കേരളം എത്ര ഒച്ചവച്ചാലും കേന്ദ്രം കയ്യോടെ പൊക്കും ! സഹകരണ ബാങ്കുകളിലെ കള്ളപണം കണ്ടെത്താന്‍ പ്രത്യേക കേന്ദ്രസംഘമെത്തും; തടയാന്‍ നോക്കിയിരിക്കുന്നവര്‍ക്ക് കയ്യും കെട്ടി ഇരിക്കേണ്ടിവരും

ന്യൂഡല്‍ഹി: കേരളത്തിലെ സഹകരണബാങ്കുകളിള്‍ കള്ളപണമില്ലെന്ന് ഇരുമുന്നണികള്‍ ആണയിട്ടാലും അത് പൊക്കിയേ തീരു എന്ന വാശിയിലാണ് കേന്ദ്ര സര്‍ക്കാര്‍. അത് കൊണ്ടുതന്നെ ശക്തമായ പരിശോധനയ്ക്കാണ് കേന്ദ്ര സംഘം തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ വന്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഡിമാന്‍ഡ് ഡ്രാഫ്റ്റ്, എടിഎം എന്നിവയില്‍ തിരിമറി നടക്കുന്നുവെന്നുമാണ് ആദായ നികുതി വകുപ്പിന് ലഭിച്ച പരാതി. കേന്ദ്ര ധനമന്ത്രി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ആദായനികുതി ചീഫ് കമ്മിഷണര്‍ തുടങ്ങിയവര്‍ക്ക് ഇതേക്കുറിച്ചു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇക്കാര്യം ബിജെപിയിലെ ചില മുതിര്‍ന്ന നേതാക്കളും എംപിമാരും കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധന വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള റായ്ഗഞ്ച് സഹകരണ ബാങ്കില്‍ കള്ളപ്പണനിക്ഷേപം നടന്നുവെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമിന്റെ പരാതിയെ തുടര്‍ന്ന് ആദായനികുതി വകുപ്പു റെയ്ഡ് നടത്തിയിരുന്നു. കേരളത്തില്‍ നിന്നു ലഭിച്ച പരാതികളിന്മേലും സമാനമായ മാര്‍ഗ്ഗം സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന് ബംഗാളിലെ റെയ്ഡുകള്‍ കേന്ദ്ര ധനമന്ത്രാലയം ന്യായീകരണമാക്കുമെന്നാണു വിവരം.

കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളാണ് ആദായനികുതി വകുപ്പു പരിശോധിക്കുന്നത്. കതിരൂര്‍, മാടായി, കോടിയേരി, അഴീക്കോട്, ചെറുതാഴം, ആനപ്പന്തി തുടങ്ങിയ സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഈ ബാങ്കുകളില്‍ മിക്കതും സിപിഎം നിയന്ത്രണത്തില്‍ ഉള്ളതാണ്. അതുകൊണ്ട് തന്നെയാണ് ഈ റെയ്ഡില്‍ രാഷ്ട്രീയം കലരുന്നതും.

കോഴിക്കോട് സിറ്റി സഹകരണ ബാങ്കിലെ ചില അനധികൃത ഇടപാടുകളെക്കുറിച്ചും ആദായനികുതി വകുപ്പിനു പരാതി ലഭിച്ചിട്ടുണ്ട്. കറന്‍സി അസാധുവാക്കല്‍ നടപടിക്കുശേഷം സര്‍വീസ് സഹകരണ ബാങ്കുകള്‍ ചില ന്യൂ ജനറേഷന്‍ ബാങ്കുകളുമായി സഹകരിച്ചു ഡിമാന്‍ഡ് ഡ്രാഫ്റ്റ് (ഡിഡി) മുഖേന വന്‍തുകകള്‍ കൈമാറ്റം നടത്തിയതായും പരാതിയുണ്ട്. സഹകരണ ബാങ്കുകള്‍ക്കു ന്യൂ ജനറേഷന്‍ ബാങ്കുകളിലുള്ള കറന്റ് അക്കൗണ്ടുകള്‍ മുഖേനയാണു ഡിഡി സൗകര്യം ഒരുക്കിയിരുന്നത്.

നേരത്തേ അന്‍പതിനായിരം രൂപയില്‍ താഴെയുള്ള ഡിഡികളാണു കൈകാര്യം ചെയ്തിരുന്നതെങ്കില്‍ കറന്‍സി അസാധുവാക്കല്‍ നടപടിക്കുശേഷം കോടികളുടെ ഇടപാടുകള്‍ നടന്നതായാണ് ആരോപണം. കറന്റ് അക്കൗണ്ടില്‍ പ്രതിദിനം കോടിക്കണക്കിനു രൂപ നിക്ഷേപിക്കാനുള്ള പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചും ആക്ഷേപങ്ങളുണ്ട്. സ്പോണ്‍സര്‍ ബാങ്കുകള്‍ മുഖേന എടിഎം സൗകര്യം ഏര്‍പ്പെടുത്തിയതിലൂടെ സഹകരണ ബാങ്കുകളില്‍ ഉപഭോക്തൃവിവരം (കെവൈസി) വെളിപ്പെടുത്തിയിട്ടില്ലാത്ത അക്കൗണ്ടുകളുള്ളവര്‍ക്കും എടിഎമ്മിലൂടെ രാജ്യത്ത് എവിടെ നിന്നും പണം പിന്‍വലിക്കാന്‍ സൗകര്യം നല്‍കുന്നുണ്ട്. റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ ലംഘിച്ചാണ് ഇത്തരം സംവിധാനമെന്നാണ് ആരോപണം.

നേരത്തെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്താന്‍ എത്തിയപ്പോള്‍ സിഐടിയു നേതാക്കള്‍ ചേര്‍ന്ന് തടഞ്ഞ് തിരിച്ചയച്ച സംഭവം ഉണ്ടായിരുന്നു. അതിന് ശേഷമാണ് കള്ളപ്പണ ആരോപണം കൂടുതല്‍ ശക്തമായതും. കേന്ദ്രം നിലപാട് കടുപ്പിച്ചതും. ഇനിയും സമാനമായ മാര്‍ഗ്ഗം സ്വീകരിക്കാന്‍ തല്‍ക്കാലം കേരളത്തിന് സാധിക്കില്ല.

Top