തിരുവനന്തപുരം :പ്രളയത്തിൽ വീട്ടിൽ നിന്നും ക്യാംപുകളിലുള്ളവർ വീട്ടിൽ പോകുമ്പോൾ ഒരു കുടുംബത്തിന് അക്കൗണ്ടിൽ 10,000 രൂപ നൽകും. ഇതിനായി അക്കൗണ്ട് വിവരങ്ങൾ ക്യാംപുകളിലെ റവന്യു അധികൃതരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിൽ ദുരിതാശ്വാസ ക്യാംപുകളിൽനിന്ന് കൂടുതൽ പേർ വീടുകളിലേക്കു മടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 8,69,224 പേർ ഇപ്പോഴും ക്യാംപുകളിൽ തുടരുന്നു. വെള്ളത്തില്‍ മുങ്ങിയ 31 ശതമാനം വീടുകളും വാസയോഗ്യമാക്കിയിട്ടുണ്ട്. 7,000 വീടുകൾ പൂർണമായും തകർന്നു. 50,000 വീടുകൾ ഭാഗികമായിട്ടാണ് നശിച്ചിരിക്കുന്നത്.
തിരുവോണദിവസം തന്റെ ഓഫിസ് പ്രവർത്തിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ആരെയും രക്ഷപ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ല. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്
*ക്യാമ്പുകള്‍*
കഴിഞ്ഞ ദിവസം രണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തിനാല് (2774) ക്യാമ്പുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്നത് രണ്ടായിരത്തി ഇരുന്നൂറ്റി എണ്‍പത്തിയേഴ് (2287) ആയി കുറഞ്ഞിട്ടുണ്ട്.
*കുടുംബങ്ങള്‍*
രണ്ടുലക്ഷത്തി എഴുപത്തിയെട്ടായിരത്തി എഴുന്നൂറ്റി എണ്‍പത്തിയൊന്ന് (2,78,781) കുടുംബങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത് രണ്ടുലക്ഷത്തി പതിനെണ്ണായിരത്തി നൂറ്റിനാല് (2,18,104) കുടുംബങ്ങളാണ്.
*അന്തേവാസികള്‍*
ക്യാമ്പുകളിലെ താമസക്കാരുടെ എണ്ണം കഴിഞ്ഞ ദിവസം പത്തുലക്ഷത്തി നാല്‍പ്പതിനായിരത്തി അറുന്നൂറ്റി എണ്‍പട്ടിയെട്ട് (10,40,688) ആയിരുന്നുവെങ്കില്‍ ഇന്ന് അത് എട്ടുലക്ഷത്തി അറുപത്തിയൊമ്പതായിരത്തി ഇരുന്നൂറ്റി ഇരുപത്തിനാല് (8,69,224) ആയി മാറിയിട്ടുണ്ട്.
*പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള കണക്കെടുപ്പ്*
രക്ഷാപ്രവര്‍ത്തനമെന്ന ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച്, രണ്ടാംഘട്ടമായ വീടുകളിലേക്ക് മടങ്ങുന്ന പ്രക്രിയയിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനം മാറിയിരിക്കുന്നു. 131683 വീടുകള്‍ ഇതിനകം വൃത്തിയാക്കി താമസയോഗ്യമാക്കിയിട്ടുണ്ട്. ഇത് വെള്ളത്തില്‍ മുങ്ങിപ്പോയ ആകെ വീടുകളുടെ 31 ശതമാനമാണ്. സ്‌ക്വാഡുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും വീടുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനം നടത്തും. ഇത്തരത്തിലുള്ള ഒരു ജനകീയ പ്രവര്‍ത്തനം നമ്മുടെ നാടിന്റെ സാംസ്‌കാരിക ബോധത്തേയും സാമൂഹ്യനിലവാരത്തേയും കൂടി വ്യക്തമാക്കുന്നതാണ്.
വൈദ്യുതി തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണ്. തകരാറിലായ 25.60 സര്‍വ്വീസ് കണക്ഷനുകളില്‍ 23.36 കണക്ഷനുകള്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. തകരാറിലായ 16,158 ട്രാന്‍സ്‌ഫോമറുകളില്‍ 14,314 എണ്ണം പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
*വിവരശേഖരം അനിവാര്യം*
പുനരധിവാസ പ്രവര്‍ത്തനം ശരിയായ നിലയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് വീടുകളുടെയും കടകളുടെയും വിവരം പെട്ടെന്നുതന്നെ ശേഖരിക്കേണ്ടതുണ്ട്. ഓരോരുത്തര്‍ക്കും വന്ന നഷ്‌ടങ്ങള്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ഐ.ടി അധിഷ്‌ഠിത സംവിധാനത്തെ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന ഓണ്‍ലൈന്‍ അപേക്ഷാ ഫോറത്തിലൂടെ ഏതൊരാള്‍ക്കും അവരുടെ വീടിനും കടകള്‍ക്കും സംഭവിച്ച നാശനഷ്‌ടം സര്‍ക്കാരിനെ നേരിട്ട് അറിയിക്കും വിധം അപേക്ഷ സമര്‍പ്പിക്കുവാനുള്ള സംവിധാനമൊരുക്കും. ഇതിന് സ്വയം കഴിയാത്തവര്‍ക്ക് അപേക്ഷ അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കാന്‍ കഴിയും. സൗജന്യമായിട്ടായിരിക്കും ഈ സേവനം നല്‍കുക. ചെലവ് സര്‍ക്കാര്‍ വഹിക്കും. ദുരന്തം അനുഭവിച്ച എല്ലാവരും ഈ രജിസ്‌ട്രേഷന്‍ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
അതോടൊപ്പംതന്നെ, സന്നദ്ധ സംഘടനകളുടെ കൂടി സഹായത്തോടെ ദുരിതബാധിതമായ എല്ലാ വീടുകളുടെയും നിലവിലുള്ള സ്ഥിതി ഒരു മൊബൈല്‍ ആപ്പ് വഴി രേഖപ്പെടുത്തി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഈ വിവരശേഖരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴില്‍ ആവശ്യമായ സാങ്കേതിക പിന്തുണ ഏര്‍പ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്‌ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. പ്രാദേശികമായ സോഷ്യല്‍ ഓഡിറ്റിംഗ് എന്ന നിലയില്‍ ഈ സംവിധാനം മാറും.
ഇത്തരം സംവിധാനം പ്രളയബാധിത പ്രദേശമല്ലെങ്കിലും മഴക്കെടുതി നാശം വിതച്ച എല്ലാ സ്ഥലങ്ങളിലും ഏര്‍പ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
പ്രാഥമിക കണക്കുകള്‍ കാണിക്കുന്നത് 7000 ത്തോളം വീടുകള്‍ പൂര്‍ണ്ണമായും 50,000 ത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നാണ്. ഏതായാലും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാകും.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീടുകളില്‍ പോകുന്നവര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കായി 10,000 രൂപ നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കും. അതിനാവശ്യമായ വിശദാംശങ്ങള്‍ റവന്യൂ അധികൃതരെ അറിയിക്കണം. ഇതിനകം ക്യാമ്പില്‍ നിന്നും പോയ അര്‍ഹതപ്പെട്ടവര്‍ക്ക് ആ തുക നല്‍കുന്നതുമാണ്.
*മാലിന്യനിര്‍മ്മാര്‍ജ്ജനം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍*
വീടുകളില്‍ താമസം മാറാവുന്ന തരത്തില്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക എന്നിടത്താണ് സര്‍ക്കാര്‍ ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. വീടുകളിലെ സൗകര്യം ഉറപ്പുവരുത്തുമ്പോള്‍ പ്രധാനമായും നിലനില്‍ക്കുന്ന ഒരു പ്രശ്‌നം അതിന്റെ വൃത്തിയാക്കലാണ്.
ശുചീകരണ പ്രവര്‍ത്തനത്തില്‍ വിവിധ ഏജന്‍സികളും സംഘടനകളും വ്യക്തികളും സര്‍ക്കാര്‍ സംവിധാനങ്ങളും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വീടുകള്‍, പൊതുസ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ വ്യത്യസ്‌തമായ പ്രദേശങ്ങളാണ് ശുദ്ധീകരിക്കേണ്ടിവരുന്നത്. പല സ്വഭാവത്തിലുള്ള മാലിന്യങ്ങള്‍ കൂടിക്കുഴഞ്ഞ് നില്‍ക്കുന്ന സ്ഥിതിയാണുള്ളത്.
മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. അഴുകിയ മാലിന്യങ്ങളെ വേര്‍തിരിച്ച് സ്വന്തം സ്ഥലത്തുതന്നെ സംസ്‌കരിക്കുക എന്ന രീതിയാണ് സ്വീകരിക്കേണ്ടത്. ചെളിയും മണ്ണുമെല്ലാം പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളാതെ ഒരിടത്ത് സൂക്ഷിച്ചാല്‍ നാം ഏറ്റെടുക്കാന്‍ പോകുന്ന പുനര്‍നിര്‍മ്മാണ പ്രക്രിയയ്‌ക്കും സഹായകമാകാവുന്ന സാഹചര്യമുണ്ട്.
*അഴുകാത്ത മാലിന്യങ്ങള്‍*
അഴുകാത്ത മാലിന്യങ്ങളുടെ കാര്യത്തില്‍ പ്ലാസ്റ്റിക്, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, അപകടകരമായ മറ്റു വസ്‌തുക്കള്‍ എന്നിവ ഉണ്ടാകും. ഇവ ജലാശയത്തിലോ പൊതുസ്ഥലങ്ങളിലോ നിക്ഷേപിക്കുന്ന രീതി ഉണ്ടാകരുത്. ഇവയില്‍ പുനഃചംക്രമണം ചെയ്യാന്‍ കഴിയുന്നവയെ ഏറ്റെടുക്കാന്‍ ഏജന്‍സികളുണ്ട്. അവയ്‌ക്ക് നല്‍കുന്നതിന് ശ്രദ്ധിക്കാനാവണം.
പുനഃചംക്രമണം സാധ്യമല്ലാത്ത മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് അല്‍പ്പം സമയം വേണ്ടിവന്നേക്കാം. അതുവരെ ഇവ ശേഖരിച്ച് സൂക്ഷിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ താല്‍ക്കാലിക സംവിധാനങ്ങളുണ്ടാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ ഇത്തരം സാധനങ്ങള്‍ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിലനില്‍ക്കുന്ന ഹരിത കര്‍മ്മസേന ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി അവ ഏറ്റെടുത്ത് താല്‍ക്കാലിക കേന്ദ്രങ്ങളിലെത്തിക്കുന്നത് ശുചീകരണ പ്രവര്‍ത്തനത്തെ സഹായിക്കും.
പുനഃചക്രമണം നടത്താന്‍ കഴിയുന്നതും നടത്താന്‍ കഴിയാത്തതുമായ അജൈവ മാലിന്യങ്ങള്‍ ഏറ്റെടുത്ത് വിവിധ ഏജന്‍സികള്‍ വഴി അവയെ സംസ്‌കരിക്കുന്നതിനുള്ള ചുമതല ക്ലീന്‍ കേരള കമ്പനിക്കായിരിക്കും. രക്ഷാപ്രവര്‍ത്തനം പോലെതന്നെ നാടിന്റെ ഭാവിക്ക് പ്രധാനമാണ് ശരിയായ രീതിയിലുള്ള ശുചീകരണപ്രവര്‍ത്തനം എന്ന് മനസ്സിലാക്കാനാവണം.
അവ ശരിയായ രീതിയില്‍ നടത്തിയില്ലെങ്കില്‍ അത് ഭാവിയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മനസ്സിലാക്കി ബന്ധപ്പെട്ട എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം ഉണ്ടാക്കിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിത കേരള മിഷനും ശ്രദ്ധിക്കേണ്ടതുണ്ട്.
*വിദഗ്‌ദ്ധ തൊഴിലാളികളുടെ സഹകരണം അനിവാര്യം*
വിദഗ്‌ദ്ധരായ തൊഴിലാളികളുടെ സഹായം പുനരധിവാസത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഈ യാഥാര്‍ത്ഥ്യം കണക്കിലെടുത്തുകൊണ്ട് ഈ മേഖലയിലെ തൊഴിലാളി സംഘടനകളുടെ സജീവമായ സഹകരണം ഉണ്ടാകേണ്ടതുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ സജീവമായി ഇടപെടാന്‍ കഴിയേണ്ടതുണ്ട്. പ്രാദേശികതലത്തില്‍ ഇത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് കഴിയേണ്ടതുണ്ട്.
*നഷ്‌ടമായ രേഖകള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം*
ജനങ്ങളെ അലട്ടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് നഷ്‌ടപ്പെട്ടുപോയ രേഖകളെ സംബന്ധിച്ചുള്ളത്. ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോഴും ഇക്കാര്യം ഏറെപ്പേര്‍ സൂചിപ്പിച്ചിരുന്നു.
പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്‌ടപ്പെട്ടവര്‍ക്ക് ഒരൊറ്റ കേന്ദ്രത്തില്‍ നിന്നും ഇവയെല്ലാം നല്‍കാന്‍ വേണ്ട സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നു. സംസ്ഥാന വിവര സാങ്കേതിക വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതി നിര്‍വ്വഹണത്തിനുള്ള സോഫ്‌റ്റ്‌വെയര്‍ ധൃതഗതിയില്‍ തയ്യാറാക്കിവരികയാണ്.
രേഖകള്‍ നഷ്‌ടപ്പെട്ടയാളുടെ പേര്, മേല്‍വിലാസം, പിന്‍കോഡ്, വയസ്സ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍, ഫിംഗര്‍ പ്രിന്റ് പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രധാന രേഖകള്‍ സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളില്‍നിന്ന് വീണ്ടെടുക്കാനുള്ള പദ്ധതിയാണ് വികസിപ്പിക്കുന്നത്. പേരിലും മറ്റും അന്തരം ഉണ്ടെങ്കിലും കണ്ടുപിടിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.
സെപ്‌റ്റംബര്‍ ആദ്യവാരം മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന അദാലത്തുകളില്‍ കൂടി പൗരന്റെ നഷ്‌ടപ്പെട്ട രേഖകള്‍ വീണ്ടെടുത്ത് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രാരംഭമായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അവരുടെ ഡാറ്റാബേസുകള്‍ വിവര സാങ്കേതിക വകുപ്പുമായി പങ്കുവയ്‌ക്കാനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇതിന്റെ പരീക്ഷാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ഈ മാസം 30-ന് തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് വാര്‍ഡില്‍ നടക്കും.
*ജീവനോപാധികള്‍ നഷ്‌ടപ്പെട്ടുപോയ പ്രശ്‌നങ്ങള്‍*
വീടുകളിലേക്ക് ആളുകള്‍ എത്തിക്കഴിഞ്ഞാല്‍ ജീവനോപാധികളുടെ പ്രശ്‌നങ്ങള്‍ സജീവമായി ഉയര്‍ന്നുവരും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിച്ചുപോയി എന്നു മാത്രമല്ല, പ്രതലത്തിന്റെ സ്വഭാവത്തില്‍ തന്നെ മാറ്റങ്ങള്‍ വന്നത് കാര്‍ഷിക രീതിയെ തന്നെ സ്വാധീനിക്കുന്ന പ്രശ്‌നം ഉയര്‍ന്നുവന്നിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ മരണപ്പെട്ടതും ജീവനോപാധികള്‍ക്ക് ആഘാതമുണ്ടാക്കുകയും ചെയ്യുന്നതാണ്.
ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നുപോയ പ്രശ്‌നവും കച്ചവട സ്ഥാപനങ്ങള്‍ ഇല്ലാതാവുന്നതും മറ്റ് പ്രധാനപ്പെട്ട പ്രശ്‌നമാണ്. വ്യാപാരികള്‍ക്ക് പലിശയില്ലാതെ പത്തുലക്ഷം രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
വീടും വീട്ടുപകരണങ്ങളും ഉപയോഗിക്കാന്‍ പ്രാപ്‌തമാക്കുന്നതിനുള്ള പദ്ധതികള്‍ പോലെ ഇക്കാര്യത്തിലും ചില ഇടപെടലുകള്‍ അനിവാര്യമായി വരും. കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷി പുനരാരംഭിക്കുന്നതിന് ആവശ്യമായ സഹായങ്ങളെ കുറിച്ചും ആലോചിക്കുന്നുണ്ട്. പലിശരഹിതമായും സബ്‌സിഡിയായും ഈ മേഖലയില്‍ ഇടപെടുന്നതിനെ സംബന്ധിച്ചും സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നതാണ്. മൃഗങ്ങള്‍ക്ക് ഭക്ഷണം ഉറപ്പ് വരുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
വ്യവസായ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനുള്ള സഹായങ്ങളും നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കാവുന്നതാണ്. പരമ്പരാഗത വ്യവസായ മേഖലയ്‌ക്കും തിരിച്ചടിയുണ്ടായിട്ടുണ്ട്. ചേന്ദമംഗലം കൈത്തറി പോലെയുള്ള പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കും പ്രളയമേല്‍പ്പിച്ച ആഘാതം വലുതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുകയാണ്.
സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റി യോഗം ചേരുകയും ചെറുകിട വ്യവസായങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ നിലവിലുള്ള വായ്‌പാ തിരിച്ചടവിന് ഒരു വര്‍ഷം മുതല്‍ ഒന്നരവര്‍ഷം വരെ മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. പ്രവര്‍ത്തന മൂലധന വായ്‌പ പുനഃക്രമീകരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മാര്‍ജിന്‍ മണി കൂടാതെ പുതിയ ലോണുകള്‍ ആവശ്യാനുസരണം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭവനവായ്‌പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയവും വീട് പുനര്‍നിര്‍മ്മിക്കുന്നതിനും റിപ്പയര്‍ ചെയ്യുന്നതിനും അധിക ഭവനവായ്‌പ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
അഞ്ചുലക്ഷം രൂപ വരെ എടുക്കുന്ന അധിക ലോണുകള്‍ക്ക് മാര്‍ജിന്‍ മണി ഉണ്ടാകുന്നതല്ല. കാര്‍ഷിക വായ്‌പകള്‍ പുനഃക്രമീകരിക്കാന്‍ എടുത്ത തീരുമാനം നേരത്തെ തന്നെ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വന്നിട്ടുള്ളതാണല്ലോ.
*വാഹനങ്ങളുടെ പ്രശ്‌നം*
വെള്ളത്തില്‍ കിടക്കുന്ന വാഹനങ്ങള്‍ മൂലം വലിയ തോതില്‍ മാലിന്യം പടരുന്ന സ്ഥിതിയും വാഹനങ്ങള്‍ കേടാകുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. ഇവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും.
സ്വകാര്യ പണിമിടപാട് സ്ഥാപനക്കാര്‍ ദുരിതബാധിത പ്രദേശങ്ങളില്‍നിന്ന് പണം പിരിച്ചെടുക്കുന്നതിന് നിര്‍ബന്ധം ചെലുത്തുന്നതായുള്ള പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് അടിയന്തരമായും അവസാനിപ്പിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നതാണ്.
*വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍*
പ്രളയബാധിത പ്രദേശങ്ങളില്‍ സ്‌കൂളുകളിലേക്ക് കുട്ടികള്‍ എത്തുന്ന വഴികള്‍ പലതും വെള്ളം കയറുകയോ, തകര്‍ന്നുപോവുകയോ ചെയ്‌ത പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പിന്നോക്കമേഖലയിലെ വിദ്യാര്‍ത്ഥികളുടെ പഠനവും കൂടുതല്‍ ഗൗരവകരമായ പ്രശ്‌നമായി ഉയര്‍ന്നുവരും.
ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ഇടപെടുന്നതിന് പി.ടി.എകളും പൂര്‍വ്വവിദ്യാര്‍ത്ഥികളും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍ ആസൂത്രണം ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
*സഹായങ്ങള്‍ ലഭ്യമാകുന്നുണ്ട്*
കേരളം ഏറ്റുവാങ്ങിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ള സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇത്തരം ഇടപെടലുകളെ സംബന്ധിച്ച് അഭിനന്ദിച്ചുകൊണ്ടുള്ള കത്തുകള്‍ ലഭിച്ചിട്ടുണ്ട്.
തിരുവോണ ദിവസവും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം എല്ലാ ദിവസത്തെയുമെന്നപോലെ നടക്കുന്നതാണ്. എല്ലാ ദിവസവും കര്‍മ്മനിരതമായി നിന്നുകൊണ്ടു മാത്രമേ നമുക്ക് ഇത്തരം പ്രതിസന്ധിയെ മറികടക്കാനാകൂ എന്ന കാഴ്‌ചപ്പാടോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീങ്ങുന്നത്. അതുകൊണ്ടാണ് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവുമില്ലാത്തവിധം ഓഫീസുകളുടെ പ്രവര്‍ത്തനം നടത്തണമെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലാവട്ടെ ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം 535 കോടി രൂപ ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളും പ്രളയക്കെടുതിയില്‍ നമ്മെ സഹായിക്കാന്‍ മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നുണ്ട്. ഭാരത് പെട്രോളിയം 25 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ബാങ്ക് നാലുകോടി രൂപയും സഹായമായി നല്‍കിക്കഴിഞ്ഞിട്ടുണ്ട്.
വഴിയില്‍ ആളുകളെ തടഞ്ഞുവച്ച് അനധികൃതമായി നടത്തുന്ന പിരിവുകള്‍ നിരുത്സാഹപ്പെടുത്തുന്നതിനുള്ള കര്‍ശന നടപടി സ്വീകരിക്കും.
*സുപ്രീംകോടതി രജിസ്‌ട്രാറുടെ ഉത്തരവ്*
സുപ്രീംകോടതി രജിസ്‌ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് സുപ്രീംകോടതി ജീവനക്കാര്‍ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിരിക്കണമെന്നാണ്.
*അതിജീവിച്ച് മുന്നോട്ട്*
പ്രളയത്തിന്റെ കെടുതിയില്‍ പെട്ടുപോയ കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള തീവ്രമായ പ്രവര്‍ത്തനങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്ക് പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യമാണുള്ളത്. പുനര്‍നിര്‍മ്മാണ പ്രക്രിയയെക്കുറിച്ചുള്ള ആലോചനകളും അതിന്റെ ഭാഗമായി കാഴ്‌ചപ്പാടുകളും രൂപീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ വലിയ തോതിലുള്ള സഹകരണം വ്യത്യസ്‌ത തലങ്ങളിലൂടെ ലഭിക്കേണ്ടതുണ്ട്.
നാം ഒന്നുചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഏത് ദുരന്തങ്ങളേയും മറികടക്കാനാകും. ഓരോ കേരളീയനും നാടിന് വന്നുചേര്‍ന്ന ഈ വിപത്ത് മറികടക്കാന്‍ താന്‍ എന്തു ചെയ്‌തു എന്ന് ആലോചിക്കുന്ന സ്ഥിതി ഉണ്ടാകണം. അത്തരത്തില്‍ പുനരധിവാസ പ്രവര്‍ത്തനത്തെ മുന്നോട്ടുകൊണ്ടുപോകണം.
അങ്ങനെ സന്നദ്ധരായി വരുന്നവരെ ശരിയായ രീതിയില്‍ വിന്യസിക്കുന്നതിനുള്ള കാഴ്‌ചപ്പാട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ വികസിപ്പിക്കാനുമാകണം. അത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളേയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുപോകാനാവുകയും ഉദാരമതികളുടെ സഹായങ്ങള്‍ ലഭ്യമാവുകയും ചെയ്‌താല്‍ നമുക്ക് ഈ പ്രശ്‌നങ്ങളെ മറികടക്കാനാകും എന്നത് ഉറപ്പാണ്.