
കൊച്ചി: വര്‍ഗീയ പ്രചാരണം നടത്തി തെരഞ്ഞെടുപ്പില്‍ വോട്ട് നേടിയെന്ന പരാതിയിന്മേല്‍ കെ.എം.ഷാജിക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് വീണാ ജോര്‍ജിനെതിരെയും പരാതി ഉയരുന്നത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ചും വര്‍ഗീയ പ്രചാരണം നടത്തിയും വോട്ട് പിടിച്ചുവെന്നാണ് വീണയ്ക്കെതിരെയുള്ള ആരോപണം. ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷമേ പരാതി ഉയര്‍ന്നിരുന്നതാണ്.
ആറന്മുള എംഎല്‍എ ആയ വീണാ ജോര്‍ജിനെതിരെ എതിര്‍ സ്ഥാനാര്‍ഥിയായ കെ.ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ.വി.ആര്‍.സോജിയാണ് അന്ന് പരാതി നല്‍കിയത്. എന്നാല്‍ അന്ന് ഹൈക്കോടതി പരാതി തള്ളിയിരുന്നു. എന്നാല്‍ ഷാജിക്കെതിരെ നടപടികള്‍ ഉണ്ടായ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് സോജി.വോട്ട് പിടിക്കാന്‍ മതവും മതചിഹ്നങ്ങളും വീണാ ജോര്‍ജ് ഉപയോഗിച്ചതായി പരാതിയില്‍ പറയുന്നു. വീണാ ജോര്‍ജിന്റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും സഹിതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. ലഘുലേഖയിലും സമാനമായ ചിത്രം ഉള്‍പ്പെടുത്തി വീണാ ജോര്‍ജ് വോട്ടു തേടിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.