തിരുവനന്തപുരം:ഒടുവിൽ കോൺഗ്രസിലെ പതിനാറു സ്ഥാനാർത്ഥികാലിൽ പതിനാലിടത്ത് ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു . രൂക്ഷമായ തർക്കങ്ങൾക്കും ഗ്രൂപ്പ് പോരിനുമിടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കൂടി ദ്യോഗികമായി പ്രഖ്യാപിച്ചത് . ആറ്റിങ്ങലിൽ നിന്ന് അടൂർ പ്രകാശും ആലപ്പുഴയിൽ നിന്ന് ഷാനി മോൾ ഉസ്മാനും മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ നാല് സീറ്റിന്‍റെ കാര്യത്തില്‍ തര്‍ക്കം തുടരുകയായിരുന്നു. വയനാട്ടിൽ ടി.സിദ്ദിക്കും ,വടകരയില്‍ കെ മുരളീധരനെയും സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് അവസാന തീരുമാനം.
നിലവിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക:
തിരുവനന്തപുരം: ശശി തരൂര്‍
ആറ്റിങ്ങൽ: അടൂർ പ്രകാശ്
മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട: ആന്‍റോ ആന്‍റണി
ആലപ്പുഴ: ഷാനിമോൾ ഉസ്മാൻ
എറണാകുളം: ഹൈബി ഈഡൻ
ഇടുക്കി: ഡീൻ കുര്യാക്കോസ്
തൃശൂര്‍: ടി എൻ പ്രതാപൻ
ചാലക്കുടി: ബെന്നി ബെഹ്നാൻ
ആലത്തൂർ: രമ്യ ഹരിദാസ്
പാലക്കാട്: വി കെ ശ്രീകണ്ഠൻ
കോഴിക്കോട്: എം കെ രാഘവൻ
കണ്ണൂര്‍: കെ സുധാകരൻ
കാസര്‍കോട്: രാജ്മോഹൻ ഉണ്ണിത്താൻ
അതേസമയം യുഡിഎഫ് കേന്ദ്രങ്ങളെ ആവേശത്തിരയിലാഴ്ത്തുന്നതായി വാടകരം ലോക്സഭാ മണ്ഡലത്തിൽ കെ.മുരളീധരന്റെ രംഗപ്രവേശം. കെ.മുരളീധരനെപ്പോലെ കൃത്യമായി രാഷ്ട്രീയം പറയാനാവുന്ന നേതാവിന്റെ സാന്നിധ്യം വടകരയിലെ എൻട്രി യുഡിഎഫിലെ മറ്റു കക്ഷികളെയും ആവേശഭരിതരാക്കുന്നു. കരുത്തനായ പി ജയരാജനെതിരെ കോൺഗ്രസിന് ഇറക്കിക്കളിക്കാവുന്ന തുറുപ്പുചീട്ട് തന്നെയാണ് കെ മുരളീധരൻ. വടകരയിൽ മത്സരിക്കാൻ മുരളീധരൻ എടുത്ത തീരുമാനത്തെ ഒരുപക്ഷേ സാഹസികം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാതെ വിട്ടുനിന്ന മണ്ഡലത്തിലേക്കാണ്, ഉമ്മൻചാണ്ടിയും കെ സി വേണുഗോപാലും വി എം സുധീരനും മത്സരിക്കാൻ വിസമ്മതിച്ച തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാനാണ് അദ്ദേഹം കോൺഗ്രസിനുവേണ്ടി കച്ചമുറുക്കുന്നത് എന്നതുതന്നെ കാര്യം.
നിഷ്പക്ഷ വോട്ടുകളും എതിർചേരികളിൽ നിന്നു മറിക്കാവുന്ന വോട്ടുകളും മുരളീധരന്റെ സ്ഥാനാർഥിത്വം കൊണ്ട് യുഡിഎഫിന് അനുകൂലമാകുമെന്ന പ്രതീക്ഷയുമുണ്ട്. മുരളീധരനു സ്വാഗതമോതി വടകര നഗരത്തിൽ നടന്ന പ്രകടനത്തിൽ വൻ ജനപങ്കാളിത്തമായിരുന്നു. മുരളി നാളെ വൈകുന്നേരം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വടകര സ്റ്റേഷനിൽ വൈകിട്ട് 4ന് വൻ സ്വീകരണമൊരുക്കിയിട്ടുണ്ട്.
അടുത്ത കാലത്തായി വടകര മേഖലയിലെ കോൺഗ്രസ് പരിപാടികളിൽ ഏറെ സജീവമായിരുന്ന മുരളീധരൻ ലോക്സഭാ സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയൊന്നും പ്രവർത്തകരിലുമുണ്ടായിരുന്നില്ല. ഗൾഫ് മലയാളികൾക്കിടയിൽ മുരളിക്കുള്ള വലിയ സ്വാധീനവും ഏറെ പ്രതിഫലിച്ചിരുന്നത് വടകരയിലുൾപ്പെട്ട നാദാപുരം, പാനൂർ മേഖലയിലായിരുന്നു. കെ.കരുണാകരന്റെ സ്വാധീന മേഖല എന്ന നിലയിലും മുരളിക്ക് വടകര, തലശ്ശേരി കൊയിലാണ്ടി എന്നിവിടങ്ങളിൽ തിളങ്ങാൻ കഴിയുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു.അക്രമരാഷ്ട്രീയത്തിനെതിരെ വടകരയിൽ നടന്ന പരിപാടികളിൽ മുരളീധരൻ സജീവമായിരുന്നു. രാഷ്ട്രീയ വിഷയങ്ങളിൽ എതിരാളികളെ കടന്നാക്രമിക്കുകയും കുറിക്കു കൊള്ളുന്ന പ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്ന മുരളീധരന്റെ പ്രസംഗശൈലിക്കും ഇവിടെ ഏറെ ആരാധകരുണ്ട്. സ്ഥാനാർഥി നിർണയം വൈകിയതിന്റെ വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മാറ്റു കുറയ്ക്കുമെന്ന ഭീഷണി ഒഴിവാക്കാൻ മുരളിയുടെ സ്ഥാനാർഥിത്വം കാരണമായെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്.
പി ജയരാജന് എതിരായി കെ മുരളീധരൻ എത്തുന്നതോടെ സംസ്ഥാനത്തെ ഏറ്റവും തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമായി വടകര മാറും. ഇരു മുന്നണികളുടേയും ഏറ്റവും ശക്തിയുള്ള ആയുധങ്ങൾ വടകരയിൽ പരമാവധി പ്രഹരശേഷിയോടെ വർഷിക്കപ്പെടും. കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിന് ശേഷം മുൻനിര നേതൃത്വത്തിലേക്ക് ഉയരാനാകാതെ രണ്ടാം നിരയിലെ ഒന്നാം നിരക്കാരനായി ക്ഷമയോടെ ഒതുങ്ങിക്കൂടുകയായിരുന്നു മുൻ കെപിസിസി പ്രസിഡന്‍റ്. വട്ടിയൂർക്കാവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം മണ്ഡലത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. സംസ്ഥാന, ദേശീയ വിഷയങ്ങളിൽ അപൂർവമായി മാത്രം ഇടപെട്ടു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മാത്രമല്ല, യുഡിഎഫിന്‍റെ തന്നെ പ്രധാന പോർമുനയായി മുരളീധരൻ മാറുന്ന അപ്രതീക്ഷിത സാഹചര്യത്തിലേക്കാണ് വടകരയിൽ തട്ടി വഴിമുട്ടിയ കോൺഗ്രസിന്‍റെ സീറ്റ് നിർണ്ണയം വികസിച്ചത്.
ദേശീയതലത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് അതിനിർണ്ണായകമായ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ കേരളത്തിൽ എ, ഐ ഗ്രൂപ്പുകൾ തുറന്ന പോര് തുടങ്ങിയതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ വിഷമിച്ച സമയത്ത് ധൈര്യമായി മുന്നോട്ടുവന്ന് ദൗത്യമേറ്റെടുത്ത മുരളീധരൻ ഇതോടെ ഹൈക്കമാൻഡിനും പ്രിയപ്പെട്ടവനാകും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശശി തരൂരിനേക്കാൾ സീനിയർ നേതാവെന്ന നിലയിൽ കേന്ദ്രമന്ത്രി സ്ഥാനത്തേക്കും മുരളീധരനെ പരിഗണിച്ചേക്കും. വടകരയിൽ മുരളീധരനുവേണ്ടിയുള്ള യുഡിഎഫ് പ്രചാരണത്തിൽ ഈ സാധ്യതയടക്കം ഉയരും.
വടകരയിൽ ജയിച്ചാലും തോറ്റാലും കോൺഗ്രസിൽ മുരളീധരൻ കൂടുതൽ കരുത്തനാകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കും രമേശിനും മുല്ലപ്പള്ളിക്കും കെ സി വേണുഗോപാലിനുമൊപ്പം എണ്ണുന്ന പേരായി, ഇതിൽ ചിലരേക്കാളെങ്കിലും പ്രാധാന്യമുള്ള നേതാവായി മുരളീധരൻ മാറുകയും ചെയ്യും. സംസ്ഥാന കോൺഗ്രസിലെ ഏറ്റവും കരുത്തനായ ഉമ്മൻചാണ്ടിയുമായി വടകര സ്ഥാനാർത്ഥിത്വത്തോടെ മുരളീധരൻ കൂടുതൽ അടുക്കും. എ, ഐ പോരിനിടയിൽ വിശാല ഐ ഗ്രൂപ്പ് എവിടേക്കെന്നതിന്‍റെ ദിശാസൂചിയുമാകും വടകര.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/