വെള്ളാപ്പള്ളിയും പിണറായിയും രഹസ്യ ചര്‍ച്ച നടത്തി; മൈക്രോ ഫിനാന്‍സ് കേസില്‍നിന്ന് രക്ഷിക്കാന്‍ ശ്രമം; പിണറായി നല്ലവനെന്ന പുകഴ്ത്തലും

Pinarayi

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന് വിവരം. മൈക്രോ ഫിനാന്‍സ് കേസില്‍നിന്നും വെള്ളാപ്പള്ളിയെ രക്ഷിക്കാമെന്ന് പിണറായി ഉറപ്പ് നല്‍കിയെന്നാണ് സൂചന. ഇതോടെ പിണറായിയെ വിമര്‍ശിച്ച് നടന്ന വെള്ളാപ്പള്ളിയുടെ സ്വരം മാറി.

പിണറായി നല്ലവനാണെന്നാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ അഭിപ്രായം. പുനലൂര്‍ ടിബിയില്‍ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച്ച. ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വെള്ളാപ്പള്ളി ഭയങ്കര ഹാപ്പിയാണ്. പിണറായി വിജയനെ നല്ലവരില്‍ നല്ലവനാക്കിയാണ് വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ പുകഴ്ത്തലുകള്‍. ഇന്നലെയും പിണറായിയെ പുകഴ്ത്തി വെള്ളാപ്പള്ളി രംഗത്തുവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനു തലവരി വാങ്ങുന്നതു നിര്‍ത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതു നല്ല കാര്യമാണെന്ന് പറഞ്ഞാണ് വെള്ളാപ്പള്ളി പിണറായി സ്തുതി തുടര്‍ന്നത്.

പിണറായി വിജയന്‍ ആരാണെന്ന് എനിക്കറിയാം. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു ഞങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടാക്കാനാണു ചിലര്‍ ശ്രമിക്കുന്നത്. പിണറായി നല്ല നേതാവാണ്. ഇടതുപക്ഷത്തിന് ഇതു ശുക്രദശയാണ്. തമ്മിലടി കാരണം കോണ്‍ഗ്രസ് 16 കഷണമായി, ലീഗും ഇടത്തോട്ടു ചായുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് എല്ലാ മന്ത്രിമാരും മുഖ്യമന്ത്രി എന്ന അവസ്ഥയായിരുന്നു”- വെള്ളാപ്പള്ളി പറഞ്ഞു.

സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍ സീറ്റും സര്‍ക്കാര്‍ ഏറ്റെടുത്തു പ്രവേശനം നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഫീസ് ഏകീകരിക്കുന്നതും നല്ലതാണ്. ഇതു സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത നിലപാടല്ല, കേന്ദ്ര സര്‍ക്കാരിന്റെ കൂടി നിര്‍ദേശപ്രകാരമാണ്. ‘മൈക്രോ ഫിനാന്‍സ് അഴിമതിക്കേസില്‍ എനിക്ക് ഒന്നും സംഭവിക്കില്ല. എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണു വി എസ് കേസിനു പോയത്. അദ്ദേഹത്തിന് ഇതിന്റെ നിജസ്ഥിതി ഫോണ്‍ വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു. മൈക്രോ ഫിനാന്‍സിന്റെ പേരില്‍ എസ്എന്‍ഡിപി യോഗത്തിനു കിട്ടിയ മുഴുവന്‍ പൈസയും പരിശോധിച്ചിട്ടാണു ഭാരവാഹികളെ ഏല്‍പിച്ചത്. ഞാന്‍ ഒരു പൈസ പോലും എടുത്തിട്ടില്ല. ഇപ്പോഴും പല ബാങ്കുകളും മൈക്രോഫിനാന്‍സിനായി പണം തരാം എന്നു പറയുന്നുണ്ട്”- വെള്ളാപ്പള്ളി പറഞ്ഞു.

കൊല്ലം എസ്.എന്‍. കോളേജില്‍ പിണറായി വിജയന്‍ വന്നതില്‍ പലര്‍ക്കും സംശയമുണ്ട്. എന്നാല്‍ പിണറായിയുമായി നല്ല ബന്ധമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് എസ്. എന്‍.ഡി.പി. യോഗത്തിന് പ്രത്യേക അഭിപ്രായമൊന്നുമില്ല. മുഖ്യമന്ത്രി പറഞ്ഞ അഭിപ്രായത്തില്‍ സമവായം ഉണ്ടാക്കണം വെള്ളാപ്പള്ളി പറഞ്ഞു.

Top