പ്രിയങ്ക നേതൃത്വം നൽകുന്ന ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ ഭിന്നത;കോൺഗ്രസ് നേതാക്കളെ പുറത്താക്കി.

ന്യുഡൽഹി : കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ മുറുകുകയാണ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലും ആഭ്യന്തര പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് രണ്ട് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പിപിസി അധ്യക്ഷനായ അജയ് കുമാര്‍ ലല്ലുവിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന കണ്ടെത്തലിലാണ് കോണ്‍ഗ്രസ് നടപടി

കൊണാര്‍ക് ദീക്ഷിത്, ഗൗരവ് ദീക്ഷിത് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ആറ് വര്‍ഷത്തേക്കാണ് നടപടി. പാര്‍ട്ടിയുടെ അച്ചടക്ക കമ്മിറ്റി അംഗം ശ്യാം കിഷോര്‍ ശുക്ലയാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ ഇരു നേതാക്കളും നിഷേധാത്മകവും അടിസ്ഥാനരഹിതവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് നടപടിയറിയിച്ചുകൊണ്ടുള്ള കത്തില്‍ പരാമര്‍ശിക്കുന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗമായ അജയ്കുമാര്‍ ലല്ലുവിനെതിരെ ഇരു നേതാക്കളും പ്രചാരണം നടത്തുകയാണെന്നാണ് ആരോപണം. അജയ്കുമാര്‍ ലല്ലു ഉയര്‍ന്ന ജാതി വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നുവെന്നായിരുന്നു ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഇരു നേതാക്കളും ശോഷിത് സവര്‍ണ്ണ കോണ്‍ഗ്രസ് എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും ആരംഭിച്ചിരുന്നു. ഉയര്‍ന്ന ജാതിക്കാരായ കോണ്‍ഗ്രസ് അംഗങ്ങളോട് അജയ് കുമാര്‍ ലല്ലു കാണിക്കുന്ന അനീതി ചര്‍ച്ച ചെയ്യുകയെന്ന ഉദേശത്തോടെയായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഒപ്പം കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം നശിപ്പിക്കുന്ന തരത്തില്‍ പാര്‍ട്ടിയിലേക്ക് ഇടതുചായ്‌വുള്ളവരുടെ വരവിനേക്കുറിച്ചും ഗ്രൂപ്പില്‍ പരാമര്‍ശിക്കുന്നു.

ഒബിസി വിഭാഗത്തില്‍ നിന്നുള്ള ഉയര്‍ന്ന നേതാവായ അജയ്കുമാര്‍ ലല്ലുവിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പിപിസി അധ്യക്ഷനായി ചുമതലപ്പെടുത്തിയത്. നേരത്തെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേടാവായിരുന്ന അജയ് കുമാര്‍ ലല്ലു കുഷിനഗര്‍ ജില്ലയില്‍ നിന്നുള്ള നേതാവാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ലല്ലുവിന്റെ നേതൃത്വം സംസ്ഥാനത്ത് മൊത്തം ജനസംഖ്യയില്‍ അമ്പത് ശതമാനം വരുന്ന പിന്നാക്ക വിഭാഗക്കാര്‍ക്കിടയില്‍ ചലനമുണ്ടാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍.

പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിച്ചതിന്റെ പേരില്‍ 2019 നവംബറില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ നിന്നും പത്ത് നേതാക്കളെ പുറത്താക്കിയിരുന്നു. മുന്‍ എംഎല്‍എമാരും എംപിമാരും എഐസിസി അംഗങ്ങളും സംസ്ഥാന ഭാരവാഹികളേയും അടക്കമായിരുന്നു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. മുന്‍ എംപി സന്തോഷ് സിങ്, എഐസിസി അംഗങ്ങളായ സിരാജ് മെഹെന്ദി, ഉത്തര്‍പ്രദേശ് മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് എസ്പി ഗോസാമി എന്നിവരെ ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയത്.മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്നും മുന്‍നിര നേതാവായിരുന്ന ജ്യോതി രാദിത്യ സിന്ധ്യ രാജിവെക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്തത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സിന്ധ്യക്ക് പിന്നാലെ അനുകൂലികളും രാജി വെച്ചതോടെ കോണ്‍ഗ്രസിനം സംസ്ഥാനം തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി.

Top