കെ. സുധാകരന് സംഘപരിവാർ മനസ് !ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തപ്പോൾ പയ്യാമ്പലം ബീച്ച് മലിനമായെന്ന് പറഞ്ഞ ആളാണ് കെ. സുധാകരൻ – കെ.പി അനില്‍കുമാര്‍

കോഴിക്കോട് : കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ കെ.പി അനില്‍കുമാര്‍. ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തപ്പോൾ പയ്യാമ്പലം ബീച്ച് മലിനമായെന്ന് പറഞ്ഞ ആളാണ് കെ.സുധാകരന്‍. ആ സുധാകരനാണ് ഇപ്പോള്‍ കെപിസിസി അധ്യക്ഷനെന്നും കെ. പി അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.കാര്യങ്ങള്‍ പറയുമ്പോള്‍ സ്വയം പരിശോധിക്കുന്നത് നല്ലതാണെന്നും അച്ചടക്കത്തെ കുറിച്ച് പറയാന്‍ കെ മുരളീധരന്‍ എംപിക്ക് എന്ത് അര്‍ഹതയാണ് ഉള്ളതെന്നും അനില്‍കുമാര്‍ ചോദിക്കുന്നു.

കോണ്‍ഗ്രസിന്റെ പ്രസിഡണ്ടിനെ മദാമ്മയെന്ന് വിളിച്ച, അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ച, എകെ ആന്റണിയെ മുക്കാലില്‍കെട്ടി അടിക്കണമെന്ന് പറഞ്ഞ മുരളീധരനാണോ എന്ന അച്ചടക്കം പഠിക്കുന്നത്. ഇനി എന്നെ വിട്ടേക്കു. നിങ്ങള്‍ വീതം വെക്കുകയോ തമ്മിലടിക്കുകയോ കുത്തിമരിക്കുകയോ ചെയ്യൂ. മഹത്തായി പൊതുപ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയില്‍ ആണ് ഉള്ളത്. എന്റെ ദേഹത്തേക്ക് കയറരുത്. എന്റെ നാക്ക് ഒട്ടുമോശമല്ല, പഴയപോലെയല്ല, പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയില്ലാതെ പത്രക്കാരെ കാണാന്‍ കഴിയില്ല. ഞാനും എന്റെ സ്വാഭാവം ഒക്കെ മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മൈക്ക് കൊണ്ടുവരുമ്പോള്‍ അഭിപ്രായം പറയാന്‍ പറ്റില്ല. പാര്‍ട്ടി ആലോചിച്ച് പറയണം.’ കെപി അനില്‍ കുമാര്‍ പറഞ്ഞു.

കെ. സുധാകരന് സംഘപരിവാർ മനസാണെന്നും കെ.പി അനില്‍കുമാര്‍ തുറന്നടിച്ചു,
ബി ജെ പിയിൽ പോയാൽ എന്താണ് എന്നാണ് സുധാകരൻ മുൻപ് ചോദിച്ചത്. അത്തരത്തിൽ ഒരാൾ കെപിസിസി പ്രസിഡൻ്റ് ആയാൽ ന്യൂനപക്ഷങ്ങൾക്ക് നീതി ലഭിക്കുമോയെന്നും അനില്‍കുമാര്‍ ചോദിച്ചു. കെ സി വേണുഗോപാൽ, വി ഡി സതിശൻ, സുധാകരൻ എന്നിവർ കോൺഗ്രസിൻ്റെ ശാപമാണെന്നും അദ്ദേഹം പറഞ്ഞു.കെപിസിസിയുടെ സംഘടന ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിബന്ധം അവസാനിപ്പിക്കും മുമ്പ് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അനില്‍കുമാര്‍ കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.

Top