ഇന്ദ്രദേവന്റെ സിംഹാസനം തരാമെന്നുപറഞ്ഞാലും ബിജെപിക്കൊപ്പമില്ലെന്ന് ശിവസേന; ത്രികക്ഷി സഖ്യം ഇന്ന് ഗവർണറെ കാണും

മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാർ രൂപീകരിക്കപ്പെടുമെന്നത് ഉറപ്പായിരിക്കുകയാണ്. അവസാന വട്ട ചർച്ച ഇന്ന് വൈകുന്നേറത്തോടെ കഴിയുമെന്നാണ് കരുതുന്നത്. അതിന് ശേഷമാകും സംഘം ഗവർണറെ കാണുന്നതെന്നാണ് ലഭിക്കുന്ന സൂചന.  മുഖ്യമന്ത്രി സ്ഥാനം ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറയ്ക്ക് തന്നെയായിരിക്കും നൽകുക.

ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച മുംബെയിലെ ശരദ് പവാറിന്റെ വീട്ടിലെത്തിയിരുന്നു. ശിവസേനാ വക്താവ് സഞ്ജയ് റാവത്തും എന്‍.സി.പി നേതാവ് അജിത് പവാറും ചര്‍ച്ചയില്‍ പങ്കെടുത്തു. പവാറിനെ കൂടാതെ, മുഖ്യമന്ത്രിയാകണമെന്ന് ഉദ്ധവ് താക്കറെയോട് സഞ്ജയ് റാവത്തും ആദിത്യ താക്കറെയും അഭ്യര്‍ഥിച്ചുവെന്നും ദേശീയ പത്രങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രിയാകാനില്ലെന്ന നിലപാട് ഉദ്ധവ് താക്കറെ സ്വീകരിച്ചാല്‍ രണ്ടാമത് പരിഗണിക്കപ്പെടുന്ന പേര് സഞ്ജയ് റാവത്തിന്റേതാകാനാണ് സാധ്യത.  സര്‍ക്കാര്‍ രൂപവത്കരണത്തിനൊരുങ്ങുന്ന ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് മഹാരാഷ്ട്രാ വികാസ് അഘാടി എന്നാണ് പേരു നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിപദം പങ്കുവെക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യോജിപ്പിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ബി.ജെ.പി- ശിവസേനാ സഖ്യം തകര്‍ന്നത്.

ഇതിനിടെ ബിജെപിയ്ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. ഇന്ദ്രദേവന്റെ സിംഹാസനം തരാമെന്ന് പറഞ്ഞു വന്നാല്‍ പോലും ബിജെപിയ്ക്ക് ഒപ്പം ഇനിയൊരു സഖ്യമില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ ബിജെപി അവസാന ഘട്ടത്തില്‍ തയ്യാറായിരുന്നല്ലോ എന്ന ചോദ്യത്തിന് ‘ഓഫറുകള്‍ നല്‍കാനുള്ള സമയമൊക്കെ കഴിഞ്ഞു’ എന്നായിരുന്നു റാവത്തിന്റെ മറുപടി.

ശിവസേനാ മേധാവി ഉദ്ദഖ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവസേനാ-എന്‍സിപി കോണ്‍ഗ്രസ് സഖ്യം ഇന്നുതന്നെ ഗവര്‍ണറെ കാണുമോ എന്ന് ചോദിച്ചപ്പോള്‍ രാഷ്ട്രപതി ഭരണം നടക്കുമ്പോള്‍ എന്തിനാണ് ഗവര്‍ണറെ കാണുന്നതെന്നായിരുന്നു റാവത്തിന്റെ മറുപടി.

Top