മംഗളുരു: പാര്‍ട്ടി ആഘോഷത്തിന്റെ ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ ശ്രീ സുബ്രമഹ്ണീശ്വര കോളജിലെ രണ്ട് വിദ്യാര്‍ത്ഥിനികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രണ്ട് പേരും ബി.ബി.എ വിദ്യാര്‍ത്ഥികളാണ്.
ഒരു ടൂറിസം കേന്ദ്രത്തില്‍ പാര്‍ട്ടി ആഘോഷിക്കുകയായിരുന്ന പെണ്‍കുട്ടികള്‍ വൈനും ബിയറും കുടിക്കുന്നതിന്റെ ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് എബിവിപിയും ഹിന്ദു സംഘടനകളും വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരത്തിലായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയത്.കഴിഞ്ഞ മാസം മുതലാണ് ചിത്രങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്.
അതേസമയം പെണ്‍കുട്ടികള്‍ ഇത്തരമൊരു പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് അച്ചടക്ക നടപടി നേരിട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. ചില വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെയും നാട്ടുകാരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അച്ചടക്ക നടപടിയെന്നും മാതാപിതാക്കള്‍ പറഞ്ഞു. കോളജിന് പുറത്തു നടന്നുവെന്ന ആരോപിക്കപ്പടുന്ന സംഭവത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ നടപടി എടുത്തതിനെ ചോദ്യം ചെയ്ത് സാമൂഹ്യപ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്.