നിപഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോയെന്ന് പറയാനാകില്ല; രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാകില്ല; സമ്പര്‍ക്കപ്പട്ടിക ഉയര്‍ന്നേക്കാം; മുഖ്യമന്ത്രി

തിരുവനന്തപുരം: നിപഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോയെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നില്ലെന്നതാണ് ആശ്വാസം. തുടക്കത്തില്‍ തന്നെ കണ്ടെത്താനായതുകൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യം ഒഴിവാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ സംവിധാനവും ജാഗ്രതയോടെ ഉദ്യമത്തില്‍ പങ്കാളിയായി. നിപ പ്രതിരോധത്തിന് എല്ലാ ക്രമീകരണവും ഒരുക്കി. മരുന്നുകള്‍, ആംബുലന്‍സ് എന്നിവയും സജ്ജമാക്കി. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്ള കുട്ടികള്‍ക്ക് പ്രത്യേക മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. സംസ്ഥാനത്ത് നിപ രോഗ നിര്‍ണയത്തിന് ലാബുകള്‍ സജ്ജമാണ്. 2023ല്‍ നിപ രോഗ ബാധ സംബന്ധിച്ച പ്രോട്ടോക്കോള്‍ പരിഷ്‌കരിച്ചു. വവ്വാലുകളില്‍ നിന്ന് വൈറസ് ബാധ ഉണ്ടാകാതിരിക്കാന്‍ ബോധവല്‍ക്കരണം നടത്തുന്നു. നിപ പ്രതിരോധത്തില്‍ സര്‍ക്കാര്‍ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. മാധ്യമ ജാഗ്രതയ്ക്ക് അഭിനന്ദനമറിയിച്ച മുഖ്യമന്ത്രി, ഭീതി പടര്‍ത്തുന്ന വാര്‍ത്തകള്‍ നല്‍കരുതെന്നും ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിപ രണ്ടാം തരംഗമുണ്ടാകാനുള്ള സാധ്യത കുറവാണ്. എങ്കിലും സാധ്യത തള്ളാന്‍ സാധിക്കില്ല. കൂടുതല്‍ വവ്വാലുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു. എന്തുകൊണ്ടാണ് വീണ്ടും കോഴിക്കോട് നിപ വന്നതെന്ന ചോദ്യത്തിന് ഐസിഎംആര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിപ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയായിരുന്നു പ്രവര്‍ത്തനം. 19 ടീമുകള്‍ അടങ്ങിയ കോര്‍ കമ്മിറ്റി രൂപീകരിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി. 1286 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. 276 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവരാണ്. 122 പേര്‍ രോഗികളുടെ ബന്ധുക്കളാണ്. 118 ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. 994 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ലക്ഷണങ്ങളുള്ള 394 പേരുടെ സാമ്പിള്‍ ശേഖരിച്ചു. 267 പേരുടെ ഫലം പുറത്തുവന്നു. 6 പേരുടെ പരിശോധനാഫലമാണ് ഇതുവരെ പോസിറ്റീവായത്. ഒമ്പത് പേര്‍ ഐസലേഷനിലുണ്ട്.

Top