
കൊച്ചി: അഡ്വക്കേറ്റ് ക്‌ളാര്‍ക്കുമാരുടെ അസോസിയേഷനെതിരായി തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ നീക്കത്തിന് തിരിച്ചടി. കളക്ടറേറ്റ് കെട്ടിടത്തില്‍നിന്ന് അഡ്വക്കേറ്റ് ക്‌ളാര്‍ക്കുമാരുടെ അസോസിയേഷനെ ഒഴിപ്പിക്കാനുള്ള കളക്ടറുടെ നിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി.
നീതിനിര്‍വഹണരംഗത്തെ അവിഭാജ്യഘടകമാണ് അഡ്വക്കേറ്റ് ക്ലാര്‍ക്കുമാര്‍ എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് അസോസിയേഷനെ ഒഴിപ്പിക്കാനുള്ള കളക്ടറുടെ നടപടിക്ക് ന്യായീകരണമില്ലെന്ന് ജസ്റ്റിസ് ഷാജി പി. ചാലി വ്യക്തമാക്കി. അസോസിയേഷന്‍ സെക്രട്ടറി പി. പ്രതാപനാണ് ഹര്‍ജി നല്‍കിയത്.
പുതിയ കോടതിസമുച്ചയം പണിതപ്പോള്‍ അസോസിയേഷന് 1500 ചതുരശ്രഅടി സ്ഥലം നല്‍കി. അത് തീരേ അപര്യാപ്തമാണ്. സുഗമമായ പ്രവര്‍ത്തനത്തിന് 4500 ചതുരശ്രഅടി സ്ഥലം വേണം. സമുച്ചയത്തിലെ സ്ഥലവും നിലവില്‍ കളക്ടറേറ്റ് കെട്ടിടത്തിലുള്ളതും കൂട്ടിയാല്‍ 2650 ചതുരശ്രഅടി സ്ഥലമേ ലഭിക്കുന്നുള്ളൂ. സമുച്ചയത്തില്‍ അസോസിയേഷന് സ്ഥലം കിട്ടിയെന്ന കാരണത്താല്‍ കളക്ടറേറ്റ് കെട്ടിടത്തിലെ മുറി ഒഴിയാന്‍ കളക്ടര്‍ ഉത്തരവിട്ടതാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.
കോടതികളുടെയും വ്യവഹാരികളുടെയും എണ്ണം വളരെ കൂടിയിട്ടുണ്ട്. അതനുസരിച്ച് അഡ്വക്കേറ്റ് ക്‌ളാര്‍ക്കുമാരുടെ എണ്ണവും കൂടി. ക്‌ളാര്‍ക്കുമാര്‍ കോടതി പരിസരത്തുതന്നെ ജോലിയെടുക്കേണ്ടവരാണ്. പ്രായോഗികമായും മാനുഷികമായും നോക്കിയാല്‍ ക്ലാര്‍ക്കുമാര്‍ക്ക് ഇരുന്ന് ജോലിചെയ്യാന്‍ വേണ്ടത്ര സ്ഥലസൗകര്യം കൂടിയേത്തീരൂ എന്ന് ഹൈക്കോടതി അധികൃതരെ ഓര്‍മിപ്പിച്ചു.
ക്‌ളാര്‍ക്കുമാരെ ഒഴിപ്പിക്കാന്‍ കളക്ടര്‍ മുന്നോട്ടുവച്ച വാദങ്ങള്‍ ഹൈക്കോടതി സ്വീകരിച്ചില്ല. പ്രായോഗികസ്ഥിതി വിലയിരുത്തിയാല്‍ ഹര്‍ജിക്കാരന്റെ വാദങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ടിയിരിക്കുന്നുവെന്ന് കോടതി പറഞ്ഞു. കളക്ടറേറ്റില്‍ അസോസിയേഷനുള്ള സ്ഥലം ഒഴിപ്പിക്കാന്‍ കളക്ടറോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ശ്രമിച്ചുകൂടാ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.