മാര്‍ക്‌സിസം ലോകത്തില്‍ അപ്രസക്തമാകുന്നുവെന്ന് ചൈനയും.ലോക പ്രശ്‌നങ്ങള്‍ക്ക് ഒന്നിനും പരിഹാരം കാണാന്‍ മാര്‍ക്‌സിസത്തിനു കഴിയില്ല

ബീജിങ്:ലോക പ്രശ്‌നങ്ങള്‍ക്ക് ഒന്നിനും പരിഹാരം കാണാന്‍ മാര്‍ക്‌സിസത്തിനു കഴിയില്ലന്ന് ഒടുവില്‍ ചൈനയും മനസിലാകി. മാര്‍ക്‌സിസം ലോകത്ത് അപ്രസക്തമാവുന്നുവെന്ന് ചൈനയും. ഇരുപത് രാജ്യങ്ങളില്‍നിന്നുള്ള 400-ലേറെ മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ പങ്കെടുത്ത ലോക മാര്‍ക്‌സിസം കോണ്‍ഗ്രസില്‍ ചൈനയുടെ മിലിട്ടറി ജനറലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘മാര്‍ക്‌സിസവും മാനവിക വികാസവും’ എന്ന വിഷയത്തില്‍, ഇതാദ്യമായി ചേര്‍ന്ന ലോക മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസില്‍, ഇന്നത്തെ ലോക പ്രശ്‌നങ്ങള്‍ക്ക് ഒന്നിനും പരിഹാരം കാണാന്‍ മാര്‍ക്‌സിസത്തിനു കഴിയില്ലെന്ന് പീക്കിങ് സര്‍വകലാശാലയിലെ ജനറലും നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ കമ്മിസറുമായ ജനറല്‍ ലിയു യാഷോയു തുറന്നു സമ്മതിച്ചു.

ഈ പ്രതിസന്ധി ചൈനയുടെ വികസനത്തെത്തന്നെ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈന ലോകത്തിന്റെ ഒരു മൂലയ്ക്ക് ഒതുക്കപ്പെടാതിരിക്കണമെങ്കില്‍ മാര്‍ക്‌സിസത്തിന്റെ ഈ പരിമിതികള്‍ അതിജീവിക്കുന്ന ആശയാദര്‍ശ വികാസം ഉണ്ടാക്കണമെന്ന് ജനറല്‍ അഭിപ്രായപ്പെട്ടു. ചൈനയുടെ സാമ്പത്തിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍കൂടിയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) ലോക മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്തത്. ‘ഒരു ദര്‍ശനം മറ്റൊന്നുകൊണ്ടു മറികടക്കുക എളുപ്പമല്ല, പക്ഷേ, സാമൂഹ്യ വിഷയങ്ങള്‍ ദര്‍ശനങ്ങളെ തോല്‍പ്പിച്ചുകളയും. ഒരു ദര്‍ശനത്തിന് സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഏറെനാള്‍ ജനങ്ങള്‍ അതിനെ കൊണ്ടുനടക്കില്ല,’ ലിയു യാഷോയു വിശദീകരിച്ചു. വിപണിയധിഷ്ഠിത സമ്പദ് ശാസ്ത്രം എങ്ങനെ പൊതുഉടമസ്ഥാവകാശമെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ വിജയകരമായി നടപ്പാക്കാമെന്ന് മാര്‍ക്‌സിസം വിശദീകരിക്കേണ്ടതുണ്ടെന്ന് പീക്കിങ് സര്‍വകലാശാല വൈസ് പ്രസിഡന്റ് ലിയു വീയ് കോണ്‍ഗ്രസില്‍ സംസാരിക്കവേ അഭിപ്രായപ്പെട്ടു. ഇതിന്റെ ഉത്തരം ചൈനയുടെ സാമ്പത്തിക പരിഷ്‌കാരത്തിന്റെ ജയപരാജയങ്ങള്‍ നിശ്ചയിക്കുമെന്നും ലിയു പറഞ്ഞു. ചൈനയുടെ സാമ്പത്തിക വളര്‍ച്ച വലിയ പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ നിലവിലുള്ള കമ്മ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് നയങ്ങള്‍ പാടേ ഉപേക്ഷിക്കുന്നതിന് താത്വിക അടിത്തറയും പിന്തുണയും ഉണ്ടാക്കാനാണ് മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top