മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ കേസെടുത്തതോടെ പികം ശശി എംഎല്‍എയുടെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയാണ്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ അറിയിച്ചു. മൊഴിയെടുക്കാന്‍ കമ്മീഷന്‍ കേരളത്തിലേക്ക് എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ നിയമപരമായി അതിനുള്ള സാധ്യാത കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്. പരാതിയുടെ സ്വഭാവം അറിയാന്‍ കഴിയാത്തതാണ് കാരണം.
ദേശീയ വനിതാ കമ്മീഷന് മൊഴി കൊടുക്കാന്‍ യുവതി തയ്യാറായാല്‍ പികെ ശശി കുടുങ്ങും എന്നത് ഉറപ്പാണ്. ഇത് സിപിഎമ്മിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കും. ഈ സാഹചര്യത്തില്‍ പരാതിക്കാരിയെ ഒപ്പം നിര്‍ത്താനാണ് സിപിഎം ശ്രമം. വെറുമൊരു പാര്‍ട്ടി പ്രശ്നത്തിന്റെ പേരിലാണ് പരാതിയെന്ന് വരുത്താനാകും ശ്രമം. അതിനിടെ പികെ ശശിക്കെതിരെ നടപടിയെടുത്തും പെണ്‍കുട്ടിയെ സംഘടനയ്ക്കൊപ്പം ചേര്‍ത്ത് നിര്‍ത്തണമെന്ന അഭിപ്രായം സിപിഎമ്മില്‍ സജീവമാണ്. ദേശീയ കമ്മീഷന്റെ ഇടപെടല്‍ പീഡനവാര്‍ത്ത ദേശീയ തലത്തില്‍ എത്തിച്ചിട്ടുണ്ട്. നമ്പര്‍ വണ്‍ കേരളത്തിന് വലിയ തിരിച്ചടിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.
ലൈംഗികാതിക്രമ പരാതി പാര്‍ട്ടിക്കകത്ത് ഏതുവിധേനയും തീര്‍ക്കാന്‍ സിപിഎം ശ്രമം തുടങ്ങി. പരാതിക്കാരി പൊലീസിനെ സമീപിച്ചാല്‍ എംഎല്‍എയെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. നിയമസഭയുടെയും സ്പീക്കറുടെയും പ്രത്യേക സംരക്ഷണം എംഎല്‍എയ്ക്ക് ഇക്കാര്യത്തില്‍ ലഭിക്കുമെന്നു കരുതാനാവില്ല. പരാതിക്കാരി പൊലീസിനെ സമീപിച്ചാല്‍ സിആര്‍പിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനു പൊലീസിന് അറസ്റ്റ് ചെയ്യാം. ജാമ്യം കിട്ടാന്‍ പ്രയാസമുള്ള വകുപ്പാണിത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പരാതി ജില്ലാതലത്തില്‍ തന്നെ പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സിപിഎം വിലയിരുത്തുന്നു. ദേശീയ തലത്തില്‍ പോലും എംഎല്‍എയുടെ അറസ്റ്റുണ്ടായാല്‍ വാര്‍ത്തയാകും. ഇത് സിപിഎമ്മിനെ ബാധിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ എല്ലാ പ്രധാന കമ്മ്യൂണിസ്റ്റ് വിരുദ്ധരും ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
ശശിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു യുവമോര്‍ച്ചയും കെഎസ്യുവും നല്‍കിയ പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, തൃശൂര്‍ റേഞ്ച് ഐജിക്കു കൈമാറിയിരുന്നു. പരാതിയില്‍ പ്രാഥമിക പരിശോധന നടത്താനാണു ഡിജിപിയുടെ നിര്‍ദ്ദേശം. പരാതിക്കാരിയുടെ പേരോ പരാതിയുടെ ഉള്ളടക്കമോ ഇതില്‍ ഇല്ലാത്തതിനാല്‍ നേരിട്ടു കേസ് എടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണു പൊലീസ്. ആക്ഷേപം മറികടക്കാന്‍ അതു റേഞ്ച് ഐജിക്കു കൈമാറുന്നതാണ് ഉചിതമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ വനിതാ ക്മീഷന്‍ മൊഴിയെടുക്കാനെത്തുന്നത് പൊലീസിനേയും വെട്ടിലാക്കും. ദേശീയ കമ്മീഷനോട് യുവതി എല്ലാം തുറന്നു പറഞ്ഞാല്‍ അത് ദേശീയ തലത്തില്‍ തന്നെ സിപിഎമ്മിന് നാണക്കേടാകും.
പരാതി മുക്കാന്‍ ബൃന്ദാകാരാട്ട് ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സ്ത്രീ പക്ഷ നേതാവിന്റെ ഭാഗത്തു നിന്നുള്ള നടപടിയാണ് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുന്നത്. ബിജെപിക്കാരും കോണ്‍ഗ്രസുകാരും ഈ വിഷയത്തില്‍ ട്രോളുകളും സജീവമാക്കി. ഇതോടെ സിപിഎം വെട്ടിലാക്കുകയും ചെയ്തു. അതിനിടെ ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവായ വനിത നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാതലത്തില്‍ നടന്നതു പല രീതിയിലുള്ള ശ്രമങ്ങളാണെന്ന വിവരവും പുറത്തു വന്നു. പരാതിയുമായി മുന്നോട്ടു പോയ യുവതി പാര്‍ട്ടി എന്തു നടപടിയെടുക്കുമെന്നു കാത്തിരിക്കുകയാണ് എന്നാണു വിവരം. ഇല്ലാത്ത പക്ഷം പൊതു സമൂഹത്തിലേക്ക് വിഷയം അവതരിപ്പിക്കും. നിലവില്‍ കേസെടുക്കാതെ മാറി നില്‍ക്കുന്ന സംസ്ഥാന വനിതാ കമ്മീഷനും ഇതോടെ വെട്ടിലാകും.
ഓഗസ്റ്റ് 25ന് എംഎല്‍എ വിശ്വസ്തരായ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ യോഗം വിളിച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചന രൂപപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടിയെ ബാധിക്കുന്ന ഈ പ്രശ്നത്തെ നേരിടണമെന്നും നിര്‍ദ്ദേശം നല്‍കി. പരാതിക്കാരിയെ നേരില്‍ കണ്ടു സമ്മര്‍ദം ചെലുത്തുന്നതിനു രണ്ടു മുതിര്‍ന്ന അംഗങ്ങളെ ചുമതലപ്പെത്തി. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് എത്തിയ ഇവരോട് ‘നിങ്ങളുടെ മക്കള്‍ക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കില്‍ എന്തായിരിക്കും പ്രതികരണം’ എന്നു യുവതിയുടെ ചോദ്യം. ഇതോടെ രണ്ടുപേരും പിന്‍വാങ്ങി. ഈ സാഹചര്യത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ എത്തിയാല്‍ യുവതി എല്ലാം തുറന്നു പറയുമെന്ന ഭയം അവര്‍ക്കുണ്ട്. പരാതി ഒളിപ്പിച്ചവരും കുടുങ്ങും.
രണ്ടാമത് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിലെ രണ്ടു പേരുടെ അനുനയ ശ്രമം നടന്നിരുന്നു. വിഷയം പുറത്തുവന്നാല്‍ പാര്‍ട്ടിക്ക് അപകീര്‍ത്തിയാകുമെന്നും പാര്‍ട്ടിക്കു പരുക്കേല്‍ക്കാതിരിക്കാന്‍ പിന്മാറണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ സമാനമായ പരാതിയില്‍ കണ്ണൂരിലെ നേതാവിനെതിരെ നടപടി ഉണ്ടായപ്പോള്‍ പാര്‍ട്ടിക്കൊന്നും സംഭവിച്ചില്ലല്ലോ എന്നായിരുന്നു യുവതിയുടെ മറുചോദ്യം. അനുനയത്തിനു ശ്രമിച്ച ജില്ലാ നേതാക്കളെ ഈ സമയത്തു മറ്റൊരു ഡിവൈഎഫ്ഐ നേതാവ് ഫോണില്‍ വിളിച്ച് ‘നിങ്ങളെ ആരാണ് ഇതിനു ചുമതലപ്പെടുത്തിയത്’ എന്നു ചോദിച്ചു ക്ഷോഭിക്കുന്നു. സംഭവം മാധ്യമങ്ങളിലൂടെ പുറത്തായതിനു ശേഷം ജില്ലയ്ക്കു പുറത്തുള്ള കേന്ദ്രത്തില്‍ യുവതിക്കൊപ്പം നില്‍ക്കുന്നുവെന്നു കരുതുന്നവരുമായി ചര്‍ച്ച നടത്തുന്നു. പക്ഷേ, അവര്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. സഹകരണ സ്ഥാപനത്തില്‍ ജോലിയുള്ള വിശ്വസ്തനെ ഉപയോഗിച്ചു പണം വാഗ്ദാനം ചെയ്യാനുള്ള ശ്രമവും പൊളിയുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ശശിയുടെ നീക്കങ്ങള്‍ പൊളിയുകയാണ്.
വിഷയത്തില്‍ വെട്ടിലായത് സംസ്ഥാന വനിതാ കമ്മീഷനാണ്. പി.കെ.ശശിക്കെതിരെ വനിതാ കമ്മിഷനു പരാതി ലഭിച്ചിട്ടില്ലെന്ന് അധ്യക്ഷ എം.സി.ജോസഫൈന്‍ പ്രതികരിച്ചിരുന്നത്. പരാതി ലഭിക്കാതെ നടപടിയെടുക്കാനാകില്ല. ഇര പരാതി പുറത്തുപറയുമ്പോള്‍ മാത്രമാണു സ്വമേധയാ കേസെടുക്കാനാകുക. പാര്‍ട്ടിക്കു ലഭിച്ച പരാതി പൊലീസിനു കൈമാറണമോ എന്നു തീരുമാനിക്കേണ്ടതു പാര്‍ട്ടിയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടേതായ രീതിയുണ്ടെന്നും അവര്‍ പ്രതികരിച്ചു.
എന്നാല്‍ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ നടപടി എടുക്കുകയും ചെയ്തു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതോടെ ജോസഫൈന്‍ സിപിഎം നേതാവായതു കൊണ്ട് എംഎല്‍എ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. വനിതാ വിഷയങ്ങളില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന കമ്മീഷനെതിരെ വ്യാപക ട്രോളുകളാണ് പ്രചരിക്കുന്നതും. അതിനിടെ ശശിക്കെതിരെയുള്ള പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ട കാര്യമില്ലെന്നു മന്ത്രി ഇ.പി.ജയരാജന്‍ പ്രതികരിച്ചു. സര്‍ക്കാരിനു മുന്നില്‍ ഇതു വന്നിട്ടില്ല. പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി നോക്കും. മന്ത്രി കെ.കെ.ശൈലജ ഇതു സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി.
സ്ത്രീ വിഷയങ്ങളില്‍ എന്നും വലിയ പോരാട്ടമായിരുന്നു ബൃന്ദാകാരട്ട് നടത്തിയത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ പീഡനമെത്തിയപ്പോള്‍ അവര്‍ പരാതി മുക്കി. പി.കെ.ശശിക്കെതിരായ പരാതി കൈകാര്യം ചെയ്തതില്‍ വലിയ വീഴ്ചയാണ് അവര്‍ക്കുണ്ടായത്.
ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പരാതി നല്‍കിയതോടെയാണു പരാതിക്കാരിക്കു നീതി കിട്ടിയതെന്ന വ്യാഖ്യാനം സജീവമാണ്. ഇത് സംസ്ഥാന നേതൃത്വത്തിനും പ്രകാശ് കാരാട്ടിനും രുചിച്ചിട്ടില്ല. യച്ചൂരിക്ക് അയയ്ക്കുന്നതിനു മുന്‍പായി പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനു പരാതിക്കാരി മെയില്‍ അയച്ചിരുന്നു. അതു സംസ്ഥാന ഘടകം പരിശോധിക്കണമെന്നു വൃന്ദ നിര്‍ദ്ദേശിച്ചുവെന്ന് വരുത്താനും ശ്രമമുണ്ട്. ഏതായാലും വലിയ ഇമേജ് നഷ്ടമാണ് ബൃന്ദയ്ക്ക് ഉണ്ടാകുന്നത്.