കൊച്ചി: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് വാടകയിനത്തില്‍ ചിലവായ പണം ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ചിലവഴിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹെലികോപ്ടറിന്റെ വാടക കൊടുത്തത് ഓഖി ദുരിതാശ്വാസ ഫണ്ടില്‍നിന്നാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇത്തരം കാര്യങ്ങള്‍ ഉദ്യോഗസ്ഥരാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓഖി ദുരന്തം വിലയിരുത്താനെത്തിയ എട്ടംഗ കേന്ദ്രസംഘത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടതു പത്തര ലക്ഷം രൂപ. എന്നാല്‍, ഇതേ സംഘത്തെ കാണാനായി എത്തിയ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു മാത്രമായി വേണ്ടിവന്നത് എട്ടു ലക്ഷം രൂപയും. ഒരേ ഉദ്യോഗസ്ഥനാണ് ഈ രണ്ടു തുകയും ദുരന്തനിവരണ വകുപ്പില്‍നിന്ന് അനുവദിച്ച് ഉത്തരവിറക്കിയതെന്നതും വിചിത്രം. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് യാത്ര ചെയ്തതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്
കഴിഞ്ഞ 26 മുതല്‍ 29 വരെയായിരുന്നു കേന്ദ്ര ദുരന്തനിവാരണ അഡീഷനല്‍ സെക്രട്ടറി വിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം അഞ്ചു ജില്ലകളിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചത്. മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു സന്ദര്‍ശനം. ഇവര്‍ക്കു താമസം, ഭക്ഷണം, യാത്ര എന്നിവ ഒരുക്കാന്‍ തിരുവനന്തപുരം കലക്ടര്‍ക്കു മൂന്നര ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കി.
കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകള്‍ക്ക് ഒരു ലക്ഷം രൂപ വീതവും എറണാകുളത്തിനു രണ്ടര ലക്ഷവും മലപ്പുറത്തിന് ഒന്നര ലക്ഷവും ചെലവിട്ടു. സംഘം തലസ്ഥാനത്തെത്തി ജില്ലകളിലേക്കു തിരിക്കുംമുന്‍പായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഇതിനായി മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ തലസ്ഥാനത്ത് എത്തിയതുള്‍പ്പെടെയുള്ള ചെലവുകൂടി ചേര്‍ത്താല്‍ കേന്ദ്ര സംഘത്തിനായി ആകെ ചെലവിട്ടതു പതിനെട്ടര ലക്ഷം രൂപ.