ ഇടപെടലും പുറത്താക്കിയ നേതാക്കളായ റിജില്‍ മാക്കുറ്റി നിരന്തരം സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുന്നെന്ന ആരോപണവും കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പാര്‍ട്ടിക്കായി പിരിക്കുന്ന പണത്തില്‍ നിന്നും സ്വകാര്യ ആവശ്യങ്ങള്‍ക്ക് പണം വിനിയോഗിക്കുന്നത് ചോദ്യം ചെയ്യപ്പെട്ടതാണ് അടിപൊട്ടാന്‍ കാരണമായി പറയുന്നത്. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ഇരു ചേരിയായി തിരിഞ്ഞ് വന്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുകയാണ് പ്രവര്‍ത്തകര്‍.
അതിനുപുറമെ കെ സുധാകരനെ കെപിസിസി പ്രസിഡന്റായി അവരോധിച്ച രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനമറിയിച്ചുള്ള പോസ്റ്ററുകളും ഫേസ്ബുക്കിലുടെയും മറ്റും പ്രചരിപ്പിക്കുന്നുണ്ട്.
സമരത്തിന്റെപേരില്‍ പൊതുനിരത്തില്‍ കന്നുകാലിയെ പരസ്യമായി അറത്തതിന് പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ട റിജില്‍ മാക്കുറ്റിയും ഷര്‍ഫുദ്ദീനും ഈയിടെയാണ് പാര്‍ടിയില്‍ തിരിച്ചെത്തിയത്.