തിരുവനന്തപുരം: തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷാവസ്ഥയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ശകാരിച്ച് പുറത്താക്കി. മസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചർച്ച പകർത്താനെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരോട് ‘കടക്കൂ പുറത്ത്’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇറക്കി വിട്ടത്.സമാധാന യോഗം റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് വിലക്കുണ്ടായിരുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രി വരുന്നതിന് മുൻപുതന്നെ മാധ്യമപ്രവർത്തകർ മസ്ക്കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നു. ഇവരെയെല്ലാം ആരാണ് ഇങ്ങോട്ട് കടത്തിവിട്ടതെന്ന് അപ്പോൾത്തന്നെ മുഖ്യമന്ത്രി അധികൃതരോട് തിരക്കുന്നുണ്ടായിരുന്നു. തുടർന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ടപ്പോൾ മാധ്യമപ്രവർത്തകർ ഓരോരുത്തരായി പുറത്തിറങ്ങി. അതിനിടെയാണ് ‘കടക്കൂ പുറത്ത്’ എന്ന് മുഖ്യമന്ത്രി വീണ്ടും കയർത്തത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ സമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമാണ് മുഖ്യമന്ത്രി പിണറായി ഇന്നു രാവിലെ സമാധാന ചർച്ചയ്‌ക്കെത്തിയത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എത്തുന്ന ദൃശ്യങ്ങൾ പകർത്താനായി ഹാളിലേക്കു പ്രവേശിച്ച മാധ്യമപ്രവർത്തകരോടാണ് പിണറായി വിജയൻ ക്ഷുഭിതനായത്. മുഖ്യമന്ത്രി എത്തുമ്പോൾ ഏതാനും മാധ്യമപ്രവർത്തകർ ഹാളിന് പുറത്തുണ്ടായിരുന്നു. ഇവർ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുകയും അവർക്കുപിന്നാലെ ഹാളിന്റെ വാതിൽവരെ എത്തുകയും ചെയ്തു. ഇതിനിടെയാണ് മുഖ്യമന്ത്രി ക്ഷുഭിതനായി ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ചത്.അതേസമയം കോടിയേരി ബാലകൃഷ്ണന് സ്വതസിദ്ധമായ ശൈലിയിൽ നിസഹായനായി മാധ്യപ്രവർത്തകരെ നോക്കി ചിരിച്ചു നിൽക്കാൻ മാത്രമെ സാധിച്ചുള്ളൂ. തുടർന്ന് ഹാളിനുള്ളിലേക്ക് ഇരുവരും പ്രവേശിച്ചപ്പോൾ അവിടെയും ഏതാനും ദൃശ്യമാധ്യമപ്രവർത്തകരും ഫോട്ടോഗ്രാഫർമാരും നിൽപ്പുണ്ടായിരുന്നു. ഇവരോടും ‘കടക്ക് പുറത്ത്’ എന്ന് വീണ്ടും ആക്രോശിക്കുകയായിരുന്നു.ഇതോടെ തലസ്ഥാനത്തെ ഏറ്റവും മുതിർന്ന ഫോട്ടോഗ്രാഫർ ഉൾപ്പെടെയുള്ളവർ തലകുനിച്ച് പുറത്തേക്കിറങ്ങുകയായിരുന്നു. ഇതിനു ശേഷം മാത്രമാണ് മുഖ്യമന്ത്രി ഹാളിനുള്ളിൽ പ്രവേശിച്ചത്. സാധാരണഗതിയിൽ, ചർച്ചയ്ക്കായി നേതാക്കൾ ഒരുമിച്ച് ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം ചർച്ച ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് മാധ്യമങ്ങൾ മുറിവിട്ട് ഇറങ്ങാറുള്ളത്.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമാധാന ചർച്ചയ്‌ക്കെത്തിയ മുഖ്യന്ത്രിയുടെ പെരുമാറ്റവും ശരീരഭാഷയും യോഗത്തിനെത്തിയ ബിജെപി നേതാക്കളെ പോലും അമ്പരപ്പിച്ചു. മാധ്യമപ്രവർത്തകരോടുള്ള പിണറായിയുടെ ധാർഷ്ഠ്യം നിറഞ്ഞ പെരുമാറ്റത്തിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. അതേസമയം ആർഎസ്എസ് പ്രവർത്തകനെ സിപിഎമ്മുകാർ കൊലപ്പെടുത്തിയ സംഭവത്തിൽ ഗവർണർ പി സദാശിവം ഇടപെട്ടതും മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചതുമൊക്കെ സർക്കാരിനു തന്നെ നാണക്കേടായതാണ് പിണറായിയുടെ മാധ്യമങ്ങൾക്ക് എതിരായ ആക്രോശത്തിനു കാരണമെന്നാണു വിലയിരുത്തൽ.
ഗവർണർ പി സദാശിവത്തിന്റെ നിർദ്ദേശാനുസരണം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എംഎൽഎ, ആർഎസ്എസ് നേതാവ് പി ഗോപാലൻകുട്ടി എന്നിവരുമായാണ് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ചർച്ച നടത്തുന്നത്. അക്രമ സംഭവങ്ങളിൽ വിശദീകരണം തേടി മുഖ്യമന്ത്രിയെയും ഡി.ജി.പി ലോക്നാഥ് ബഹ്റയെയും ഗവർണർ കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.അക്രമങ്ങളിൽ അസംതൃപ്തി അറിയിക്കാനായിരുന്നു അസാധാരണ നടപടി. കൂടിക്കാഴ്ചയ്ക്കുശേഷം ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തിയ വിവരം ഗവർണർ ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയെ കൂടാതെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എം.എൽ.എ, ആർ.എസ്.എസ് നേതാവ് പി ഗോപാലന്‍കുട്ടി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന് നൽകിയ ഉറപ്പിെൻറ അടിസ്ഥാനത്തിലാണ് ചർച്ച. ചർച്ചക്ക് ശേഷം സമാധാനത്തിന് പൊതു അഭ്യർഥന നടത്തുമെന്നും മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പുൽനകിയിട്ടുണ്ട്. ആവർത്തിച്ച് നിർദേശം നൽകിയിട്ടും അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സർക്കാർ ഒൗദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.