കൊച്ചി: ആറ്റിങ്ങലിൽ അച്ഛനേയും കുട്ടിയേയും മോഷണകുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത് അപമാനിച്ച വിഷയത്തിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. പൊതുമധ്യത്തിൽ അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സർക്കാർ ഉചിതമായ തീരുമാനം ഇക്കാര്യത്തിൽ എടുക്കണമെന്നും കോടതി പറഞ്ഞു.
അമ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പരാതിക്കാരിയായ പെൺകുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തിങ്കളാഴ്ച ഇക്കാര്യത്തിൽ സർക്കാർ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
പെൺകുട്ടിയോടും കോടതിയോടും നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് കേസിൽ ഉൾപ്പെട്ട സിവിൽ പോലീസ് ഉദ്യോഗസ്ഥ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇത് അംഗീകരിക്കുന്നുണ്ടോയെന്ന് ഹർജിക്കാരിയുടെ അഭിഭാഷകയോട് കോടതി ആരാഞ്ഞു. എന്നാൽ ഈ മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്നാണ് അവർ കോടതിയെ അറിയിച്ചത്.
ജനം കൂടിയപ്പോഴാണ് കുട്ടി കരഞ്ഞതെന്ന ഡിജിപിയുടെ വിശദീകരണം തെറ്റാണ്. പോലീസ് ക്ലബിൽ ഇരുന്നാണോ ഇതിൻറെ അന്വേഷണം നടത്തിയതെന്നും കോടതി ചോദിച്ചു.
പോലീസുകാരിയെ പോലീസ് മേധാവി എന്തിനാണ് സംരക്ഷിക്കുന്നത്. ഉദ്യോഗസ്ഥയ്ക്കെതിരേ എന്ത് നടപടിയെടുത്തെന്ന് ഇതുവരെ ഡിജിപി വ്യക്തമാക്കിയിട്ടില്ല. അച്ചടക്ക നടപടി എടുക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്നും സ്ഥലം മാറ്റം ശിക്ഷാ നടപടിയല്ലെന്നും കോടതി പറഞ്ഞു.