പരമ്പരാഗതവൈരികളായ എ, ഐ ഗ്രൂപ്പുകളുടെ സഖ്യം രൂപപ്പെട്ടു.ചെന്നിത്തലയും ചാണ്ടിയും ഒന്നിച്ചു.പകച്ച് സുധാകരനും സതീശനും..

തിരുവനന്തപുരം: കേരളത്തില്‍ ഇനി ഗ്രൂപ്പ് രാഷ്ട്രീയക്കാരെ കണക്കിൽ എടുക്കേണ്ടെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം . അത് നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് വിഡി സതീശനേയും കെ സുധാകരനേയും നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. ഒടുവില്‍ ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിച്ചതില്‍ ഗ്രൂപ്പ് താത്പര്യങ്ങള്‍ പരിഗണിക്കാതിരുന്നതും അതുകൊണ്ട് തന്നെ.എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങള്‍ ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആണ് ആവിഷ്‌കരിക്കുന്നത്. പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ മാത്രമേ അച്ചടക്ക ലംഘനത്തിന്റെ പരിധിയില്‍ വരൂ എന്നുള്ളതുകൊണ്ട് രഹസ്യ നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് ഇരു ഗ്രൂപ്പുകളും. നേതാക്കളുടെ കൂറുമാറ്റം ഒഴിവാക്കാനും ചില പദ്ധതികള്‍ ഒരുക്കിയിരിക്കുകയാണ് എ, ഐ ഗ്രൂപ്പുകള്‍.അതേസമയം ലീഡർ ആകരുണാകരനെയും തന്നയേയും വേട്ടയാടിയ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും കിട്ടിയ അവസരത്തിൽ വേട്ടയാടി തകർക്കാൻ കെ മുരളീധരൻ ശക്തമായ കരുനീക്കം തുടങ്ങി .

പതിറ്റാണ്ടുകളായി സംസ്‌ഥാനത്തു കോണ്‍ഗ്രസിനെ ചലിപ്പിക്കുകയും നയിക്കുകയും ചെയ്‌ത രണ്ട്‌ പ്രബല ഗ്രൂപ്പുകളെ ദുര്‍ബലമാക്കി പുതിയ ചേരിയുടെ ഉദയം. എ.കെ. ആന്റണിയില്‍നിന്ന്‌ ഏറ്റുവാങ്ങി ഉമ്മന്‍ ചാണ്ടി കൊണ്ടുനടക്കുന്ന എ ഗ്രൂപ്പിനെയും കെ. കരുണാകരനില്‍നിന്നു രമേശ്‌ ചെന്നിത്തല ഏറ്റെടുത്ത ഐ ഗ്രൂപ്പിനെയുമാണു പുതിയ അച്ചുതണ്ട്‌ ആകെയുലച്ചത്‌.ഇതോടെ ഔദ്യോഗികനേതൃത്വമെന്ന പുതിയ ശാക്‌തികചേരിക്കെതിരേ പിടിച്ചുനില്‍ക്കാന്‍ പരമ്പരാഗതവൈരികളായ എ, ഐ ഗ്രൂപ്പുകളുടെ സഖ്യം രൂപപ്പെട്ടു. ഡി.സി.സി. അധ്യക്ഷപ്പട്ടികയിലേറ്റ പരുക്ക്‌ കെ.പി.സി.സി. ഭാരവാഹിപ്പട്ടികയില്‍ ആവര്‍ത്തിക്കാതിരിക്കാനാണു രണ്ടും കല്‍പ്പിച്ചുള്ള നീക്കം. സെപ്‌റ്റംബര്‍ അവസാനം കെ.പി.സി.സി. ഭാരവാഹികളെ നിശ്‌ചയിക്കാനാണു ഹൈക്കമാന്‍ഡ്‌ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാല്‌ ഉപാധ്യക്ഷന്‍മാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 25 നിര്‍വാഹകസമിതിയംഗങ്ങള്‍ എന്നിവരെയാണു കണ്ടെേത്തണ്ടത്‌. എങ്ങനെയും കെ.പി.സി.സി. തിരിച്ചുപിടിക്കുകയാണു ഗ്രൂപ്പുകളുടെ ലക്ഷ്യം. എന്നാല്‍, സാഹചര്യം അനുകൂലമല്ല. കെ.സി. വേണുഗോപാല്‍-കെ. സുധാകരന്‍-വി.ഡി. സതീശന്‍ അച്ചുതണ്ട്‌ എ, ഐ ഗ്രൂപ്പുകളില്‍നിന്നു നിരവധി നേതാക്കളെ അടര്‍ത്തിയെടുത്ത്‌ പുതിയ സമവാക്യം രൂപപ്പെടുത്തിക്കഴിഞ്ഞു.

പഴയ ഗ്രൂപ്പുകളിലേക്കു തിരിച്ചുപോകില്ലെന്ന്‌ ഉറപ്പുനല്‍കിയവരാണു പുതിയ ഡി.സി.സി. അധ്യക്ഷന്‍മാരില്‍ ഭൂരിപക്ഷവും.ഡി.സി.സി. പ്രസിഡന്റ്‌ പട്ടിക പുറത്തുവരുമ്പോള്‍ വന്‍പൊട്ടിത്തെറികള്‍ നേതൃത്വം പ്രതീക്ഷിച്ചിരുന്നു. അതു മുന്‍കൂട്ടിക്കണ്ടാണ്‌ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പ്രതികരിച്ചതിനു പിന്നാലെ കെ. മുരളീധരനെ രംഗത്തിറക്കിയത്‌. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്‌തനായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പട്ടിക മികച്ചതാെണന്ന പ്രതികരണമാണു നടത്തിയത്‌. താന്‍ ഇപ്പോഴും എ ഗ്രൂപ്പിന്റെ ഭാഗമാണെന്ന്‌ ആവര്‍ത്തിക്കുമ്പോഴും തിരുവഞ്ചൂരിന്റെ ചുവടുമാറ്റം ഗ്രൂപ്പുകള്‍ക്ക്‌ ആഘാതമായി.

ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചതില്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ല എന്ന പരാതിയാണ് എ, ഐ ഗ്രൂപ്പുകള്‍ക്കുള്ളത്. നിലവില്‍ അധ്യക്ഷസ്ഥാനത്തേക്ക് എത്തിയവര്‍ എല്ലാവരും ഗ്രൂപ്പുകളുടെ ഭാഗമായിരുന്നെങ്കിലും ഭൂരിപക്ഷം പേരും ഇപ്പോള്‍ ആ സമവാക്യങ്ങള്‍ക്ക് പുറത്താണ് ഗ്രൂപ്പ് നേതാക്കളുടെ താത്പര്യം പരിഗണിക്കപ്പെടാതെ ആയിരുന്നു പുതിയ നേതൃത്വം ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണയും പുതിയ നേതൃത്വത്തിന് ലഭിച്ചിരുന്നു. ഡിസിസി, കെപിസിസി പുന:സംഘടനയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലില്‍ ആണ് എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഇപ്പോള്‍.

ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ പുതിയ നേതൃത്വം അല്‍പം പകച്ചിട്ടും ഉണ്ട്. സമവായത്തിന്റെ വഴിയിലൂടെ അല്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ലെന്ന വിലയിരുത്തലില്‍ ആണ് അവരും. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കൂടിയാലോചിച്ച് മാത്രമേ പുന:സംഘടന നടത്തൂ എന്ന് കെ സുധാകരന്‍ സൂചിപ്പിച്ചിട്ടുണ്ട്. അത്തരമൊരു നിര്‍ദ്ദേശം ഹൈക്കമാന്‍ഡില്‍ നിന്നും എത്തിയിട്ടുണ്ട് എന്നാണ് സൂചന.

ഇതോടെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. ബൂത്ത് തലം മുതല്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആണ് ഇരു ഗ്രൂപ്പുകളും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുവഴി എല്ലാ തലങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കാന്‍ ആകുമെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ വലിയിരുത്തുന്നത്. എന്നാല്‍, ഡിസിസി, കെപിസിസി പുന:സംഘടനയിലും ഇപ്പോഴത്തെ രീതി ആവര്‍ത്തിച്ചാല്‍ അത് വലിയ തിരിച്ചടി സൃഷ്ടിക്കും. അങ്ങനെ വന്നാല്‍ ശക്തമായ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഇപ്പോഴത്തെ ഗ്രൂപ്പ് പുനരുജ്ജീവനത്തിന് പിന്നില്‍. മുന്‍ കാലങ്ങളില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ചിരവൈരികള്‍ ആയിരുന്നു. പരസ്പരമുള്ള പോരാട്ടത്തിലായിരുന്നു ഓരോ ദിവസവും കടന്നുപോയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല സ്ഥിതി. പല വിഷയങ്ങളിലും ഒന്നിച്ചുമുന്നോട്ട് പോകാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറായിരിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നത് മുതല്‍ ഇത്തരമൊരു സമവായം പ്രകടമായിരുന്നു. എ ഗ്രൂപ്പും ഐ ഗ്രൂപ്പും പരസ്പരം പോരടിയ്ക്കുന്ന ഒരു കാഴ്ച നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരള രാഷ്ട്രീയത്തില്‍ കണ്ടതുമില്ല. ഗ്രൂപ്പ് പിളര്‍ത്തി നേതാക്കളെ പുതിയ നേതൃത്വത്തിന് കീഴിലേക്ക് കൊണ്ടുപോകുന്നു എന്നതാണ് എ ഗ്രൂപ്പും ഐ ഗ്രൂപ്പും നേരിടുന്ന വലിയ പ്രതിസന്ധി. എന്നാല്‍ അതിനെ മറികടക്കാനും പുന:സംഘടനയെ ഉപയോഗിക്കാനാണ് പദ്ധതി. ഗ്രൂപ്പ് പ്രതിനിധിയായി പുന:സംഘടനയില്‍ പരിഗണിക്കപ്പെടണമെങ്കില്‍ വിശ്വാസ്യതയോടെ കൂടെ നിന്നേ മതിയാവൂ എന്നാണ് അന്ത്യശാസനം. ഇക്കാര്യം രണ്ടാം നിര നേതാക്കള്‍ മുതല്‍ താഴെ തട്ടിലുള്ളവരെ അറിയിച്ചിട്ടും ഉണ്ട്.

പുതിയ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്കെത്താന്‍ സമയമെടുക്കും എന്നതുകൊണ്ട് തന്നെ മധ്യനിര നേതാക്കള്‍ എല്ലാവരും ഗ്രൂപ്പുകള്‍ക്കൊപ്പം തന്നെ നിലകൊള്ളും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പിളര്‍പ്പുണ്ടാക്കാന്‍ ആയി എന്നതാണ് പുതിയ നേതൃത്വത്തിന്റെ വലിയ നേട്ടം. എ ഗ്രൂപ്പിലെ ശക്തരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ടി സിദ്ദിഖിനേയും വരെ കൂടെ നിര്‍ത്താന്‍ പുതിയ നേതൃത്വത്തിന് സാധിച്ചു. ഐ ഗ്രൂപ്പില്‍ ആണെങ്കില്‍ ശൂരനാട് രാജശേഖരനെ പോലുള്ളവര്‍ മറുകടണ്ടം ചാടി. ഇനിയും ഇത്തരം ചില ‘കൂറുമാറ്റങ്ങള്‍’ ഉണ്ടാകുമെന്ന് രണ്ട് ഗ്രൂപ്പുകളും പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ എ ഗ്രൂപ്പിന്റെ ഭാഗവും പിന്നീട് ഐ ഗ്രൂപ്പിനോട് അടുപ്പവും പ്രകടിപ്പിച്ച കൊടിക്കുന്നില്‍ സുരേഷ് എല്ലാം പുതിയ നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും സമ്പൂര്‍ണ പിന്തുണയര്‍പിച്ച് രംഗത്ത് വന്നിട്ടും ഉണ്ട്. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിറകെ ആയിരുന്നു പരസ്യ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്ത് വന്നത്.

സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രതികരണം. പതിവില്‍ നിന്ന് വിഭിന്നമായി രണ്ട് നേതാക്കളേയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു കെ സുധാകരനും വിഡി സതീശനും പ്രതികരിച്ചത്. ഇത് പാര്‍ട്ടി അണികളില്‍ തന്നേയും വലിയ ആശയക്കുഴപ്പമുണ്ടാക്കി. മുതിര്‍ന്ന നേതാക്കളുമായി പരസ്യ പോരിലേക്ക് കാര്യങ്ങള്‍ നീങ്ങുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്തു. അതിനിടെയാണ് പട്ടികയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരും കെപിസിസി സെക്രട്ടറി കെപി അനില്‍കുമാറും നെടുമങ്ങാട്ടെ സ്ഥാനാര്‍ത്ഥിയായിരുന്ന പിഎസ് അനിലും രംഗത്ത് വന്നത്. മൂവരേയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പിഎസ് പ്രശാന്തിനെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഇത്രയും വേഗത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുന്ന ഒരു കീഴ് വഴക്കം കോണ്‍ഗ്രസില്‍ പതിവില്ലാത്തതായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള സര്‍വ്വസ്വാതന്ത്ര്യം സുധാകരനും സതീശനും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട് എന്നതിനുള്ള തെളിവായിരുന്നു ഈ അച്ചടക്ക നടപടികള്‍. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വരെ ഭീഷണിപ്പെടുത്തുക എന്നൊരു ലക്ഷ്യവും ഈ തീരുമാനങ്ങള്‍ക്ക് പിറകില്‍ ഉണ്ടായിരുന്നു എന്നൊരു അണിയറ സംസാരവും കോണ്‍ഗ്രസിനകത്തുണ്ട്.

Top