പല സംസ്ഥാനങ്ങളിലും എംഎല്‍എമാരെ മാളത്തില്‍ ഒളിപ്പിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഈ 5 വര്‍ഷത്തിനിടെയാണ് രാജ്യത്ത് വലിയ കുതിരക്കച്ചവടങ്ങള്‍ നടന്നിരിക്കുന്നത്. 5 വര്‍ഷത്തിനിടെ 10 സംസ്ഥാനങ്ങളില്‍ നിന്നായി ബിജെപിയിലേക്ക് ചേക്കേറിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം കേട്ടാല്‍ ഞെട്ടും.
കേവല ഭൂരിപക്ഷം ഇല്ലെങ്കില്‍ അത് തികയ്ക്കാനും അധികാരത്തില്‍ ഉളള സര്‍ക്കാരിനെ വലിച്ച് താഴെയിടാനും കുതിരക്കച്ചവടം നടത്തുന്നത് രാഷ്ട്രീയത്തില്‍ പതിവായിരിക്കുന്നു. കര്‍ണാടകയും ഗോവയുമെല്ലാം ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ്.
ഗോവയും ത്രിപുരയും മണിപ്പൂരും അരുണാചല്‍ പ്രദേശും അടക്കമുളള സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലേറിയത് പോലും കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറ് മാറ്റിയാണ്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ പത്ത് സംസ്ഥാനങ്ങളില്‍ നിന്നായി ബിജെപിയിലേക്ക് കാല് മാറിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 80ല്‍ അധികമാണ്. ദേശീയ രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ച ഒരു വന്‍ കുതിരക്കച്ചവടമാണ് ഇടത് കോട്ട ആയിരുന്ന ത്രിപുരയില്‍ ബിജെപി നടത്തിയത്. കോണ്‍ഗ്രസിനെ മൊത്തമായി വിലക്കെടുത്ത് എന്ന് തന്നെ വേണം പറയാന്‍. ത്രിപുരയില്‍ ഭരണം പിടിക്കാന്‍ കോടികള്‍ ആണ് ബിജെപി ഒഴുക്കിയത്. ഒരു എംഎല്‍എ പോലും ഇല്ലാതിരുന്നു ത്രിപുര നിയമസഭയില്‍ ബിജെപിക്ക്.
60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നതാകട്ടെ 9 എംഎല്‍എമാര്‍ ആയിരുന്നു. ഇവരെ സ്വന്തം പാളയത്തിലെത്തിക്കുകയാണ് ബിജെപി ആദ്യം ചെയ്തത്. പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന-ജില്ലാ നേതാക്കളേയും പ്രവര്‍ത്തകരേയും കാവി അണിയിച്ചു. ഒറ്റയടിക്ക് ത്രിപുരയിലെ കോണ്‍ഗ്രസ് ബിജെപിയായി. ഒരു എംഎല്‍എ പോലും ഇല്ലാതിരുന്ന ഇടത്ത് നിന്ന് ബിജെപി അധികാരത്തിലേറി. പാര്‍ട്ടി ഒന്നാകെ കാവി ഉടുത്തതോടെ കോണ്‍ഗ്രസ് കിട്ടിയത് വെറും 2 ശതമാനത്തില്‍ താഴെ മാത്രം വോട്ട്.
2013ലെ തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ട് നേടി പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നറിയുമ്പോള്‍ മനസ്സിലാക്കാം ഇത്തവണ വോട്ട് എങ്ങോട്ട് ഒഴുകിയെന്ന്. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി എംഎല്‍എമാരായി. നിലവില്‍ ബിജെപിക്ക് 36 എംഎല്‍എമാരുണ്ട്. ഇവരില്‍ പകുതിയും നേരത്തെ കോണ്‍ഗ്രസിലുണ്ടായിരുന്നവരാണ്. പട്ടാപ്പകല്‍ കുതിരക്കച്ചവടം നടന്ന മറ്റൊരു പ്രധാന സംസ്ഥാനം ഗോവ ആയിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ഭരണം പിടിക്കാന്‍ സാധിച്ചില്ല.
40 പേരുളള നിയമസഭയില്‍ 17 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇവിടെയും എംഎല്‍എമാര്‍ കോണ്‍ഗ്രസിന്റെ കാല് വാരി. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിക്കൊപ്പം ചേര്‍ന്നത്. ഇതോടെ ബിജെപി സര്‍ക്കാരുമുണ്ടാക്കി. ആസാമിലും സ്ഥിതി വ്യത്യസ്തമല്ല. കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മയാണ് ബിജെപിയും കുതിരക്കച്ചവടത്തിന് ചുക്കാന്‍ പിടിച്ചത്. തെരഞ്ഞെടുപ്പ് അടുത്തതോടെ എംഎല്‍എമാരും എംപിമാരും കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുകി. ബിജെപി സര്‍ക്കാരുണ്ടാക്കുക കൂടി ചെയ്തപ്പോള്‍ ആ ഒഴുക്ക് കൂടി. മറ്റൊരു വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ കാല് മാറി.
60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 28 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 9 പേര്‍ ബിജെപി ക്യാംപിലെത്തിയതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു. അരുണാചാല്‍ പ്രദേശിലേത് ഇതിലൊക്കെ വിചിത്രമാണ്. 60 അംഗ നിയമസഭയാണ് അരുണാചല്‍ പ്രദേശിലേത്. ഇതില്‍ കോണ്‍ഗ്രസിന് ഉളളത് 45 പേര്‍. മുഖ്യമന്ത്രി പേമ കണ്ഡുവിന്റെ നേതൃത്വത്തില്‍ നേതാക്കളെല്ലാം ആദ്യം പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു. അവിടെ നിന്ന് നേരെ ബിജെപിയിലേക്കും.
അങ്ങനെ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അരുണാചലിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബിജെപി മുഖ്യമന്ത്രിയായി. ഉത്തരാഖണ്ഡില്‍ 9 കോണ്‍ഗ്രസ് എംഎല്‍എമാരാണ് കൂറ് മാറിയത്. മുന്‍ മുഖ്യമന്ത്രി അടക്കമാണിത്. തുടര്‍ന്ന് സര്‍ക്കാര്‍ നിലം പതിച്ചു. ബിജെപി അധികാരത്തില്‍ വരികയും ചെയ്തു. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത് രണ്ട് എംഎല്‍എമാര്‍. കര്‍ണാടകത്തില്‍ 4 പേര്‍ ഇതിനകം തന്നെ ബിജെപി ക്യാംപിലെത്തിയിട്ടുണ്ട്.