വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന് വടകര സ്വദേശിയുടെ പരാതി. ബഹ്‌റിനില്‍ ജോലി ചെയ്യുന്ന യുവാവാണ് വടകര ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്.
മൂന്ന് മാസം മുമ്പ് തന്റെ കുട്ടികള്‍ക്കൊപ്പം വീട് വിട്ടിറങ്ങിയതാണ് തന്റെ ഭാര്യയെന്നും നിയമപരമായി വേര്‍പിരിയാതെയാണ് ഇപ്പോള്‍ യുവതി മനോജിനെ കല്ല്യാണം കഴിച്ചതെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത് എന്ന് ഒരു ഓൺലൈൻ പത്രം റിപോർട്ട് ചെയ്യുന്നു
കോളിളക്കം സൃഷ്ടിച്ച ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതിയാണ് കിര്‍മാണി മനോജ്.കഴിഞ്ഞ ദിവസമായിരുന്നു കിർമാണി മനോജിന്റെ വിവാഹം.11 ദിവസത്തെ പരോള്‍ നല്‍കിയതിനിടക്കാണ് വിവാഹം. പോണ്ടിച്ചേരിയില്‍ വച്ചാണ് കിര്‍മാണി മനോജ് വിവാഹിതനായത്. മാഹിയില്‍ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള പോണ്ടിച്ചേരി സിദ്ധാനന്ദ് കോവിലില്‍ വെച്ച് വിവാഹം നടന്നത്. വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ വധു ഒരു കുട്ടിയുടെ മാതാവു കൂടിയാണ്. ടി പി ചന്ദ്രശേഖരന്റെ നാടും ഇവിടെയാണ്. നാട്ടുകാര്‍ക്ക് വേണ്ടി മാഹി പന്തക്കലിലെ വീട്ടില്‍ വെച്ച് വിവാഹ സത്ക്കാരം സംഘടിപ്പിച്ചേക്കും. ഇന്നലെ നടന്ന വിവാഹത്തിന് പൊലീസ് അകമ്പടിയും ഉണ്ടായിരുന്നു.
പൂജാരിയുള്‍പ്പെടെയുള്ളവരുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും ചില പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം വിവാഹിതനായിരുന്നു.