ലഖ്‌നൗ: ആദ്യം യുപി പിടിക്കും പിന്നെ ഇന്ത്യയും ! പുതിയ ഫോർമുലയുമായി കോൺഗ്രസ് നീക്കം. സംസ്ഥാനത്തെ ദളിതുകളും മുസ്‌ലിങ്ങളും ബിഎസ്പിയോടും എസ്പിയോടും ഇടഞ്ഞുനില്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് തന്ത്രജ്ഞര്‍ പറയുന്നത്. ഈ സാമൂഹ്യവിഭാഗങ്ങളെ ഒപ്പം നിര്‍ത്തിയാല്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെയുള്ള പ്രധാന എതിരാളി മാറാം എന്നാണ് അവര്‍ പറയുന്നത്. എസ്പിക്കും ബിഎസ്പിക്കും വോട്ട് ചെയ്തിരുന്ന ഈ വോട്ടര്‍മാര്‍ 2024ല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും. കാരണം ഇരുപാര്‍ട്ടികളും ബിജെപിയുടെ ബി ടീം ആണെന്നാണ് അവര്‍ കരുതുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്നവര്‍ മനസ്സിലാക്കി കഴിഞ്ഞുവെന്ന് ബ്രിജ്‌ലാല്‍ ഖാബ്രി പറഞ്ഞു. ഞങ്ങള്‍ സംസ്ഥാനത്തെ സാധാരണക്കാരായ വോട്ടര്‍മാരുടെ അടുത്തേക്ക് പോവും. രാജ്യത്ത് ബിജെപി നടപ്പിലാക്കുന്ന വിഭജന രാഷ്ട്രീയത്തെ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ദളിത് സംസ്ഥാന അദ്ധ്യക്ഷനുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. ബിജെപി, എസ്പി, ബിഎസ്പി അദ്ധ്യക്ഷന്‍മാരെല്ലാം പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ബിഎസ്പിയുടെ തകര്‍ച്ച, എസ്പിയുടെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ എന്നിവയെല്ലാം കോണ്‍ഗ്രസിന് തിരിച്ചുവരാനുള്ള അവസരമായാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. ഖാബ്രിയോടൊപ്പം നിസാമുദ്ദീന്‍ സിദ്ദീഖീ, നകുല്‍ ദുബേ, യോഗേഷ് ദിക്ഷീത്, അനില്‍ യാദവ്, അജയ് റായ്, വീരേന്ദ്ര ചൗധരി എന്നിവരെ മേഖല അദ്ധ്യക്ഷന്‍മാരായി നിയമിച്ചിരുന്നു. ഏഴ് സംസ്ഥാന ഭാരവാഹികളില്‍ കുറഞ്ഞത് നാല് പേര്‍ പ്രമുഖ ബിഎസ്പി നേതാക്കളായിരുന്നവരും മന്ത്രിമാരായിരുന്നവരും ആണ്. ഒരു കാലത്ത് മായാവതിയുടെ വിശ്വസ്ഥനായ നിസാമുദ്ദീന്‍ സിദ്ധിഖി സംസ്ഥാനത്തെ പ്രമുഖ മുസ്ലിം രാഷ്ട്രീയ മുഖമാണ്.
കോണ്‍ഗ്രസ് തന്ത്രം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ലക്ഷ്യമാണ്. 403 അംഗ നിയമസഭയില്‍ രണ്ട് സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 2.33% വോട്ടും. നാല് ദശാബ്ദങ്ങള്‍ക്കിടെ കോണ്‍ഗ്രസിന് ഇത്രയും കുറഞ്ഞ സീറ്റ് സംഖ്യയിലേക്ക് വരുന്നത് ആദ്യമായാണ്. ‘പഴയ ദളിത്-മുസ്‌ലിം-ബ്രാഹ്മിണ്‍ ഫോര്‍മുലയില്‍ വിശ്വസിക്കുകയും ചില മായാജാലം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുകയുമല്ലാതെ കോണ്‍ഗ്രസിന് വേറെ മാര്‍ഗമില്ല. ദശകങ്ങളായി സംഘടന സംവിധാനം മോശമായിരിക്കുന്ന കോണ്‍ഗ്രസിന് ഏതെങ്കിലും മറ്റ് പ്രതിപക്ഷ പാര്‍ട്ടിയുടെ ശക്തമായ വോട്ട് ബാങ്ക് ഇങ്ങോട്ട് മറിയുമെന്നതില്‍ മാത്രമാണ് പ്രതീക്ഷയര്‍പ്പിക്കാനാവുക. 2009ല്‍ പഴയ ഫോര്‍മുല പ്രയോഗിച്ചപ്പോള്‍ മികച്ച വിജയമാണ് നേടിയത്’, ; സാമൂഹിക നിരീക്ഷന്‍ സുമിത് കുമാര്‍ പറഞ്ഞു.
2022 നിയമസഭ തെരഞ്ഞെടുപ്പിലേറ്റ വമ്പന്‍ പരാജയത്തിന് പിന്നാലെ പുതിയ ഫോര്‍മുലയില്‍ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസ്. ദളിത് നേതാവ് ബ്രിജ്‌ലാല്‍ ഖാബ്രി അദ്ധ്യക്ഷനായി പുതിയ സംസ്ഥാന നേതൃത്വത്തെ തെരഞ്ഞെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നഷ്ടമായ മുസ്‌ലിം-ദളിത് വോട്ട് ബാങ്ക് തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ്. 1989ലാണ് കോണ്‍ഗ്രസ് സംസ്ഥാനത്തെ അധികാരത്തില്‍ നിന്ന് പുറത്താവുന്നത്. പിന്നീട് 2009ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 80ല്‍ 21 സീറ്റ് നേടി രണ്ടാമതെത്തിയത് ഒഴിച്ച് നിര്‍ത്തിയാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രകടനം താഴേക്കാണ്.