പ്രളയനന്തര കേരളം വലിയ രീതിയിലുള്ള പരിസ്ഥിതി മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഞെട്ടിക്കുന്ന മാറ്റങ്ങള്‍ നടക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചാകുന്ന പ്രതിഭാസമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
പ്രകൃതിയില്‍ സംജാതമായിട്ടുള്ള വ്യതിയാനങ്ങളും കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്. മണ്ണ് ഊഷരമാകുന്നതിന്റെ പ്രത്യാഘാതമാണിതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2016 ഒക്ടോബറിലും സമാനമായ പ്രതിഭാസം ഉണ്ടായിരുന്നു.
മണ്ണിനുള്ളില്‍ സ്വാഭാവികമായ ഈര്‍പ്പം നഷ്ടപ്പെട്ടതും ചൂട് അസഹനീയമായതുമാണ് മണ്ണിരകള്‍ കൂട്ടത്തോടെ പുറത്തേക്കുവരാന്‍ കാരണമെന്നാണ് നിഗമനം. സാധാരണരീതിയില്‍ വേനലില്‍ ഈര്‍പ്പംതേടി മണ്ണിനുള്ളിലേക്ക് നീങ്ങുകയാണ് ഇവയുടെ പതിവ്. മഴക്കാലത്ത് പുറത്തേക്ക് വരികയും ചെയ്യും. വയനാട്ടില്‍ മണ്ണ് ചുട്ടുപൊള്ളുന്നുവെന്നതിന്റെ പ്രകടമായ സൂചനയാണിതെന്നാണ് കാര്‍ഷിക, കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അഭിപ്രായം.