ഇടുക്കി: കേന്ദ്ര സംഘത്തെക്കാണാനായി ഹെലികോപ്ടറിലെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. വിവാദം അനാവശ്യമാണെന്നും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അപാകത സംഭവിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. മുഖ്യമന്ത്രി സഞ്ചരിച്ചാല്‍ ഉദ്യോഗസ്ഥര്‍ പണം കൊടുക്കും. യാത്രാചെലവ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് പണം കൊടുക്കുന്നത് എന്ന് അറിഞ്ഞത് ഇന്നലെയാണ്. അപ്പോള്‍ തന്നെ വിളിച്ച് അത് വേണ്ടെന്നും പൊതുഫണ്ടില്‍ നിന്ന് മതിയെന്നും അറിയിച്ചു. അതില്‍ കൂടുതല്‍ വിവാദത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെയും മുഖ്യമന്ത്രിമാര്‍ക്ക് ഇത്തരത്തിലുള്ള യാത്രകള്‍ വേണ്ടിവരും. പെട്ടെന്ന് വരേണ്ടതും പോകേണ്ടതും വന്നാല്‍ ഇത്തരത്തില്‍ എല്ലാവര്‍ക്കും ഇത് വേണ്ടിവരും. മുന്‍ മുഖ്യമന്ത്രി ഇടുക്കിയിലേക്ക് സമാന യാത്ര നടത്തിയപ്പോള്‍ 28 ലക്ഷം ചെലവാക്കിയത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നു തന്നെയാണെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ പിണറായി പറഞ്ഞു.
ആരോപണവുമായി വരുന്ന ബിജെപിക്കാര്‍ കേന്ദ്രത്തിലെ ചിലരുടെ കാര്യം ഓര്‍ത്ത് സംസാരിക്കണമെന്നും, ആരാണെന്ന് താന്‍ പറയുന്നില്ലെന്നും യാത്രയുടെ കാര്യം അവര്‍ തന്നെ ഓര്‍മിച്ചാല്‍ മതിയെന്നും പ്രധാനമന്ത്രിക്കെതിരെ ഒളിയന്പെയ്ത് പിണറായി പറഞ്ഞു. സംഘത്തലവനെ കണ്ടിലെങ്കിൽ വലിയ വിവാദം ആയേനേ എന്നും പിണറായി പറഞ്ഞു.