ആലുവ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സിഎംആര്‍എല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന വിവാദത്തെ ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്ന് മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നു. മാധ്യമങ്ങളില്‍ വന്നത് ആരോപണങ്ങള്‍ മാത്രമല്ല, ഇന്‍കം ടാക്‌സിന്റെ കണ്ടെത്തലുകളാണ്. മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമോ എന്ന് പിന്നീട് തീരുമാനിക്കും. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചശേഷം ആവശ്യമെങ്കില്‍ നിയമോപദശം തേടുമെന്നും അദ്ദേഹം പറഞ്ഞു.
കരിമണല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയ മാസപ്പടി വിവാദത്തില്‍ വീണ വിജയനെ പൂര്‍ണ്ണമായും ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ഒളിഞ്ഞും തെളിഞ്ഞും പ്രതിപക്ഷവും ബിജെപിയും മാസപ്പടി ചര്‍ച്ചയാക്കുന്നതിനിടെയാണ് നടന്നതെല്ലാം നിയമപരമെന്ന സിപിഎം ന്യായീകരണം.