വാഷിങ്ടണ്‍: ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന ഇസ്രായേലിന്റെ വ്യാജ ആരോപണം ആവര്‍ത്തിച്ചതില്‍ ക്ഷമ ചോദിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍. സാറ സിദ്‌നറാണ് ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. വാര്‍ത്ത സംബന്ധിച്ച് സ്ഥിരീകരണം നടത്താതെ ഇസ്രായേലിന്റെ വ്യാജ ആരോപണം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു.
‘കഴിഞ്ഞ ദിവസം ഹമാസ് കുട്ടികളുടെ തലവെട്ടിയെന്നും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നുമാണ് ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഇസ്രായേല്‍ സര്‍ക്കാര്‍ ഇന്ന് അറിയിച്ചത്. ഞാന്‍ എന്റെ വാക്കുകളില്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു’- മാധ്യമപ്രവര്‍ത്തക ട്വിറ്ററില്‍ കുറിച്ചു.
ഹമാസ് ആക്രമണത്തിന് ശേഷം വടക്കന്‍ ഇസ്രായേലില്‍ തലയറുക്കപ്പെട്ട നിലയില്‍ 40 കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു സി.എന്‍.എന്നിന്റെ വ്യാജ വാര്‍ത്ത. ഇസ്രായേല്‍ നല്‍കിയ തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു വ്യാജ വാര്‍ത്ത ചമച്ചത്. കേരളത്തിലേത് അടക്കമുള്ള ചില ഇന്ത്യന്‍ മാധ്യമങ്ങളും വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.