എന്തും വിളിച്ച് പറയുന്നവരുടെ പിന്നിൽ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കും.ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടപടിയെടുക്കും: പരോക്ഷ മറുപടിയുമായി പിണറായി

കോട്ടയം :സ്വര്‍ണ്ണ – ഡോള‍ര്‍ കടത്ത് ആരോപണ പ്രത്യാരോപണങ്ങൾക്കിടെ വിവാദങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തും വിളിച്ച് പറയുന്നവരുടെ പിന്നിൽ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ പേരെടുത്ത് പറയാതെ പരോക്ഷമായായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വര്‍ഗീയ ശക്തികള്‍ക്ക് ഈ നാട്ടില്‍ അഴിഞ്ഞാടാന്‍ കഴിയില്ല. ഭൂരിപക്ഷ വര്‍ഗീയ വാദികള്‍ക്ക് എന്തും വിളിച്ചു പറയാമെന്ന നിലയാണ് പ്രവാചകനിന്ദയിലേക്ക് എത്തിച്ചത്. ഇവിടെ അത് നടക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിരട്ടാനൊന്നും നോക്കേണ്ട. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല. തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും’. നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ‘2021 ൽ വലിയ പടയൊരുക്കവും നുണ പ്രചാരണത്തിന്റെ മലവെള്ളപാച്ചിലുമുണ്ടായി. പ്രചരണത്തിന് നാട്ടിലെ നല്ല ഭാഗം പത്ര ദൃശ്യ മാധ്യമങ്ങളും കൂടി. പക്ഷേ ജനങ്ങൾ ഞങ്ങളെ മനസിലാക്കി. നിങ്ങൾ 99 സീറ്റിൽ ഭരണം നടത്താൻ ജനങ്ങൾ ആവശ്യപ്പെട്ടു’. ഞങ്ങളത് ശിരസാ വഹിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കെ ജി ഒ എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് RSS നടപ്പാക്കുന്നത് ആസൂത്രിത ഹിന്ദുത്വ അജണ്ടയാണ്. രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമം നടക്കുന്നെന്നും സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരുടെ പിന്‍ഗാമികള്‍ രാജ്യം ഭരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമത്തിലൂടെ RSS ഭരണഘടനയെ പോലും വെല്ലുവിളിക്കുന്നു. എല്ലാ മതവിശ്വാസികളെയും അവിശ്വാസികളെയും ഒരു പോലെ കാണുന്നതാണ് മതനിരപേക്ഷത. രാജ്യത്തെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍, രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ പല കാരണങ്ങളുടെ പേരില്‍ ആക്രമിക്കപ്പെടുന്നു. ഇതിന് പിന്തുണ നല്‍കുകയാണ് ഭരണാധികാരികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയതയുടെ അടയാളങ്ങള്‍ സ്വയം എടുത്തണിയാന്‍ ചിലര്‍ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ചിലര്‍ ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാമെന്ന് വിശ്വസിക്കുന്നു. വര്‍ഗീയ ശക്തികള്‍ക്ക് ഈ നാട്ടില്‍ അഴിഞ്ഞാടാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയും കുടുംബവും കറൻസി കടത്തിന്റെ ഭാഗമായി എന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. ഇതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകൾ നടത്തുന്നത്. ഈ സാഹചര്യത്തിൽ കോട്ടയത്ത് പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുപരിപാടിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള മെമ്മോറിയൽ ഹാളിലേക്ക് അദ്ദേഹത്തിന്‍റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂർ മുമ്പേ പൊതുജനത്തിന്‍റെ വാഹനങ്ങൾ തടഞ്ഞു.

മണിക്കൂറുകളോളം വാഹനം തടഞ്ഞതോടെ വഴിയാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി. കറുത്ത മാസ്ക് ധരിച്ചവർ പോലും ഈ വഴി കടന്ന് പോകരുതെന്നാണ് പൊലീസ് നൽകിയ നി‍ർദേശം. കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ പൊലീസ് അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേയായിരുന്നു റോഡുകൾ അടച്ചത്. ബസേലിയോസ് ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ചന്തക്ക കവല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാനകവലകളും പൊലീസ് അടച്ചിട്ടിരിക്കുകയായിരുന്നു.

Top